ഗെയിലിനൊപ്പം ബാറ്റേന്താന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും, ഈ ലീഗ് വേറെ ലെവലാകും

ലങ്ക പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിനായി മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍ ശ്രീലങ്കയിലെത്തി. ട്വിറ്ററിലൂടെയാണ് ഇര്‍ഫാന്‍ പത്താന്‍ ഇക്കാര്യം ആരാധകരെ അറിയിച്ചത്. ലങ്ക പ്രീമിയര്‍ ലീഗില്‍ കാന്‍ഡി ടസ്‌കേഴ്‌സിനു വേണ്ടിയാണ് ഇര്‍ഫാന്‍ കളിക്കുക. ക്രിസ് ഗെയില്‍, കുശാല്‍ പെരേര തുടങ്ങിയവരും കാന്‍ഡി ടസ്‌കേഴ്‌സില്‍ ഉണ്ട്.

ഏറെ ആശങ്കകള്‍ക്ക് ഒടുവില്‍ ലങ്ക പ്രീമിയര്‍ ലീഗ് നവംബര്‍ 26 മുതലാണ് ആരംഭിക്കുന്നത്. അഞ്ച് ടീമുകളാണ് ലീഗില്‍ ഉള്ളത്. രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 90 താരങ്ങള്‍ ലങ്ക പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കും.

ഡിസംബര്‍ 16നാണ് ഫൈനല്‍. നേരത്തെ നവംബര്‍ 14നു നിശ്ചയിച്ചിരുന്ന ലീഗ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അവസാനിക്കുന്നതുമായി ബന്ധപ്പെട്ട് റീഷെഡ്യൂള്‍ ചെയ്യുകയായിരുന്നു. ഓഗസ്റ്റ് 28 മുതല്‍ ലങ്ക പ്രീമിയര്‍ ലീഗ് ആരംഭിക്കാനാണ് ശ്രീലങ്ക തീരുമാനിച്ചിരുന്നത്. എന്നാല്‍, കൊവിഡ് മാനദണ്ഡങ്ങള്‍ കാരണം ലീഗ് നീട്ടിവെക്കുകയായിരുന്നു.

നേരത്തെ അഞ്ച് വിദേശ താരങ്ങള്‍ ലീഗില്‍ നിന്ന് പിന്മാറിയിരുന്നു. ആന്ദ്രേ റസല്‍, ഫാഫ് ഡുപ്ലെസി, മന്‍വിന്ദര്‍ ബിസ്ല, ഡേവിഡ് മില്ലര്‍, ഡേവിഡ് മലന്‍ എന്നിവരാണ് പിന്മാറിയത്. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നാണ് റസലിന്റെ പിന്മാറ്റം. ഇംഗ്ലണ്ടിനെതിരായ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഡുപ്ലസി, ഡേവിഡ് മില്ലര്‍, ഡേവിഡ് മലന്‍ എന്നിവര്‍ വിട്ടുനില്‍ക്കുന്നത്.

You Might Also Like