സഞ്ജു ഏറ്റവും മികച്ച യുവനായകന്‍, തുറന്ന് പറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍

മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ജയിക്കുമ്പോള്‍ പലപ്പോഴും എങ്ങുനിന്നും കനത്ത മൗനമാണ് ഉണ്ടാകാറ്. മറ്റ് ടീമുകള്‍ ജയിക്കുമ്പോള്‍ മത്സരത്തിലെ ഒരോ നിമിഷവും ഇഴകീറി പരിശോധിച്ച് ക്യാപ്റ്റന്‍സി ബ്രില്യന്‍സ് പറയുന്ന മുന്‍ താരങ്ങള്‍ എന്തുകൊണ്ടോ പലപ്പോഴും സ്ഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയെ പ്രശംസിക്കാന്‍ രംഗത്ത് വരാത്തത് പരസ്യമായ രഹസ്യമാണ്.

നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിന് പിന്നാലെ ഐപിഎല്‍ പ്ലേ ഓഫ് ഉറപ്പിച്ച ഏക ടീമും രാജസ്ഥാന്‍ റോയല്‍സാണ്. കരുത്തരായ ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റിന്‍സിനെ 24 റണ്‍സിന് തോല്‍പിച്ചാണ് രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫ് ഉറപ്പിച്ചത്. എന്നാല്‍ കാര്യമായ അഭിനന്ദനങ്ങളൊന്നും മുന്‍ താരങ്ങളില്‍ നിന്ന് സഞ്ജുവിന് ലഭിച്ചിട്ടില്ല.

ഇക്കാര്യത്തില്‍ ഒടുവില്‍ വ്യത്യസ്ത പുലര്‍ത്തുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ഇന്ത്യ കണ്ട ഏറ്റവും മികച്ച യുവക്യാപ്റ്റന്‍മാരില്‍ ഒരാളാണ് സഞ്ജുവെന്നാണ് ഇര്‍ഫാന്‍ പറയുന്നത്. അതിനുളള കാരണവും ഇര്‍ഫാന്‍ വിശദകരിക്കുന്നുണ്ട്. ട്വിറ്ററിലൂടെയാണ് സഞ്ജുവിനെ പ്രശംസിച്ച് ഇര്‍ഫാന്‍ പത്താന്‍ രംഗത്തെത്തിയത്.

ഈ സീസണിലെ ഏറ്റവും മികച്ച യുവ ക്യാപ്റ്റനാണ് സഞ്ജു സാംസണ്‍. ടോട്ടല്‍ പ്രതിരോധിക്കേണ്ടി വരുമ്പോഴാണ് ക്യാപ്റ്റന്റെ മികവ് അറിയാനാകുക. രാജസ്ഥാന്‍ റോയല്‍സ് ഇത് പതിവായി ചെയ്യുന്നുണ്ട്’ ഇര്‍ഫാന്‍ ട്വിറ്ററില്‍ കുറിച്ചു.

നിലവില്‍ ഐപിഎല്ലില്‍ ഏറ്റവും കുറവ് ടോസ് ലഭിച്ച ക്യാപ്റ്റനാണ് സഞജു സാംസണ്‍. എന്നാല്‍ ഈ വെല്ലുവിളി മറികടന്ന് 13 മത്സരങ്ങളില്‍ ഒന്‍പതിലും ജയിച്ച് 16 പോയന്റാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്.

You Might Also Like