അങ്ങനെയെങ്കില്‍ ആദ്യം പുറത്താക്കേണ്ടത് കോഹ്ലിയെ, ആഞ്ഞടിച്ച് ഇന്ത്യന്‍ താരം

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യ സ്വീകരിച്ചിരിക്കുന്ന ടീം തന്ത്രത്തെ ചോദ്യം ചെയ്ത് മുന്‍ താരം അജയ് ജഡേജ. ആക്രമിച്ച് കളിക്കണം എന്നാണ് ടീം പ്ലാനെങ്കില്‍ വിരാട് കോഹ്ലിയെ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് അജയ് പറഞ്ഞു.
‘എന്ത് പരീക്ഷണമാണ് ഇവിടെ ഇന്ത്യയില്‍ നിന്ന് വന്നത്? ശിഖര്‍ ധവാന്‍ എങ്ങനെയാവും കളിക്കുക എന്ന് നമുക്കറിയാം. രാഹുലും ഏറെ നാളായി കളിക്കുന്നു. സഞ്ജു സാംസണ്‍ ആയിരുന്നു മധ്യനിരയില്‍ കളിച്ചിരുന്നത്. ആ സ്ഥാനത്ത് റിഷഭ് പന്ത് വന്നു. അത് മാത്രമാണ് മാറ്റം. അതല്ലാതെ എന്ത് പരീക്ഷണമാണ് ഇന്ത്യ നടത്തിയതെന്ന് എനിക്ക് മനസിലാവുന്നില്ല.’
‘ആക്രമിച്ച് കളിക്കുക എന്ന സമീപനമാണ് സ്വീകരിക്കുന്നതെങ്കില്‍ കളിക്കാരെ അതിന് അനുസരിച്ച് ഉപയോഗിക്കണം. ചേതേശ്വര്‍ പൂജാരയോട് ആക്രമിക്കാനും, വീരേന്ദര്‍ സെവാഗിനോട് പ്രതിരോധിക്കാനും പറയില്ല. ടീം ആക്രമിച്ച് കളിക്കണം എന്നാണ് എങ്കില്‍ അവിടെ കോഹ്ലി ഉണ്ടാവാന്‍ പാടില്ല.’
‘ടീമിന് ദൃഡത നല്‍കുന്ന വ്യക്തിയാണ് കോഹ്ലി. പവര്‍ഫുള്‍ സ്‌ട്രൈക്കറല്ല. കോഹ്ലി ഒന്നും മാറ്റേണ്ടതില്ല. ആദ്യ ടി20യില്‍ കോഹ്ലി ബാറ്റ് ചെയ്യുന്ന വിധം എന്നെ ആശങ്കയിലാക്കുന്നു. വേഗത്തില്‍ റണ്‍സ് കണ്ടെത്താനാണ് എങ്കില്‍ മറ്റാരെയെങ്കിലുമാണ് കോഹ്ലി ഇറക്കേണ്ടത്’ അജയ് ജഡേജ പറഞ്ഞു.