ഇഷാന്‍ പുറത്ത്, ദുലീപ് ട്രോഫിയില്‍ സഞ്ജുവിന്റെ സര്‍പ്രൈസ് എന്‍ട്രി വരുന്നു
വ്യാഴാഴ്ച (സെപ്റ്റംബര്‍ 5) അനന്തപൂരില്‍ ആരംഭിക്കുന്ന ദുലീപ് ട്രോഫി 2024-ന്റെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ ഇഷാന്‍ കിഷന്‍ കളിക്കാനിടയില്ലെന്ന് റിപ്പോര്‍ട്ട്. പ്രമുഖ കായിക മാധ്യമമായ ക്രിക്ബസ്സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ശ്രേയസ് അയ്യരുടെ ഇന്ത്യ ഡി ടീമിലെ വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാന്‍ കൂടിയായ ഇഷാന്‍ കിഷന്‍ പരിക്കിന്റെ പിടിയിലാണ്.
ഇതോടെ ആദ്യ മത്സരത്തില്‍ ഇഷാന്‍ പങ്കെടുക്കാന്‍ സാധ്യതയില്ല. ഇതോടെ ഇഷാന്റെ പകരക്കാരനായി മലയാളി താരം സഞ്ജു സാംസണെ ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
അതെസമയം അടുത്ത മത്സരങ്ങളില്‍ ഇഷാന്‍ ഇനി കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ഈ മാസം അവസാനം ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റ് പരമ്പരകള്‍ക്കായുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കാനിരിക്കെ ദുലീപ് ട്രോഫിയ്ക്ക് വലിയ പ്രാധാന്യമാണ് താരങ്ങള്‍ക്കിടയിലുളളത്.
അതിനാല്‍, ആറ് മത്സരങ്ങളുള്ള ദുലീപ് ട്രോഫിയുടെ രണ്ടാം പകുതിയില്‍ ഇഷാന്‍ തിരിച്ചെത്തിയേക്കാം. ഓരോ ടീമിനും മൂന്ന് മത്സരങ്ങള്‍ വീതം അനുവദിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 12-ന് അനന്തപൂരില്‍ ഇന്ത്യ ഡി ടീം എ ടീമിനെതിരെയാണ് മത്സരിക്കുക.
ബുച്ചി ബാബു ടൂര്‍ണമെന്റില്‍ ഇഷാന്‍ കിഷന്‍
ഓഗസ്റ്റില്‍ ആരംഭിച്ച പ്രീ-സീസണ്‍ റെഡ്-ബോള്‍ ടൂര്‍ണമെന്റായ ബുച്ചി ബാബുവില്‍ ഇഷാന്‍ കിഷന്‍ ജാര്‍ഖണ്ഡ് ടീമിനെ നയിച്ചിരുന്നു. അവിടെ ഇഷാന്‍ ഒരു സെഞ്ച്വറി നേടുകയും ബൗളിംഗിലും തിളങ്ങുകയും ചെയ്തിരുന്നു. ഇഷാനെ കൂടാതെ ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ബുച്ചി ബാബു ട്രോഫിയ്ക്കിടെ പരിക്കേറ്റിരുന്നു. ബുച്ചി ബാബു ടൂര്‍ണമെന്റിനിടെ കൈയ്ക്ക് പരിക്കേറ്റ യാദവ് നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലാണ്.
സഞ്ജുവിന് പുതു പ്രതീക്ഷ
സഞ്ജു ദുലീപ് ട്രോഫിയ്ക്കുളള ടീമില്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ അത് പുതിയ സാധ്യതകള്‍ക്ക് വഴി തുറക്കും. നിലവില്‍ ടി20 ടീമില്‍ ഇന്ത്യയ്ക്കായി മോശം ഫോമിനെ തുടര്‍ന്ന് സഞ്ജു പുറത്താകലിന്റെ വക്കിലാണ്. ഇതോടെ ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്ന് ഇടവേളയെടുത്ത് പാരീസിലാണ് സഞ്ജുവുളളത്.