ബ്ലാസ്‌റ്റേഴ്‌സിനൊപ്പം തന്റെ പേര് കേള്‍ക്കുന്നത് തന്നെ അഭിമാനം, വിക്ടര്‍ മോങ്കില്‍ തുറന്ന് പറയുന്നു

ഏറെ നാളായി ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്ന ഒരു റൂമറുകളിലൊന്നാണ് എടികെ കൊല്‍ക്കത്തയുടെ താരമായ വിക്ടര്‍ മോങ്കില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തിയേക്കുമെന്നത്. മോങ്കിലുമായി ബ്ലാസ്‌റ്റേഴ്‌സ് ചര്‍ച്ചകള്‍ നടത്തുന്നതായി മാസങ്ങള്‍ക്ക് മുമ്പ് തന്നെ വിവധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.

എടികെയിലേക്ക് പോകുന്ന തിരിയുടെ പകരക്കാരനായാണ് വിക്ടര്‍ മോങ്കിളിനെ പരിശീലകന്‍ കിബു  വികുനാ കണക്കാക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഒടുവില്‍ ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ച രംഗത്തെത്തിയിരിക്കുകയാണ് സ്പാനിഷ് താരം തന്നെ. സോക്കര്‍ ഗ്രാം ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മോങ്കില്‍ റൂമറുകളെ കുറിച്ച് പ്രതികരിച്ചത്.

‘ഞാനും മാധ്യമങ്ങളില്‍ നിന്നും ആരാധകരില്‍ നിന്നുമെല്ലാം കേട്ടിട്ടുണ്ട് കേരള ബ്ലാസ്റ്റേഴ്‌സുമായി ഞാന്‍ ചര്‍ച്ച നടത്തുന്നു എന്ന വാര്‍ത്ത. ഈ റൂമര്‍ കേട്ടപ്പോള്‍ എനിക്ക് ശരിക്കും അഭിമാനമാണ് തോന്നിയത്. കാരണം ഐഎസ്എല്ലിലെ അവിശ്വസനീയ ക്ലബാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് കൂടുതലൊന്നും പറയാന്‍ എനിക്ക് കഴിയില്ല. എന്റെ ആഗ്രഹം ഐഎസ്എല്ലിലേക്ക് മടങ്ങണം എന്നും അവിടെ മികച്ച പ്രകടനം കാഴ്ച്ചവെക്കണമെന്നുമാണ്’ മോങ്കില്‍ പറയുന്നു.

കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ പ്രശംസകൊണ്ട് മൂടാനും മോങ്കില്‍ മറന്നില്ല. എടികെ ആരാധകര്‍ കഴിഞ്ഞാല്‍ തന്നെ സന്തോഷിപ്പിച്ച ആരാധകര്‍ ബ്ലാസ്റ്റേഴ്‌സിന്റേതാണെന്നും അവര്‍ അവരുടെ ക്ലബിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണൈന്നും മോങ്കില്‍ വിലയിരുത്തുന്നു. മുംബൈ സിറ്റി എഫ്‌സിയുടേയും ജംഷഡ്പൂര്‍ എഫ്‌സിയുടേയും ആരാധകരും തന്നെ അത്ഭുതപ്പെടുത്തിയതായി മോങ്കില്‍ കൂട്ടിചേര്‍ത്തു.

കഴിഞ്ഞ സീസണിന്റെ പകുതിയില്‍ വെച്ചാണ് വിക്ടര്‍ മോങ്കില്‍ എടികെയുടെ ഒപ്പം ചേര്‍ന്നത്. എടികെ പ്രതിരോധത്തില്‍ പരിക്കിനെ അഭിമുഖീകരിച്ചതിനെ തുടര്‍ന്നാണ് വിക്ടര്‍ മോങ്കിലിനെ ഹബാസ് ടീമിലെത്തിച്ചത്. എട്ട് മത്സരങ്ങളാണ് മോങ്കില്‍ കൊല്‍ക്കത്തയ്ക്കായി കളിച്ചത്. അവരെ കിരീട വിജയത്തിലെത്തിക്കുന്നതില്‍ സുപ്രധാന പങ്കാണ് മോങ്കില്‍ വഹിച്ചത്.

റിയല്‍ വല്ലഡോലിഡ് ക്ലബ്ബിന്റെ ബി ടീമിന് വേണ്ടി കളിച്ച വിക്ടര്‍ മോങ്കില്‍ പിന്നീട് 2011-12 സീസണില്‍ അവരുടെ സീനിയര്‍ ടീമിന് വേണ്ടി 7 മത്സരങ്ങള്‍ കളിച്ചു. പിന്നീട് അത്‌ലറ്റികോ മാഡ്രിഡ് ബി ടീമിന് വേണ്ടി 2 വര്‍ഷം കളിക്കുകയും ചെയ്തു.

മുന്‍ സ്‌പെയിന്‍ അണ്ടര്‍ 17 ദേശിയ  താരമായ വിക്ടര്‍, സ്പാനിഷ് ലോവര്‍ ഡിവിഷന്‍ ക്ലബ്ബ്കളായ ലെവാന്റെ ബി, ആല്‍ക്കൊയാനൊ, പോന്റെവെദ്ര തുടങ്ങിയ ടീമുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. തുടര്‍ന്ന് ജോര്‍ജിയയിലെ ടോപ് ഡിവിഷന്‍ ക്ലബ്ബായ ദിനാമോ ടിബിലിസി ക്ലബ്ബില്‍ ചേരുകയും, യുവേഫ യൂറോപ്പ ലീഗ് ക്വാളിഫൈഴ്‌സില്‍ അവര്‍ക്ക് വേണ്ടി കളിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് എടികെയിലേക്ക് അദ്ദേഹം എത്തിയത്.

You Might Also Like