ടിവി റേറ്റിംഗില്‍ അവിശ്വസനീയമായ കുതിപ്പ്, ലോകത്തെ ഏ്റ്റവും മികച്ച ലീഗായി ഐപിഎല്‍

Image 3
CricketIPL

ഐപിഎല്ലിന്റെ 13ാം സീസണ്‍ അത്യാവേശത്തോടെ പുരോഗമിക്കുകയാണ്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളോടെ നടക്കുന്ന ടൂര്‍ണമെന്റില്‍ കാഴ്ച്ചക്കാരുടെ എണ്ണം പുതിയ റെക്കോര്‍ഡുകള്‍ തീര്‍ക്കുകയാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.

ആരാധകരെ പ്രവേശിപ്പിക്കാതെയാണ് ഐപിഎല്‍ നടത്തുന്നതെങ്കിലും അതൊന്നും ഐപിഎല്ലിന്റെ ആവേശത്തെ തെല്ലും ബാധിച്ചിട്ടില്ലെന്ന് ഗാംഗുലി തുറന്ന് പറയുന്നു. മാത്രമല്ല ഇത്തവണ ചാനല്‍ റേറ്റിങ്ങില്‍ വലിയ കുതിച്ചുചാട്ടമാണെന്നും റേറ്റിങ് മേല്‍ക്കൂരയും കടന്ന് ഉയര്‍ന്നെന്നാണ് സൗരവ് ഗാംഗുലി പറഞ്ഞത്.

‘അവിശ്വസനീയമായ ഉയര്‍ച്ചയാണ് റേറ്റിങ്ങില്‍ ഉള്ളത്. റേറ്റിങ് മേല്‍ക്കൂരയും കടന്ന് പോയിരിക്കുന്നു. എനിക്ക് അതില്‍ ഒട്ടും അത്ഭുതം തോന്നുന്നില്ല. ഇത് ചെയ്യണമോ വേണ്ടയോ എന്നത് ഔദ്യോഗിക ബ്രോഡ്കാസ്റ്റേഴ്സായ സ്റ്റാര്‍ സ്പോര്‍ട്സുമായും മറ്റ് ഔദ്യോഗിക വൃത്തങ്ങളുമായും ചര്‍ച്ച ചെയ്യുകയായിരുന്നു. ടൂര്‍ണമെന്റിന് ഒരുമാസം മുമ്പ് വരെ ഞങ്ങള്‍ക്ക് ഉറപ്പില്ലായിരുന്നു.

ബയോ ബബിള്‍ ഫലപ്രദമാകുമോ എന്നായിരുന്നു പ്രധാന ആശങ്ക. എന്ത സംഭവിച്ചാലും ക്രിക്കറ്റ് തിരിച്ചുകൊണ്ടുവരണമെന്നാണ് ആഗ്രഹിച്ചത്.ഇത്തരമൊരു മികച്ച പ്രതികരണം അത്ഭുതപ്പെടുത്തുന്നില്ല. കാരണം ലോകത്തിലെ ഏറ്റവും മികച്ച ടൂര്‍ണമെന്റാണിത്. ഇത്തവണത്തെ ഐപിഎല്‍ റേറ്റിങ്ങിലും കാഴ്ചക്കാരുടെ എണ്ണത്തിലും റെക്കോഡ് തിരുത്തുമെന്ന് എനിക്ക് ബെറ്റുവെക്കാന്‍ സാധിക്കും’-ഗാംഗുലി പറഞ്ഞു.

കൊറോണയെത്തുടര്‍ന്ന് കൂടുതല്‍ ആളുകളും നിലവില്‍ വീടുകളില്‍ത്തന്നെയാണുള്ളത്. കോവിഡായതിനാല്‍ പുറത്തുള്ള വിനോദങ്ങള്‍ക്ക് നിരവധി പരിമിതിയുണ്ട്. ഇതും ഐപിഎല്ലിന്റെ കാഴ്ചക്കാരുടെ എണ്ണം ഉയര്‍ത്താന്‍ കാരണമായി. സ്റ്റാര്‍ സ്പോര്‍ട്സിലും ഹോട്ട് സ്റ്റാറിലുമാണ് പ്രധാനമായും ഐപിഎല്‍ കൂടുതല്‍ ആളുകള്‍ കാണുന്നത്. അനൗദ്യോഗികമായി ഹാക്കിങ് ചാനലുകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഐപിഎല്‍ അനുവാദമില്ലാതെ സംപ്രേഷണം ചെയ്യുന്നുണ്ട്. എന്നാല്‍ ഇതൊന്നും ചാനല്‍ റേറ്റിങ്ങിനെ കുറച്ചിട്ടില്ല. ഇത്തവണ റെക്കോഡ് റേറ്റിങ്ങാണ് പ്രതീക്ഷിക്കുന്നതെന്ന് സീസണിന് മുമ്പ് തന്നെ ഗാംഗുലി പറഞ്ഞിരുന്നു. ആദ്യ ഒരാഴ്ചയ്ക്ക് ശേഷം പുറത്തുവന്ന കണക്കുകള്‍ ഇത് ശരിവെക്കുന്ന തരത്തിലായിരുന്നു.

ഇത്തവണ സൂപ്പര്‍ ഓവറുകള്‍ കൂടുതല്‍ നടക്കുന്നതിനോടും ഗാംഗുലി പ്രതികരിച്ചു.’ഇത്തവണ നടന്ന സൂപ്പര്‍ ഓവറുകളിലേക്ക് നോക്കുക.പഞ്ചാബും മുംബൈയും തമ്മില്‍ നടന്നത് രണ്ട് സൂപ്പര്‍ ഓവറാണ്. ശിഖര്‍ ധവാന്റെ ബാറ്റിങ് നോക്കുക.രോഹിത് ശര്‍മയെ നോക്കുക.മികച്ച പ്രകടനം നടത്തുന്ന യുവതാരങ്ങളെ നോക്കുക.കെ എല്‍ രാഹുലിനേയും ക്രിസ് ഗെയ്ലിന്റെ മടങ്ങിവരവും നോക്കുക.പഞ്ചാബ് പതിയെ തിരിച്ചെത്തുകയാണ്. അത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്’-ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

പ്ലേ ഓഫിലെത്താനുള്ള പോരാട്ടം ശക്തമായിക്കൊണ്ടിരിക്കവെ ഇനിയും കാഴ്ചക്കാരുടെ എണ്ണം കൂടുമെന്നുറപ്പാണ്.