ആദ്യ ഇംപാക്റ്റ് പ്ലെയര്‍ ധോണിയുടെ മണ്ടന്‍ തീരുമാനമായി, ചെന്നൈയുടെ ശവപ്പെട്ടിയില്‍ ആണിയടിച്ചു

ഐപിഎല്‍ ചരിത്രത്തിലെ തന്നെ ആദ്യ ഇംപാക്റ്റ് പ്ലെയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട യുവ പേസര്‍ തുഷാര്‍ ദേശ്പാണ്ഡേ സ്വന്തം ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ തോല്‍വിയ്ക്ക് പ്രധാന കാരണമായി. പതിനാറാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ചെന്നൈ ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്ത അമ്പാട്ടി റായുഡുവിന് പകരമായാണ് പേസറായ ദേശ്പാണ്ഡേ കളത്തിലിറങ്ങിയത്.

എന്നാല്‍ മത്സരത്തില്‍ ഏറ്റവും മോശം പ്രകടനം നടത്തിയ ബൗളര്‍ എന്ന നാണക്കേടുമായാണ് ദേശ്പാണ്ഡേ മടങ്ങിയത്. ശുഭ്മാന്‍ ഗില്ലിനെ പുറത്താക്കിയെങ്കിലും 3.2 ഓവര്‍ എറിഞ്ഞ ദേശ്പാണ്ഡേ 51 റണ്‍സ് ആണ് വിട്ടുകൊടുത്തത്. ഇതോടെ നാല് പന്ത് ബാക്കി നില്‍ക്കെ ചെന്നൈ പരാജയം വഴങ്ങുകയും ചെയ്തു.

ഗുജറാത്ത് ടൈറ്റന്‍സും ഇംപാക്ട് പ്ലെയര്‍ നിയമം ഉപയോഗിച്ചു. ഫീല്‍ഡിംഗിനിടെ പരിക്കേറ്റ കെയിന്‍ വില്ല്യംസണിന് പകരം സായി സുദര്‍ശനെ ഗുജറാത്ത് മൂന്നാമനായി ബാറ്റിംഗിന് അയച്ചു. നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടിയ സുദര്‍ശന്‍ 17 പന്തില്‍ 22 റണ്‍സെടുത്താണ് പുറത്തായത്.

മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 5 വിക്കറ്റിനാണ് നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് തോല്‍പ്പിച്ചത്. ചെന്നൈയുടെ 178 റണ്‍സ് നാല് പന്ത് ശേഷിക്കേ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് മറികടന്നു.

മൂന്ന് പന്തില്‍ 10 റണ്‍സും 26ന് രണ്ട് വിക്കറ്റും നേടിയ റാഷിദ് ഖാനാണ് കളിയിലെ താരം. സ്‌കോര്‍: ചെന്നൈ- 178/7 (20), ഗുജറാത്ത്- 182/5 (19.2).

You Might Also Like