ഐപിഎല്‍ ഉപേക്ഷിച്ച് റെയ്‌ന ഇന്ത്യയിലേക്ക് മടങ്ങി, ഞെട്ടി ഇന്ത്യന്‍ ക്രിക്കറ്റ്

Image 3
CricketIPL

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പ്രധാന താരം സുരേഷ് റെയ്‌ന ഈ സീസണില്‍ ഐപിഎല്‍ കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് റെയ്‌ന ഐപിഎല്‍ ഉപേക്ഷിച്ചിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ക്രിക്കറ്റ് ലോകത്തെ ഒന്നാകെ അമ്പരപ്പിച്ചിരിക്കുകയാണ് ഈ വാര്‍ത്ത.

നേരത്തെ ഐപിഎല്ലിനായി റെയ്‌ന ദുബൈയില്‍ എത്തിയിരുന്നു. അതിന് പിന്നാലെയാണ് ഐപിഎല്‍ ഉപേക്ഷിച്ച് താരം നാട്ടിലേക്ക് മടങ്ങിയത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

ചെന്നൈ ടീമിലെ 10 പേര്‍ക്ക് കോവിഡ് ബാധിച്ചു എന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് റെയ്‌ന സീസണ്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയത്. റെയ്‌നയുടെ തീരുമാനത്തിന് പിന്നില്‍ ഈ സംഭവം ആണോ കാരണമെന്ന് അറിയില്ല.

ഈ മാസം 15ന് റെയ്‌ന മഹേന്ദ്ര സിംഗ് ധോണിയ്‌ക്കൊപ്പം രാജ്യന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. അതിന് പിന്നാലെയാണ് ഐപിഎല്‍ കളിക്കാന്‍ ദുബൈയിലേക്ക് വിമാനം കയറുന്നത്. റെയ്‌നയുടെ പെട്ടെന്നുളള മടക്കം പല ഊഹാപോഹങ്ങളും പ്രചരിക്കാന്‍ കാരണമാകുന്നുണ്ട്.

ഇന്ത്യ കണ്ടെത്തിയ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായിരുന്നു റെയ്‌ന. റെയ്‌നയുടെ ബാറ്റിംഗ് ഐപിഎല്ലില്‍ കാണാം എന്ന് ആശ്വസിച്ച ആരാധകര്‍ക്കേറ്റ കനത്ത തിരിച്ചടിയായി മാറി റെയ്‌നയുടെ പുതിയ തീരുമാനം.