ഇസ്കോക്ക് റയൽ വിടണം, വാങ്ങാനാളില്ലാത്ത അവസ്ഥയാണെന്നു ഏജന്റായ ഇസ്കോയുടെ പിതാവ്

Image 3
FeaturedFootballLa Liga

ഗാരെത് ബേയ്ലിനെയും ഹാമെസ് റോഡ്രിഗസിനെയും  പോലെ റയൽ മാഡ്രിഡിൽ പരിശീലകൻ സിനദിൻ സിദാന്റെ കീഴിൽ അവസരം കുറഞ്ഞ  ഒരു താരമാണ് ഇസ്കോ അലാർകോൺ. ഈ സീസണിൽ ആകെ മൂന്നു മത്സരങ്ങളിൽ മാത്രമാണ് ഈ ഇരുപത്തെട്ടുകാരന് റയൽ മാഡ്രിഡ്‌ ജേഴ്സിയിൽ പന്തു തട്ടാനായത്. കഴിഞ്ഞ സീസണിലും താരത്തിന് അവസരങ്ങൾ വലിയ രീതിയിൽ കുറഞ്ഞിരുന്നു.

2022വരെ റയൽ മാഡ്രിഡിൽ കരാറുണ്ടെങ്കിലും  ഈ ജനുവരിയിൽ തന്നെ റയൽ മാഡ്രിഡ്‌ വിടാൻ ഇസ്കോ  താത്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്. അടുത്ത സമ്മറിൽ നടക്കാനിരിക്കുന്ന യൂറോ കപ്പ്‌ 2020യിൽ  ലൂയിസ് എൻരിക്കെയുടെ സ്‌ക്വാഡിലേക്ക് തിരിച്ചെത്താനുള്ള ശ്രമമാണ് ഇസ്കോ ലക്ഷ്യമിടുന്നത്. അതിനായി താരത്തിനു കൂടുതൽ സമയം കളിക്കളത്തിൽ ലഭിക്കേണ്ടതുണ്ടെന്ന തിരിച്ചറിവിലാണ് ക്ലബ്ബ് വിടാനുള്ള നീക്കം റയൽ മാഡ്രിഡിനെ അറിയിച്ചത്.

റയൽ അതിനു സമ്മതം മൂളിയിട്ടുണ്ടെങ്കിലും താരത്തിനായി മികച്ച ഓഫറുകൾ ഇതു വരെയും ഒരു ക്ലബും മുന്നോട്ടു വെച്ചിട്ടില്ലെന്നതാണ് വസ്തുത. ഇക്കാര്യം ഇസ്കോയുടെ പിതാവും ഏജന്റുമായ പാക്കോ അലാർകോൺ ആണ് ഫുട്ബോൾ ലോകത്തെ അറിയിച്ചിച്ചത്. സ്പാനിഷ് റേഡിയോ പ്രോഗ്രാമായ എൽ ലാർഗുരോയിലാണ് ഇസ്കോയുടെ പിതാവ് നിലവിലെ സാഹചര്യം വ്യക്തമാക്കിയത്.

ഇതു വരെയും ഓഫറുകൾ ഒന്നും ലഭിച്ചിട്ടില്ലെങ്കിലും മറ്റൊരു ലീഗിലേക്കാണ് ഞങ്ങൾ ശ്രമിക്കുന്നതെന്നാണ് ഇസ്കോയുടെ പിതാവ് വ്യക്തമാക്കിയത്. സ്പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം എവർട്ടണെ ബന്ധപ്പെടുത്തിക്കൊണ്ട് മുൻപ് അഭ്യൂഹങ്ങൾ നിലവിലുണ്ടായിരുന്നു. എന്നാൽ അത് നിരസിച്ചു എവർട്ടൺ പരിശീലകനായ കാർലോ ആഞ്ചെലോട്ടി തന്നെ രംഗത്തെത്തിയിരുന്നു. ഇസ്കോയെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾ ശുദ്ധ അസംബന്ധമാണെന്നാണ് ആഞ്ചെലോട്ടി വ്യക്തമാക്കിയത്.