അവന്‍ ഇടിവെട്ടി പോയൊരു മിന്നല്‍, ആ പ്രകമ്പനം ഏറെ നാള്‍ മുഴങ്ങിക്കൊണ്ടിരിക്കും

കെ.എ. സൈഫുദ്ദീന്‍

2010 ഡിസംബര്‍ ഏഴിന് ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ഗാലറിയുടെ മുകള്‍ പടവിലേക്ക് പ്രവീണ്‍ കുമാറിനെ ന്യൂസിലാണ്ടുകാരന്‍ ബ്രണ്ടന്‍ മക്കല്ലം അടിച്ചിറക്കുമ്പോള്‍ അതുപോലൊരു സിക്‌സര്‍ ഇന്ത്യക്കുവേണ്ടി ആരെങ്കിലും അടിച്ചെങ്കില്‍ എന്നു ആരാധകര്‍ കൊതിച്ചുപോയിരുന്നു. കിവികള്‍ നീട്ടിയ 316 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യത്തിനു മുന്നില്‍ ഇന്ത്യന്‍ മുന്‍നിര തകര്‍ന്നുവീണ് തോല്‍വിക്ക് തയാറെടുക്കുമ്പോള്‍ ആറാമനായി അയാള്‍ ക്രീസിലെത്തി.

39ാമത്തെ ഓവറില്‍ മക്കല്ലത്തിനു മറുപടി പിറന്നു. കെയ്ല്‍ മില്‍സിന്റെ പന്ത് പോയി വീണത് സ്റ്റേഡിയത്തിന് പുറത്ത് . കബ്ബണ്‍ റോഡിലെ ഓട്ടോ ഡ്രൈവര്‍മാര്‍ ആരെങ്കിലും ആ പന്ത് സ്റ്റേഡിയത്തിലെത്തിക്കണമെന്ന് കമന്റേറ്റര്‍ കളി പറഞ്ഞു. അതായിരുന്നു യൂസുഫ് ഖാന്‍ പത്താന്‍ എന്ന കൂറ്റന്‍. ക്രിക്കറ്റിന്റെ മുഴുവന്‍ കോലങ്ങളില്‍ നിന്നും യൂസുഫ് പത്താന്‍ യാത്രപറയുന്നത് കളിക്കളങ്ങളെ ത്രസിപ്പിച്ച ഒട്ടേറെ ഉജ്ജ്വല നിമിഷങ്ങളെ ഓര്‍മയില്‍ സൂക്ഷിക്കാനേല്‍പ്പിച്ചാണ്.

ഇന്ത്യ സ്വന്തമാക്കിയ ആദ്യ ട്വന്റി 20 ലോകകപ്പിന്റെ ഫൈനല്‍ ആയിരുന്നു യൂസുഫിന്റെ അരങ്ങേറ്റ മത്സരം. അത്തരമൊരു വമ്പന്‍ മത്സരത്തില്‍ അരങ്ങേറുന്ന അപൂര്‍വ റെക്കോര്‍ഡ്. ബറോഡയിലെ പള്ളിമുറ്റത്ത് കളിച്ചുവളര്‍ന്ന യൂസുഫിനു മുമ്പുതന്നെ അനുജന്‍ ഇര്‍ഫാന്‍ ഇന്ത്യന്‍ ടീമിലെത്തിയിരുന്നു. പക്ഷേ, പത്താന്‍വീട്ടില്‍ ഇങ്ങനെയൊരു സ്‌ഫോടക വസ്തുവിരിക്കുന്ന വിവരം ആ ലോക കപ്പ് ഫൈനലിലാണ് ലോകം തിരിച്ചറിഞ്ഞത്. എട്ട് പന്തില്‍ 15 റണ്‍സെടുത്ത് തന്റെ വരവറിയിച്ച പത്താന് പക്ഷേ, പിന്നീടൊരിക്കലും ഓപ്പണറുടെ കുപ്പായം തിരികെ കിട്ടിയില്ല.

2011ല്‍ ഇന്ത്യ ഏകദിന ലോക കപ്പ് നേടിയപ്പോള്‍ ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും കളിക്കാനുമായില്ല. പക്ഷേ, സച്ചിന്‍ തെണ്ടുല്‍ക്കറെ തോളിലേറ്റി വാങ്കഡെ സ്റ്റേഡിയം വലംവെച്ച യൂസുഫ് പത്താനായിരുന്നു ആ ലോകകപ്പ് വിജയത്തിനിടയിലെ ഏറ്റവും മനോഹരമായ കാഴ്ച.

ആദ്യ ഐ.പി.എല്‍ കിരീടം രാജസ്ഥാന്‍ റോയല്‍സിന് നേടിക്കൊടുത്തത് യൂസഫിന്റെ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു. ക്യാപ്റ്റനും കോച്ചുമായ ഷെയ്ന്‍ വോണ്‍ പത്താനെ അഴിഞ്ഞാടാന്‍ വിടുകയായിരുന്നു. 37 പന്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ നേടിയ സെഞ്ച്വറി 2013 ല്‍ ക്രിസ് ഗെയ്ല്‍ തിരുത്തുന്നതുവരെ ഒന്നാമത്തെ വേഗമേറിയ കജഘ സെഞ്ച്വറിയായിരുന്നു. ഇപ്പോഴും പത്താന്‍ തന്നെ രണ്ടാമന്‍ . 2014 ല്‍ 15 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ച് റെക്കോര്‍ഡുമിട്ടു.

പക്ഷേ, ആ സംഹാരാത്മകത തന്നെയാണ് പത്താന് വിനയായി മാറിയതും. ഇറങ്ങുമ്പോഴൊക്കെ നിലംതൊടാതെ അടിച്ചുപരത്തേണ്ട ഉത്തരവാദിത്തത്തിനു മുന്നില്‍ തന്നിലെ പ്രതിഭയോട് നീതി പുലര്‍ത്താന്‍ അയാള്‍ക്കായില്ല. സ്ഥിരമായ പൊസിഷന്‍ പോലുമില്ലാതെ ടീമിലെ പരീക്ഷണവസ്തുവായപ്പോള്‍ 57 ഏകദിനങ്ങള്‍ക്കും 22 ട്വന്റി 20 മത്സരങ്ങള്‍ക്കും ഇപ്പുറം അയാള്‍ക്കുമുന്നില്‍ ദേശീയ ടീമിന്റെ വാതിലടഞ്ഞു.

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പുറത്താകാതെ 96 പന്തില്‍ നേടിയ 123 റണ്‍സും 2011 ല്‍ സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 70 പന്തില്‍ അടിച്ചെടുത്ത 105 റണ്‍സും ഇര്‍ഫാന്‍ പത്താനൊപ്പം ശ്രീലങ്കക്കെതിരെ ഉജ്ജ്വലമായി ജയിപ്പിച്ച മത്സരവും എക്കാലവും ക്രിക്കറ്റ് ആസ്വാദകരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കും. ഏകദിനത്തില്‍ അയാള്‍ നേരിട്ടത് 713 പന്തുകളാണ്. പക്ഷേ, അയാള്‍ നേടിയത് 810 റണ്‍സായിരുന്നു എന്ന് കണക്കിലെ കളി പറയുന്നു. അതേ, ക്രിക്കറ്റ് മൈതാനത്ത് കണ്ണടച്ചു തുറക്കുന്ന നേരം പാഞ്ഞു പോയൊരു ഇടിമിന്നലായിരുന്നു യൂസുഫ് പത്താന്‍…..

നന്ദി പത്താന്‍ … നിങ്ങള്‍ നല്‍കിയ ക്രിക്കറ്റ് സൗന്ദര്യങ്ങള്‍ക്ക് …

കടപ്പാട് : സ്‌പോട്‌സ് പാരഡൈസോ ക്ലബ

You Might Also Like