വീണ്ടും അവസാന ചിരിചിരിച്ച് അയര്‍ലന്‍ഡ്, അഫ്ഗാന് മോഹഭംഗം

അഫ്ഗാനെതിരെ രണ്ടാം ടി20യിലും തകര്‍പ്പന്‍ ജയം നേടി അയര്‍ലന്‍ഡ്. അഞ്ച് വിക്കറ്റിന്റെ ജയമാണ് അയര്‍ലന്‍ഡ് സ്വന്തമാക്കിയത്. അഫ്ഗാന്‍ ഉയര്‍ത്തിയ 123 റണ്‍സ് വിജയലക്ഷ്യം ആറ് പന്ത് ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അയര്‍ലന്‍ഡ് മറികടക്കുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ അയര്‍ലന്‍ഡ് 2-0ത്തിന് മുന്നിലെത്തി.

അയര്‍ലന്‍ഡിനായി 46 റണ്‍സെടുത്ത നായകന്‍ ആന്‍ഡി ബാല്‍ബിറിന്റെ ഇന്നിംഗ്‌സാണ് നിര്‍ണ്ണായകമായത്. 36 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് നായകന്റെ പ്രകടനം. ലോക്കന്‍ തൂക്കര്‍ 27 റണ്‍സെടുത്തപ്പോള്‍ ജോര്‍ജ് ഡോക് റെല്‍ 25 റണ്‍സുമായി പുറത്താകാതെ നിന്നു.

അഫ്ഗാനായി മുഹമ്മദ് നബി രണ്ടോവറില്‍ 15 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. മുജീബുറഹ്മാനും ഫസല്‍ഹഖ് ഫാറുഖിയും നവീനുല്‍ ഹഖും ഒരോ വിക്കറ്റ് വീതവും സ്വന്തമാക്കി. റാഷിദ് ഖാന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിക്കറ്റ് വീഴ്ത്താനായില്ല.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനായി 42 പന്തില്‍ മൂന്ന് ഫോറടക്കം 36 റണ്‍സെടുത്ത ഹഷ്മത്തുളള ഷാഹിദി മാത്രമാണ് പിടിച്ച് നിന്നത്. ഇബ്രാഹിം സര്‍ദാര്‍ (17), അസ്മത്തുല്ല ഒമര്‍സായ് (11), നവീനുല്‍ ഹഖ് (10*) എന്നിവരാണ് അഫ്ഗാന്‍ നിരയില്‍ പിടിച്ച് നിന്നത്.

അയര്‍ലന്‍ഡിനായി ജോഷ് ലിറ്റില്‍, മാര്‍ക്ക് അഡയര്‍, കുര്‍ത്തിസ് ക്യാമ്പര്‍, ഗാരത് ഡെലേനി എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

You Might Also Like