ക്യാപ്റ്റന്റെ വിജയഗോള്‍, ഒഡീഷയെ തകര്‍ത്ത് ഹൈദരാബാദ്
ഐ.എസ്.എല്ലില്‍ ഒഡിഷ എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. ഹൈദരാബാദ് എഫ്.സി. 35-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ക്യാപ്റ്റന്‍ അരിഡാനെ സന്റാനയാണ് ഹൈദരാബാദിന്റെ വിജയ ഗോള്‍ നേടിയത്.
ഹാളിചരണ്‍ നര്‍സാരിയുടെ ഷോട്ട് പെനാല്‍റ്റി ബോക്സില്‍ ഒഡിഷ ക്യാപ്റ്റന്‍ സ്റ്റീവന്‍ ടെയ്ലറുടെ കൈയില്‍ തട്ടിയതിനായിരുന്നു പെനാല്‍റ്റി. ടെയ്ലര്‍ക്ക് ഇതിന് മഞ്ഞക്കാര്‍ഡ് ലഭിക്കുകയും ചെയ്തു.
മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഹൈദരാബാദ് അര്‍ഹിച്ച വിജയമാണ് നേടിയത്. മത്സരം തുടങ്ങി ആദ്യ 15 മിനിറ്റുകള്‍ക്കുള്ളില്‍ നാല് ഗോള്‍ ശ്രമങ്ങള്‍ അവര്‍ നടത്തി. അഞ്ചാം മിനിറ്റില്‍ ലൂയിസ് സാസ്ത്രെയുടെ കോര്‍ണറില്‍ നിന്ന് അരിഡാനെ സന്റാന തൊടുത്ത ഹെഡര്‍ ഒഡിഷ ബോക്സിന് പുറത്തേക്ക് പോയി. ഏഴാം മിനിറ്റില്‍ ബോക്സിന് പുറത്തു നിന്ന് ആകാശ് മിശ്രയുടെ ഷോട്ട് ഒഡിഷ ഗോള്‍കീപ്പര്‍ അര്‍ഷ്ദീപ് സിങ് പിടിച്ചു.
ഹൈദരാബാദ് നിരയില്‍ ഹാളിചരണ്‍ നര്‍സാരിയുടെയും പകരക്കാരനായി എത്തിയ ലിസ്റ്റന്‍ കൊളാകോയുടെയും പ്രകടനം എടുത്തുപറയേണ്ടതാണ്. ഹൈദരാബാദിന്റെ നിരവധി മുന്നേറ്റങ്ങളില്‍ നിര്‍ണായകമായത് ലിസ്റ്റന്റെ പ്രകടനമായിരുന്നു. ഹൈദരാബാദിന്റെ മുന്നേറ്റത്തില്‍ പലപ്പോഴും ഗോള്‍കീപ്പര്‍ അര്‍ഷ്ദീപ് സിങ്ങാണ് ഒഡിഷയ്ക്ക് രക്ഷകനായി ഉണ്ടായത്.
18 ഷോട്ടുകളാണ് ഹൈദരാബാദ് താരങ്ങളുടെ ബൂട്ടില്‍ നിന്നും പിറന്നത്. മറുപടിയായി വെറും ഏഴ് ഷോട്ടുകള്‍ മാത്രമേ ഒഡിഷയുടെ പക്കല്‍ നിന്നും ഉണ്ടായുള്ളൂ. അഞ്ച് ഒഡിഷ താരങ്ങളാണ് മത്സരത്തില്‍ മഞ്ഞക്കാര്‍ഡ് കണ്ടത്.