തകര്‍പ്പന്‍ റെക്കോര്‍ഡുമായി ഇര്‍ഫാന്‍, മുന്നില്‍ ജഡേജ മാത്രം

ട്വന്റി20 ക്രിക്കറ്റിലെ അപൂര്‍വ ഇരട്ട നേട്ടം സ്വന്തമാക്കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍. ട്വന്റി20യില്‍ 150 വിക്കറ്റും 2000 റണ്‍സും സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍ എന്ന നേട്ടമാണ് പത്താന്‍ സ്വന്തം പേരില്‍ കുറിച്ചത്. രവീന്ദ്ര ജഡേജയാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ താരം.

ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ കാന്‍ഡി ടസ്‌കേഴ്‌സിനായി കളിച്ചാണ് പത്താന്‍ ഈ നേട്ടത്തിലെത്തിയത്. കഴിഞ്ഞ ദിവസം ജാഫ്‌ന സ്റ്റാലിയന്‍സിനെതിരായ മത്സരത്തിലാണ് താരം 2000 റണ്‍സ് നേട്ടം പിന്നിട്ടത്. 142 ഇന്നിങ്‌സുകളില്‍നിന്നാണ് ഇര്‍ഫാന്‍ പത്താന്‍ 2000 റണ്‍സ് നേടിയത്. 173 വിക്കറ്റുകളും താരം സ്വന്തമാക്കി.

ജാഫ്‌നയ്‌ക്കെതിരായ മത്സരത്തില്‍ 19 പന്തുകളില്‍നിന്ന് 25 റണ്‍സെടുത്തു പുറത്താകാതെ നിന്ന താരം ടീമിന് ആറു വിക്കറ്റിന്റെ വിജയവും നേടിക്കൊടുത്തു. അതെസമയം ലീഗില്‍ നാലു മത്സരങ്ങള്‍ കളിച്ചിട്ടും ഒരു വിക്കറ്റ് സ്വന്തമാക്കാന്‍ ഇര്‍ഫാാന് സാധിച്ചിട്ടില്ല.

ഈ വര്‍ഷം ജനുവരിയിലാണ് ഇര്‍ഫാന്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചത്. 2003 ല്‍ രാജ്യാന്തര തലത്തില്‍ അരങ്ങേറിയ താരം 2012ല്‍ ഇന്ത്യയ്ക്കായി അവസാന മത്സരം കളിച്ചു. 29 ടെസ്റ്റ്, 120 ഏകദിനം, 24 ട്വന്റി20 മത്സരങ്ങള്‍ താരം ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്.

ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ചെന്നൈ സൂപ്പര്‍കിങ്‌സ്, റൈസിങ് പുണെ സൂപ്പര്‍ ജയന്റ്‌സ്, ഗുജറാത്ത് ലയണ്‍സ് ടീമുകള്‍ക്കു വേണ്ടിയും താരം കളിക്കാനിറങ്ങി.

You Might Also Like