ഐഎസ്എല്ലിന് വെള്ളിയാഴ്ച്ച നിര്‍ണ്ണായക ദിനം, ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികളെ അറിയാം
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണിന്റെ ഫിക്ചര്‍ വെള്ളിയാഴ്ച്ച പുറത്തിറങ്ങും. വൈകിട്ട് 4.25 ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ യൂട്യൂബ്, ഫെയ്‌സ്ബുക്ക് പേജിലൂടെയായിരിക്കും ഫിക്ചറുകള്‍ പുറത്ത് വിടുക.
നിലവില്‍ നവംബര്‍ 20 മുതല്‍ മാര്‍ച്ച് 23 വരെയാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നടത്തേമെന്ന തീരുമാനിച്ചിരിക്കുന്നത്. ഇത്തവണ മുന്‍ ലീഗുകളില്‍ നിന്ന് വ്യത്യസ്തമായി 11 ടീമുകളാണ് ടൂര്‍ണമെന്റില്‍ ഉളളത്. ഈസ്റ്റ് ബംഗാളാണ് ടൂര്‍ണമെന്റിലെ ഏറ്റവും പുതിയ ടീം. മറ്റൊരു കൊല്‍ക്കത്തന്‍ ടീമായ എടികെ മോഹന്‍ ബഗാനുമായി ലയിച്ചാകും ഇത്തവണ ഐഎസ്എല്ലിന് ഇറങ്ങുക.
ഉദ്ഘാടന മത്സരം ആരെല്ലാം തമ്മിലാകുമെന്നത് നിലവില്‍ സസ്‌പെന്‍സാണ്. മുന്‍ വര്‍ഷത്തെ പോലെ എടികെയും കേരള ബ്ലാസ്റ്റഴ്‌സും തമ്മിലാകുമോ, കൊല്‍ക്കത്തന്‍ ഡെര്‍ബിയാകുമോ എന്നാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഗോവയില്‍ മാത്രമാണ് ഐഎസ്എല്‍ നടക്കുക. കോവിഡ് കാരണം കാണികള്‍ക്കും പ്രവേശനം ഉണ്ടാകില്ല. അതിനാല്‍ തന്നെ ഒരു ടീമിനും ഹോം അഡ്വാന്റേജും ഉണ്ടാകില്ല.
നിലിവില്‍ വന്‍ മുന്നൊരുക്കമാണ് ഐഎസ്എല്‍ ടീമുകളെല്ലാം നടത്തിയിരിക്കുന്നത്. എഫ്‌സി ഗോവ ഒഴികെയുളള എല്ലാ ടീമുകളും ഏഴ് വിദേശ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗോവ ആറ് പേര്‍ക്കാണ് ഇത്തവണ അവസരം നല്‍കിയിരിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് ജീവന്മരണ പോരാട്ടമാണ് ഈ സീസണ്‍. കഴിഞ്ഞ മൂന്ന് സീസണുകളിലെ നിരാശാജനകമായ പ്രകടനത്തെ തുടര്‍ന്ന് എഴുതിതള്ളപ്പെട്ട ബ്ലാസ്റ്റേഴ്‌സിന് മികച്ച പ്രകടനം കാഴ്ച്ചവെച്ച് തിരിച്ചുവന്നേ തീരു. നിലവില്‍ സ്പാനിഷ് പരിശീലകന്‍ കിബു വികൂനയ്ക്ക് കീഴില്‍ മികച്ച ടീമിനെ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് അണിനിരത്തിയിരിക്കുന്നത്.