ഇഷ്ഫാഖ് എങ്ങനെ വീണ്ടും അസിറ്റന്റ് കോച്ചായി? ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍

Image 3
FootballISL

ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്കിടയില്‍ അത്ര പ്രിയങ്കരനായ പരിശീലകനല്ല ഇഷ്ഫാഖ് അഹമ്മദ്. ബ്ലാസ്റ്റേഴ്‌സിന്റെ തുടക്കം മുതല്‍ ഒരു നിഴല് പോലെ കൂടെയുണ്ടായ ഇഷ്ഫാഖിന് പലപ്പോഴും ബ്ലാസ്‌റ്റേഴ്‌സിന്റെ തകര്‍ച്ചയില്‍ ആരാധകരുടെ കൈയ്യില്‍ നിന്നും പഴികേള്‍ക്കാറുണ്ട്. വിദേശ താരങ്ങളേയും ഇന്ത്യന്‍ താരങ്ങളേയും റിക്രൂട്ട് ചെയ്യുന്നതില്‍ ബ്ലാസ്റ്റേഴ്‌സിലെ അവസാന വാക്ക് ഇഷ്ഫാഖ് ആണ് എന്നതാണ് അതിന് കാരണം.

പുതിയ സീസണില്‍ ഇഷ്ഫാഖ് തുടരില്ലെന്ന് നിരവധി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ എല്ലാവരേയും അമ്പരപ്പിച്ച് കൊണ്ട് ഇഷ്ഫാഖുമായി മൂന്ന് വര്‍ഷത്തെ കൂടി കരാര്‍ നീട്ടിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. ഇതോടെ തുടര്‍ന്നുളള വര്‍ഷങ്ങളിലും ബ്ലാസ്്‌റ്റേഴ്‌സിന്റെ മുഖഛായ നിര്‍മ്മിക്കുന്നതിന് ഈ കശ്മീര്‍ താരത്തിന് നിര്‍ണ്ണായക പങ്കാണ് കൈവന്നിരിക്കുന്നത്.

ആറ് സീസണിനിടെ ഒന്‍പത് പരിശീലകരുടെ തലയുരുണ്ട ബ്ലാസ്റ്റേഴ്‌സില്‍ ഇഷ്ഫാഖ് മാനേജുമെന്റിന്റെ വിശ്വസ്തനായി ഇപ്പോഴും തുടരുന്നത് ചുരുളഴിയാത്ത രഹസ്യമാണ്. മുന്‍ ബ്ലാസ്റ്റേഴ്സ് താരം മൈക്കല്‍ ചോപ്ര ഇഷ്ഫാഖ് താരങ്ങളെ റിക്രൂട്ട് ചെയ്യുന്നതിന് പണം കമ്മീഷനായി വാങ്ങാറുണ്ടെന്ന് ആരോപിച്ചിരുന്നു. എന്നാല്‍ ഇഷ്ടഫാഖിന് സംരക്ഷിക്കുന്ന നിലപാടാണ് മാനേജുമെന്റ് കൈകൊണ്ടത്. ഇഷ്ഫാഖിലുളള വിശ്വാസം മാനേജുമെന്റിന് എത്രത്തോളം ഉണ്ടായിരുന്നു എന്ന് വ്യക്തമായ സംഭവമായിരുന്നു അത്.

ബ്ലാസ്റ്റേഴ്സിന്റെ ട്രാന്‍സ്ഫറുകളെല്ലാം പരാജയപ്പെടാന്‍ കാരണം ഇഷ്ഫാഖാണെന്നാണ് വലിയ വിഭാഗം ആരാധകര്‍ വിശ്വസിക്കുന്നത്. ഇയാന്‍ ഹ്യൂം, സ്റ്റീഫന്‍ പിയേഴ്സണ്‍, ആരോണ്‍ ഹ്യൂസ്, സിഡ്രിക് ഹെങ്ബര്‍ട്ട്, ബര്‍ത്തലോമ്യു ഒഗ്ബെച്ച തുടങ്ങിയവരൊഴിച്ചാല്‍ ബ്ലാസ്റ്റേഴ്സിന്റെ വിദേശതാരങ്ങളുടെ തിരഞ്ഞെടുപ്പ് വലിയ വിജയമായിരുന്നില്ലെന്ന് ആരാധകര്‍ ആരോപിക്കുന്നുന്നു. സീസണ്‍ മുമ്പ് വന്‍തുകയ്ക്ക് താരത്തെ കൊണ്ടുവന്ന് രണ്ടാംസീസണില്‍ റിസര്‍വ് ടീമില്‍ കളിപ്പിക്കേണ്ട അവസ്ഥ വരെയുണ്ടായതായും ആരാധകര്‍ ചൂണ്ടികാണിക്കുന്നു.

എന്നാല്‍ ഇഷ്ഫാഖിനെ കുറിച്ച് മറ്റൊന്നാണ് മാനേജുമെന്റ് ഭാഷ്യം. മികച്ച ഇന്ത്യന്‍ താരങ്ങളെ സ്‌കൗട്ട് ചെയ്യാന്‍ ഉള്ള പ്രത്യേക കഴിവ് ഇഷ്ഫാഖിനുണ്ടെന്നും വരുന്ന സീസണിലേക്ക് ഒരുപിടി മികച്ച യുവ താരങ്ങളെയാണ് ഇഷ്ഫാഖ് അഹമ്മദിന്റെ നേതൃത്വത്തില്‍ ടീമില്‍ എത്തിച്ചു കൊണ്ടിരിക്കുന്നതെന്നും മാനേജുമെന്റ് അവകാശപ്പെടുന്നു.

നേരത്തെ എല്‍ക്കോയുടെയും വിശ്വസ്തന്‍ തന്നെയായിരുന്നു ഇഷ്ഫാഖ്. താരങ്ങളെ റിക്രൂട്ട് ചെയ്യുന്നതില്‍ മാത്രമല്ല അസിസ്റ്റന്റ് കോച്ച് എന്ന റോള്‍ ഭംഗിയായി നിര്‍വഹിക്കുകയും ചെയ്യുന്നുണ്ട്. ബ്ലാസ്റ്റേഴ്‌സ് റിസര്‍വ് ടീമിലേകും മികച്ച യുവതാരങ്ങളെ എത്തിക്കുന്നതില്‍ ഇഷ്ഫാക്കിന്റെ പങ്ക് വലുതാണെന്നും മാനേജുമെന്റ് വൃത്തങ്ങള്‍ പറയുന്നു.