അന്ന് ധോണി ഇര്‍ഫാനോട് ചെയ്തത്, ഇന്ത്യന്‍ ക്രിക്കറ്റിലെ മുറിവാണത്

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായിരുന്നു ഇര്‍ഫാന്‍ പത്താന്‍. കരിയറിലെ തന്റെ പ്രതാഭ കാലത്ത് എതിരാളികള്‍ക്ക് മേല്‍ സമ്പൂര്‍ണ്ണ ആധിപത്യമാണ് ഇര്‍ഫാന്‍ പത്താന്‍ പുലര്‍ത്തിയത്. പാകിസ്ഥാന്‍ മുതല്‍ ലോകക്രിക്കറ്റിലെ പ്രതാഭികളായിരുന്ന ഓസ്‌ട്രേലിയ വരെ ഇര്‍ഫാന്‍ ബാറ്റിന്റേയും ബൗളിംഗിന്റേയും ചൂടറിഞ്ഞു.

അക്കാലത്ത് ഇര്‍ഫാനെ അപമാനിച്ചവരെല്ലാം പിന്നീട് തിരുത്തിപറയേണ്ടി വന്നു. പാക് കോച്ചായിരുന്ന ജാവേദ് മിയാന്‍ദാദ് വരെ ഇര്‍ഫാനെ പരിഹസിച്ചതിന് ശിക്ഷയേറ്റ് വാങ്ങിയത് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തോടെ ഇന്നും ഓര്‍ക്കുന്ന സംഭവമാണ്.

എന്നാല്‍ 2012ല്‍ വേട്ടയാടിയ പരിക്ക് ഇര്‍ഫാന്റെ കരിയറിനെ 29ാം വയസ്സില്‍ തന്നെ അന്ത്യം കുറിയ്ക്കുകയായിരുന്നു. താന്‍ കളിച്ച അവസാന ഏകദിന മത്സരത്തില്‍ ഇര്‍ഫാന്‍ തന്നെയായിരുന്നു മാന്‍ ഓഫ് ദ മാച്ച. എന്നാല്‍ പരിക്കില്‍ നിന്നും മുക്തനായ ഇര്‍ഫാനെ ടീമിലേക്ക് പരിഗണിക്കാന്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ തയ്യാറായില്ല. ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ഇര്‍ഫാനോടുളള വിശ്വാസം നഷ്ടപ്പെട്ടതായിരുന്നു ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓള്‍ റൗണ്ടര്‍ക്ക് തിരിച്ചടിയായത്.

എന്നാല്‍ 2015ലെ ഐപിഎല്ലില്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ലേലത്തിലൂടെ ഇര്‍ഫാനെ സ്വന്തമാക്കി. സിഎസ്‌കെയിലെത്തിയപ്പോള്‍ അതു അദ്ദേഹത്തിന്റെ കരിയറില്‍ വഴിത്തിരിവാകുമെന്നായിരുന്നു പലരും വിലയിരുത്തിയത്. ക്രിക്കറ്റിലേക്കു ഇര്‍ഫാന്റെ ശക്തമായി തിരിച്ചുവരവാണ് ഇതെന്നും പ്രതീക്ഷിച്ചു.

പക്ഷെ രവീന്ദ്ര ജഡേജ, ഡ്വയ്ന്‍ ബ്രാവോ, സുരേഷ് റെയ്ന തുടങ്ങിയ ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യം സിഎസ്‌കെയില്‍ അദ്ദേഹത്തിന്റെ വഴിയടച്ചു. സീസണ്‍ മുഴുവന്‍ ഇര്‍ഫാന് കാഴ്ചക്കാരനാവേണ്ടി വന്നു. സീസണിനു ശേഷം അദ്ദേഹം ഒഴിവാക്കപ്പെടുകയും ചെയ്തു.

You Might Also Like