ട്രാന്‍സ്ഫര്‍ സൂത്രധാരനേയും പുറത്താക്കി, ഞെട്ടിച്ച് ബ്ലാസ്റ്റേഴ്‌സ്

Image 3
FootballISL

മുന്‍ താരവും സഹപരിശീലകനുമായിരുന്ന ഇഷ്ഫാഖ് അഹമ്മദിനേയും കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ മാനേജുമെന്റ് പുറത്താക്കി. ബ്ലാസ്റ്റേഴ്‌സ് സി.ഇ.ഒ വീരന്‍ ഡിസില്‍വയെ മാറ്റിയതിന് പിന്നാലെയാണ് ഇഷ്ഫാഖിനേയും പുറത്താക്കാന്‍ ബ്ലാസ്റ്റേഴ്‌സ് തീരുമാനിച്ചത്. ഇതോടെ ഐഎസ്എല്ലിന്റെ തുടക്കം മുതല്‍ ബ്ലാസ്‌റ്റേഴ്‌സുമായി ബന്ധപ്പെട്ടിരുന്ന മറ്റൊരു താരത്തെ കൂടിയാണ് ബ്ലാസ്റ്റേഴ്‌സ് വിടുന്നത്.

ബ്ലാസ്റ്റേഴ്‌സിന്റെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച് സുപ്രധാന തീരുമാനങ്ങള്‍ ഒക്കെ ഇഷ്ഫാഖ് ആയിരുന്നു എടുത്തിരുന്നത്. അതിനാല്‍ തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ സൂത്രധാരന്‍ എന്നാണ് ഇഷ്ഫാഖ് അറിയിപ്പെട്ടിരുന്നത്. ഇതിനിടെ കേരള ബ്ലാസ്റ്റേഴ്‌സില്‍ ട്രാന്‍സ്ഫറുകള്‍ നടത്താന്‍ കമ്മീഷന്‍ കൈപറ്റുന്നുണ്ട് എന്ന് മുന്‍ ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന മൈക്കിള്‍ ചോപ്രയുടെ ആരോപണം ഏറെ വിവാദമായിരുന്നു.

തങ്‌ബോയ് സിങ്‌ടോ ക്ലബ് വിട്ടപ്പോള്‍ ആണ് ഇഷ്ഫാഖിനെ അസിസ്റ്റന്റ് പരിശീലകനാക്കാന്‍ ക്ലബ് തീരുമാനിച്ചത്. 2014ല്‍ കളിയ്ക്കാരനായെത്തിയ ഇഷ്ഫാഖ് 2017ലാണ് ബ്ലാസ്റ്റേഴ്‌സ് സഹപരിശീലകനായത്. ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സിനായി 25 മത്സരങ്ങളില്‍ കളിച്ച് ഒരു ഗോളും നേടിയിട്ടുണ്ട്.

നേരത്തെ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകനായ കോപ്പലിന്റെ വിശ്വസ്തനായ കൂട്ടാളിയായിരുന്നു ഇഷ്ഫാഖ്. കോപ്പല്‍ ജംഷഡ്പൂരിലേക്ക് മാറിയപ്പോള്‍ ഒരു സീസണില്‍ ഇഷ്ഫാഖും ജംഷഡ്പൂര്‍ സഹപരിശീലകന്‍ ആയിരുന്നു.