താരങ്ങളുടെ പ്രതിഫലം കുറക്കുന്നത് എന്തുകൊണ്ട്? വിശദീകരണവുമായി കരോളിസ്
കേരള ബ്ലാസ്‌റ്റേഴ്‌സ് വിടാന്‍ ശ്രമിക്കുന്ന പല സൂപ്പര്‍ താരങ്ങളും പരോക്ഷമായി ആരോപിക്കുന്ന ഒരു കാര്യമാണ് ബ്ലാസ്റ്റേഴ്‌സ് വേതനം കുറക്കാന്‍ ആവശ്യപ്പെടുന്നു എന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ താരങ്ങളോടാണ് ആദ്യ ഘട്ടത്തില്‍ നേരത്തെയുണ്ടായ വേതനം കുറക്കാന്‍ മാനേജുമെന്റ് ആവശ്യപ്പെട്ടത്.
ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ ബെര്‍ത്തലോമ ഓഗ്‌ബെചെ അടക്കമുളള താരങ്ങള്‍ മറ്റ് ക്ലബുകളുമായി ചര്‍ച്ചകളും ആരംഭിച്ചു. സിഡോച, മെസി ബൗളി തുടങ്ങി താരങ്ങളെല്ലാം തന്നെ പുതിയ മേച്ചില്‍ പുറം തേടിയുളള അമ്പേഷണത്തിലാണ്. ബ്ലാസ്റ്റേഴ്‌സുമായി ഈ സീസണില്‍ കരാര്‍ ഒപ്പിട്ട തിരിയാകട്ടെ കളിക്കും മുമ്പെ എടികെയിലേക്ക് തിരിച്ചുപോകുകയും ചെയ്തു.
എന്നാല്‍ എന്തുകൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങളോട് പ്രതിഫലം കുറക്കാന്‍ ആവശ്യപ്പെട്ടതെന്ന് സ്‌പോട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസ് കഴിഞ്ഞ ദിവസം വിശദീകരിച്ചു. പ്രമുഖ കായിക മാധ്യമമായ ഖേല്‍നൗവിന് അനുവദിച്ച അഭിമുഖത്തിലാണ് സ്‌കിന്‍കിസ് ഇതിനെ കുറിച്ച് വാചാലനായത്.
‘ഏതൊരു ബിസിനസ്സും പോലെ കോവിഡ് ഫുട്‌ബോള്‍ ബിസിനസിനേയും ബാധിച്ചിട്ടുണ്ട്, ഇന്ത്യയില്‍ മാത്രമല്ല ലോകത്തെമ്പാടും ഇത് തന്നെയാണ് അവസ്ഥ. ഫുട്‌ബോള്‍ ബിസിനസിനെ പിന്തുണയ്ക്കാനും ഇത്രയും വേഗം ഫുട്‌ബോളിനെ പഴയത് പോലെ തിരിച്ചു കൊണ്ടുവരാനും എല്ലാവരുടെയും കൂട്ടായ ശ്രമം ആവശ്യമാണ്. അതിനാല്‍ ലോകമെമ്പാടുമുള്ള ക്ലബ്ബുകള്‍ ഇത്തരത്തില്‍ ബുദ്ധിമുട്ടുള്ള തീരുമാനങ്ങള്‍ എടുത്തുട്ടുണ്ട്.’ വേതനം കുറക്കാനുളള ക്ലബിന്റെ തീരുമാനം കരോളിസ് വിശദീകരിക്കുന്നത് ഇപ്രകാരമാണ്.
താരങ്ങളുടെ കൊഴിഞ്ഞ് പോക്ക് ഒരുതരത്തിലും ബ്ലാസ്‌റ്റേവ്‌സിനെ ബാധിക്കില്ല എന്ന സൂചന നല്‍കാനും സ്‌കിന്‍കിസ് മറന്നില്ല. ക്വാളിറ്റിയുളള താരങ്ങള്‍ വൈകാതെ ബ്ലാസ്‌റ്റേഴ്‌സിലെത്തുമെന്നും കിരീടം നേടാന്‍ പരമാവധി ശ്രമിക്കുമെന്നും സ്‌കിന്‍കിസ് കൂട്ടിചേര്‍ത്തു.