ഇതാ ഒരു താരോദയം; ഇന്ത്യൻ ക്രിക്കറ്റിന്റെ സുവർണ നിരയിലേക്ക് നടന്നുകയറി ഇഷാൻ കിഷൻ
ബംഗളൂരുവിൽ ശനിയാഴ്ച്ച നടന്ന താരലേലത്തിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ സുവർണ നിരയിലേക്ക് ഉയർന്നിരിക്കുകയാണ് ഇന്ത്യൻ യുവ താരം ഇഷാൻ കിഷൻ. ഒന്നാം ദിനത്തിന്റെ താരമായ ഇഷാനെ റെക്കോർഡ് തുകയ്ക്കാണ് മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചത്. ഇതോടെ ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വിലപിടിച്ച ഇന്ത്യൻ താരമെന്ന ഖ്യാതിയാണ് ഇഷാനെ തേടിയെത്തിയത്. ഇതിഹാസ താരം സാക്ഷാൽ യുവരാജ് സിങാണ് ഇതിനുമുൻപ് ലേലത്തിൽ ഏറ്റവുമധികം മൂല്യം ലഭിച്ച ഇന്ത്യൻ താരം.
ഐപിഎൽ വ്യവസ്ഥയനുസരിച്ച് സൂപ്പർതാരങ്ങളായ രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, കീറോൺ പൊള്ളാർഡ് എന്നിവരെ നിലനിർത്താൻ വേണ്ടി മുംബൈക്ക് കിഷനെ തൽക്കാലം കയ്യൊഴിയേണ്ടി വന്നിരുന്നു. എന്നാൽ ലേലത്തിൽ ഏതുവിധേനയും യുവതാരത്തെ ടീമിൽ നിലനിർത്തുമെന്ന വാശിയിലാണ് മുംബൈ നിലകൊണ്ടത്. പഞ്ചാബ് കിങ്സ് ഇലവൻ, ഗുജറാത്ത് ടൈറ്റൻസ്, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നീ ഫ്രാൻഞ്ചൈസികളും താരത്തിനായി ശക്തമായി രംഗത്തെത്തിയതോടെ 15.25 കോടി രൂപയ്ക്കാണ് കിഷനെ മുംബൈ ടീമിലെത്തിച്ചത്. രണ്ട് കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാന വില.
2015 ഐപിഎല്ലിൽ 16 കോടി മുടക്കി ഡൽഹി ഡെയർഡെവിൾസ് യുവരാജ് സിംഗിനെ ടീമിലെത്തിച്ചതാണ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ലേലം വിളി. താരലേലത്തിൽ ഏറ്റവുമധികം തുക ലഭിച്ച മൂന്നാമത്തെ ഇന്ത്യക്കാരനും യുവരാജ് സിങ് തന്നെയാണ്. 2014 ഐപിഎൽ താരലേത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ യുവിക്കായി മുടക്കിയ 14 കോടി രൂപയാണ് മൂന്നാമത്തെ ചിലവേറിയ ലേലം വിളി.
2020ൽ നടന്ന ഐപിഎല്ലിലാണ് ഇഷാൻ കിഷൻ തന്റെ മാറ്റ് തെളിയിച്ചത്. സീസണിൽ 30 സിക്‌സറുകൾ പറത്തിയ കിഷൻ താൻ കുട്ടിക്രിക്കറ്റിന് യോജിച്ച താരമാണെന്ന് തെളിയിച്ചു. 61 ഐപിഎൽ മത്സരങ്ങളിൽ നിന്നായി ഒമ്പത് അർധസെഞ്ചുറികളടക്കം ഇതുവരെ 1452 റൺസ് കിഷൻ നേടി.