തോറ്റെങ്കിലും സല്യൂട്ടടിക്കേണ്ട ഐറിഷ് പോരാട്ടവീര്യം, പ്രോട്ടിസിനെ വിറപ്പിച്ച് കീഴടങ്ങി
അയര്‍ലന്‍ഡിനെതിരെ ആദ്യ ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം. ആവേശകരമായ മത്സരത്തില്‍ 21 റണ്‍സിന്റെ ജയമാണ് ദക്ഷിണാഫ്രിക്ക അയര്‍ലന്‍ഡിനെതിരെ സ്വന്താക്കിയത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 212 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ തകര്‍പ്പന്‍ പോരാട്ട വീര്യം കാഴ്ച്ചവെച്ച അയര്‍ലന്‍ഡ് ഒന്‍പത് വിക്കറ്റിന് 190 റണ്‍സാണ് സ്വന്തമാക്കിയത്. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ത്തിന് മുന്നിലെത്തി.
ദക്ഷിണാഫ്രിക്കയുടെ കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ വിക്കറ്റ് കീപ്പര്‍ ലോര്‍ക്കര്‍ ടുക്കറും ജോര്‍ജ് ഡോക്‌റെല്ലുമാണ് അയര്‍ലന്‍ഡിനായി മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. ടൂക്കര്‍ 38 പന്തില്‍ ഏഴ് ഫോറും അഞ്ച് സിക്‌സും സഹിതം 78 റണ്‍സാണ് എടുത്തത്. ഡോക്‌റല്‍ ആകട്ടെ 28 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും സഹിതം 43 റണ്‍സും സ്വന്തമാക്കി.
ഇരുവരും ആറാം വിക്കറ്റില്‍ 86 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ഇതോടെ അഞ്ചിന് 84 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന അയര്‍ലന്‍ഡ് വിജയപ്രതീക്ഷ കൈവന്നെങ്കിലും ശംസി ഈ കൂട്ടുകെട്ട് പൊളിച്ചതോടെ അയര്‍ലന്‍ഡ് അനിവാര്യ തോല്‍വിയ്ക്ക് ഇരയാകുകയായിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹാരാജും തബ്രസ് ശംസിയും വെയ്ന്‍ പാര്‍നല്ലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങിയാണ് മഹാരാജ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. ലുങ്കി എങ്കിടിയും പ്രീറ്റോറിയസും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്കായി ഓപ്പണര്‍ റീസ ഹെന്റിക്‌സും സൂപ്പര്‍ താരം എയ്ഡന്‍ മാര്‍ക്കരവും അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെടുത്തത്. ഹെന്റിക്‌സ് 53 പന്തില്‍ 10 ഫോറും ഒരു സിക്‌സും സഹിതം 74 റണ്‍സാണ് സ്വന്തമാക്കിയത്. മാര്‍ക്കരം ആകട്ടെ 27 പന്തില്‍ രണ്ട് ഫോറും അഞ്ച് സിക്‌സും സഹിതം 56 റണ്‍സും നേടി. സ്റ്റമ്പ് 11 പന്തില്‍ 24 റണ്‍സെടുത്തപ്പോള്‍ പ്രിറ്റോറിയസ് വെറും ഏഴ് പന്തില്‍ 21 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.