ഇഷ്ഫാഖിനെ ചവിട്ടി പുറത്താക്കുമ്പോള്‍ മഞ്ഞപ്പട പൊട്ടിച്ചിരിക്കുന്നതെന്തുകൊണ്ട്?
മുന്‍ താരവും ബ്ലാസ്റ്റേഴ്‌സ് സഹപരിശീലകനുമായ ഇഷ്ഫാഖ് അഹമ്മദിനെ ബ്ലാസ്റ്റേഴ്‌സ് പുറത്താക്കുന്നു എന്ന വാര്‍ത്ത ആരാധകര്‍ക്കിടയില്‍ സമ്മിശ്ര വികാരമാണ് ഉണ്ടാക്കുന്നത്. പലരും ഇഷ്ഫാഖിനെ ബ്ലാസ്റ്റേഴ്‌സ് പുറത്താക്കുന്നതിന് സ്വാഗതം ചെയ്യുന്നുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ ട്രാന്‍സ്ഫറുകളെല്ലാം പരാജയപ്പെടാന്‍ കാരണം ഇഷ്ഫാഖാണെന്നാണ് വലിയ വിഭാഗം ആരാധകര്‍ വിശ്വസിക്കുന്നത്.
ഇയാന്‍ ഹ്യൂം, സ്റ്റീഫന്‍ പിയേഴ്‌സണ്‍, ആരോണ്‍ ഹ്യൂസ്, സിഡ്രിക് ഹെങ്ബര്‍ട്ട്, ബര്‍ത്തലോമ്യു ഒഗ്‌ബെച്ച തുടങ്ങിയവരൊഴിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ വിദേശതാരങ്ങളുടെ തിരഞ്ഞെടുപ്പ് വലിയ വിജയമായിരുന്നില്ല. സീസണ്‍ മുമ്പ് വന്‍തുകയ്ക്ക് താരത്തെ കൊണ്ടുവന്ന് രണ്ടാംസീസണില്‍ റിസര്‍വ് ടീമില്‍ കളിപ്പിക്കേണ്ട അവസ്ഥ വരെയുണ്ടായി. ഇതോടെയാണ് ഇഷ്ഫാഖിന്റെ തലതെറിയച്ചത്.
ഇനി കളിക്കാരുടെ തിരഞ്ഞെടുപ്പില്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന സൂചനയാണ് വരുന്നത്. ബ്ലാസ്റ്റേഴ്സിന്റെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച് സുപ്രധാന തീരുമാനങ്ങള്‍ ഒക്കെ ഇഷ്ഫാഖ് ആയിരുന്നു എടുത്തിരുന്നത്. അതിനാല്‍ തന്നെ ബ്ലാസ്റ്റേഴ്സിന്റെ സൂത്രധാരന്‍ എന്നാണ് ഇഷ്ഫാഖ് അറിയിപ്പെട്ടിരുന്നത്. ഇതിനിടെ കേരള ബ്ലാസ്റ്റേഴ്സില്‍ ട്രാന്‍സ്ഫറുകള്‍ നടത്താന്‍ കമ്മീഷന്‍ കൈപറ്റുന്നുണ്ട് എന്ന് മുന്‍ ബ്ലാസ്റ്റേഴ്സ് താരമായിരുന്ന മൈക്കിള്‍ ചോപ്രയുടെ ആരോപണം ഏറെ വിവാദമായിരുന്നു.
തങ്ബോയ് സിങ്ടോ ക്ലബ് വിട്ടപ്പോള്‍ ആണ് ഇഷ്ഫാഖിനെ അസിസ്റ്റന്റ് പരിശീലകനാക്കാന്‍ ക്ലബ് തീരുമാനിച്ചത്. 2014ല്‍ കളിയ്ക്കാരനായെത്തിയ ഇഷ്ഫാഖ് 2017ലാണ് ബ്ലാസ്റ്റേഴ്സ് സഹപരിശീലകനായത്. ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിനായി 25 മത്സരങ്ങളില്‍ കളിച്ച് ഒരു ഗോളും നേടിയിട്ടുണ്ട്.
നേരത്തെ ബ്ലാസ്റ്റേഴ്സ് പരിശീലകനായ കോപ്പലിന്റെ വിശ്വസ്തനായ കൂട്ടാളിയായിരുന്നു ഇഷ്ഫാഖ്. കോപ്പല്‍ ജംഷഡ്പൂരിലേക്ക് മാറിയപ്പോള്‍ ഒരു സീസണില്‍ ഇഷ്ഫാഖും ജംഷഡ്പൂര്‍ സഹപരിശീലകന്‍ ആയിരുന്നു.