വീണ്ടും വന്‍ ട്വിസ്റ്റ്, ട്രാന്‍സ്ഫറുകളുടെ സൂത്രധാരന്‍ ബ്ലാസ്റ്റേഴ്‌സില്‍ തുടരും

Image 3
FootballISL

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ സഹ പരിശീലകനായി മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം ഇഷ്ഫാക്ക് അഹമ്മദ് തുടരും. മൂന്ന് വര്‍ഷത്തേക്കാണ് ക്ലബ്ബ് കരാര്‍ വിപുലീകരിച്ചിരിക്കുന്നത്.ശ്രീനഗറില്‍ നിന്നുള്ള പരിചയസമ്പന്നനായ പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരമായ ഇഷ്ഫാക്ക് രാജ്യത്തെ മികച്ച ഐ-ലീഗ്, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ്ബുകള്‍ക്കായി കളിച്ചിട്ടുണ്ട്.

2014 ല്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായി ചേര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അദ്ദേഹം പ്ലെയറും സഹ പരിശീലകനായി തുടര്‍ന്നു. ബി-ലെവല്‍ എ.എഫ്.സി കോച്ചിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് പൂര്‍ത്തിയാക്കിയ വൈവിധ്യമാര്‍ന്ന കശ്മീരി ഫുട്ബോള്‍ താരമായ ഇഷ്ഫാക്ക് ഐഎസ്എല്‍ ആറാം സീസണില്‍ (2019-20) ക്ലബില്‍ തിരിച്ചെത്തി.

ഐഎസ്എല്ലില്‍ രണ്ടുതവണ ഫൈനലിസ്റ്റുകളായ ടീമിന്റെ ഭാഗമായിരുന്ന ഇഷ്ഫാക്ക് പ്രീ ഒളിമ്പിക്, ലോകകപ്പ് യോഗ്യതാ റൗണ്ടുകള്‍ ഉള്‍പ്പെടെ നിരവധി തവണ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

‘ഒരു കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും ഈ മികച്ച ക്ലബ്ബിനെ സേവിക്കാന്‍ എനിക്ക് അവസരം നല്‍കിയതിന് മാനേജ്‌മെന്റിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ യാത്ര ഇതുവരെ ആവേശകരമായിരുന്നു, വരാനിരിക്കുന്ന സീസണിലേക്ക് പുതിയ പരിശീലകനോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഒരുമിച്ച്, ക്ലബിന്റെ ലക്ഷ്യങ്ങള്‍ നടപ്പിലാക്കാനും കൂടുതല്‍ ഉയരങ്ങളിലെത്തിക്കാനും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു ”ഇഷ്ഫാക്ക് പ്രത്യാശപ്രകടിപ്പിച്ചു.

”ഇഷ്ഫാക്കിന്റെ സമ്പന്നമായ അനുഭവവും ഫലപ്രദമായ മാര്‍ഗ്ഗനിര്‍ദ്ദേശവും പ്രൊഫഷണല്‍ പ്രതിബദ്ധതയും ടീമിന് വലിയ മൂല്യമാണ് നല്‍കുന്നത്. ടീമിനായുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെ ക്ലബ് പിന്തുണയ്ക്കുന്നത് തുടരും. ‘ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറയുന്നു.