പതിനഞ്ചരക്കോടി നിന്ന് മുട്ടി!, പിന്നാലെ ടി20യില്‍ നാണക്കേടിന്റെ റെക്കോര്‍ഡും തേടിയെത്തി

Image 3
CricketIPL

വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇറങ്ങിയത് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഓപ്പണിംഗ് പെയറുമായാണ്. ഒരറ്റത്ത് ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം കഴിഞ്ഞ ആഴ്ച നടന്ന ഐപിഎല്‍ താരലേലത്തിലെ വിലകൂടിയ താരമായ ഇഷാന്‍ കിഷന്‍ കൂടി ബാറ്റേന്താന്‍ ഇറങ്ങിയപ്പോള്‍ മുംബൈ ആരാധകര്‍ ആവേശകൊടുമുടിയിലായി.

എന്നാല്‍ പതിവിന് വിപരീതമായി വിന്‍ഡീസ് ബൗളര്‍മാര്‍ക്ക് മുന്നില്‍ നിന്ന് പരുങ്ങാനായിരുന്നു ഇഷാന്‍ കിഷന്റെ വിധി. പവര്‍പ്ലേയിന്റെ അവസാന ഓവറില്‍ റണ്‍സെടുക്കാതെ പതറിയ ഇഷാനെതിരെയുളള രോഷം രോഹിത്ത് പലപ്പോഴും പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ഇതോടെ മത്സരത്തില്‍ മെല്ലപ്പോക്കില്‍ ഒരു നാണക്കേടിന്റെ റെക്കോര്‍ഡും ഇഷാന്‍ സ്വന്തം പേരില്‍ ചേര്‍ക്കേണ്ടി വന്നു.

ഓപ്പണിംഗ് വിക്കറ്റില്‍ കിഷനും രോഹിത്തും ചേര്‍ന്ന് ആദ്യ അഞ്ചോവറില്‍ 57 റണ്‍സെടിച്ചെങ്കിലും അത് രോഹിത്തിന്റെ വെടിക്കെട്ടിന്റെ മികവിലായിരുന്നു. രോഹിത് മിന്നുന്ന ഫോമില്‍ നില്‍ക്കുമ്പോള്‍ പവര്‍ പ്ലേയിലെ അവസാന ഓവര്‍ എറിയാനെത്തിയ റോസ്റ്റണ്‍ ചേസിന്റെ പന്തില്‍ റണ്‍സെടുക്കാന്‍ കിഷന്‍ ബുദ്ധിമുട്ടി. ആദ്യ നാലു പന്തിലും കിഷന് റണ്ണെടുക്കാനാവാതിരുന്നതോടെ നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന രോഹിത് നിരാശയോടെ ബാറ്റ് നിലത്തടിക്കുന്നതും കാണാമായിരുന്നു.

ഒടുവില്‍ അഞ്ചാം പന്തില്‍ റിസ്‌കി സിംഗിളിലൂടെയാണ് കിഷന്‍ സ്‌ട്രൈക്ക് കൈമാറിയത്. ഇതോടെ അഞ്ചോവറില്‍ 57 റണ്‍സടിച്ച ഇന്ത്യ പവര്‍പ്ലേയിലെ അവസാന ഓവറില്‍ നേടിയത് വെറും ഒരു റണ്‍സ്. രോഹിത് പുറത്തായതിന് പിന്നാലെ വിരാട് കോഹ്ലി എത്തിയിട്ടും റണ്‍സെടുക്കാന്‍ ഇഷാന്‍ കിഷന്‍ പാടുപെട്ടു.

ഒടുവില്‍ പന്ത്രണ്ടാം ഓവറില്‍ 42 പന്തില്‍ 35 റണ്‍സെടുത്ത കിഷന്‍ റോസ്റ്റണ്‍ ചേസിന്റെ പന്തില്‍ തന്നെ പുറത്താവുകയും ചെയ്തു. ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി കുറഞ്ഞത് 40 പന്തുകളെങ്കിലും നേരിട്ട ബാറ്റര്‍മാരില്‍ ഏറ്റവും കുറഞ്ഞ സ്‌ട്രൈക്ക് റേറ്റാണ് കിഷന്റെ പേരിലായത്. 83.33 സ്‌ട്രൈക്ക് റേറ്റലാണ് ഐപിഎല്ലിലെ മിന്നലടികള്‍ക്ക് പേരുകേട്ട കിഷന്‍ ഇന്ന് സ്‌കോര്‍ ചെയ്തത്.

2006ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ 54 പന്തില്‍ 38 റണ്‍സെടുത്ത ദിനേശ് മോംഗിയയും(സ്‌ട്രൈക്ക് റേറ്റ് 84.44), 2012ല്‍ ഓസ്‌ട്രേലിയക്കെതിരെ 60 പന്തില്‍ 53 റണ്‍സടിച്ച(സ്‌ട്രൈക്ക് റേറ്റ് 93.33) ഗൗതം ഗംഭീറിന്റെയും മെല്ലെപ്പോക്ക് ഇന്നിംഗ്‌സുകളാണ് കിഷന്‍ ആദ്യ ഏകദിനത്തില്‍ മറികടന്നത്.