സഞ്ജുവൊന്നും പോരത്രെ, ഇഷാന് തിരിച്ചുവരാന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി നല്‍കി സെലക്ടര്‍മാര്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഇഷാന്‍ കിഷന്‍ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. റിഷഭ് പന്ത്, കെ.എല്‍. രാഹുല്‍, സഞ്ജു സാംസണ്‍ എന്നിവരുടെയെല്ലാം പ്രകടനങ്ങള്‍ അത്ര ആശാവഹമല്ലാത്ത സാഹചര്യത്തില്‍, ഇഷാനെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സെലക്ടര്‍മാര്‍.
ഈ വര്‍ഷം ഇതുവരെ ദേശീയ ടീമിനായി ഒരു മത്സരം പോലും കളിക്കാത്ത ഇഷാന്‍, കഴിഞ്ഞ വര്‍ഷം അവസാനം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാണ് അവസാനമായി ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ടെസ്റ്റ് ടീമിനൊപ്പമുണ്ടായിരുന്നെങ്കിലും, പരമ്പര തുടങ്ങുന്നതിന് മുന്‍പ് തന്നെ ഇഷാന്‍ ചെറിയൊരു ഇടവേള ആവശ്യപ്പെട്ട് ടീം വിട്ടിരുന്നു. നാട്ടില്‍ തിരിച്ചെത്തിയ ശേഷം രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡിനായി കളിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ആഴ്ചകളോളം ഇഷാന്‍ എവിടെയാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു.
ബിസിസിഐയുമായി കരാറുള്ള കളിക്കാര്‍ ദേശീയ ടീമിന്റെ ഭാഗമല്ലാത്തപ്പോള്‍ നിര്‍ബന്ധമായും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കണമെന്ന രാഹുല്‍ ദ്രാവിഡിന്റെയും ജയ് ഷായുടെയും നിര്‍ദ്ദേശം ഇഷാന്‍ അവഗണിച്ചു. ഒടുവില്‍ ഐപിഎല്ലിലൂടെയാണ് അദ്ദേഹം ക്രിക്കറ്റ് ലോകത്തേക്ക് തിരിച്ചെത്തിയത്. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ നിന്നുള്ള വിട്ടുനില്‍ക്കല്‍ അദ്ദേഹത്തെ ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്ന് പുറത്താക്കി.
ടി20 ലോകകപ്പ്, സിംബാബ്വെ പര്യടനം, ശ്രീലങ്കന്‍ പര്യടനം എന്നിവയിലൊന്നും ഇഷാനെ പരിഗണിച്ചില്ല. എന്നാല്‍ ഇപ്പോള്‍, ഈ വര്‍ഷം തന്നെ ദേശീയ ടീമിലേക്ക് അദ്ദേഹത്തെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സെലക്ടര്‍മാര്‍. റെഡ് ബോള്‍ ക്രിക്കറ്റില്‍ കളിച്ചുകൊണ്ട് ഫോം വീണ്ടെടുക്കാനാണ് ഇഷാനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അടുത്ത മാസം ആദ്യം നടക്കാനിരിക്കുന്ന ദുലീപ് ട്രോഫിയില്‍ ഇഷാന്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൂര്‍ണമെന്റിലെ മികച്ച പ്രകടനം ഇഷാന് ദേശീയ ടീമിലേക്കുള്ള വാതില്‍ തുറക്കുകയും ബിസിസിഐയുടെ മുഖ്യ കരാറിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്യും.
ഇഷാന്റെ തിരിച്ചുവരവ് റിഷഭ് പന്തിനും സഞ്ജു സാംസണും ഏറ്റവും വലിയ ഭീഷണിയാകും. രാഹുലിനും ആശങ്കയുണ്ടാകാം. മൂന്ന് ഫോര്‍മാറ്റുകളിലും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാണ് റിഷഭെങ്കിലും, ടെസ്റ്റൊഴികെയുള്ള ഫോര്‍മാറ്റുകളില്‍ അദ്ദേഹത്തിന്റെ ബാറ്റിംഗ് പ്രകടനം ആശങ്കാജനകമാണ്. സഞ്ജുവാകട്ടെ, ഏകദിനത്തില്‍ മാത്രമാണ് സ്ഥിരത പുലര്‍ത്തുന്നത്. രാഹുലിന്റെ സ്ഥാനം ഏകദിന ടീമില്‍ മാത്രമാണ് ഉറപ്പുള്ളത്. ഈ സാഹചര്യത്തില്‍, മികച്ച ഫോം വീണ്ടെടുക്കാനായാല്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ഇഷാന്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായും ടെസ്റ്റില്‍ ബാക്കപ്പായും മാറാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.