പ്രീതി സിന്റയോട് തന്നെ ടീമിലെടുക്കാന്‍ അഭ്യര്‍ത്ഥിച്ച് ശ്രീശാന്ത്

ഐപിഎല്‍ കളിക്കാനുളള ശ്രീയുടെ ആഗ്രഹം എത്ര തീവ്രമായിരുന്നു എന്ന് തെളിയക്കുന്ന സംഭവം പുറത്ത്. ഏതൊക്കെ കളിക്കാരെ തെരഞ്ഞെടുക്കണമെന്ന പഞ്ചാബ് കിംഗ്സ് ഉടമ പ്രീതി സിന്റയുടെ ചോദ്യത്തിന് സ്വന്തം പേരെഴുതിയാണ് ശ്രീശാന്ത് മറുപടി നല്‍കിയത്.

ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി ഇന്‍സ്റ്റാഗ്രാമിലാണ് പ്രീതി ചോദ്യമുന്നയിച്ചത്. മുന്‍പ് ശ്രീശാന്ത് പന്തെറിഞ്ഞിട്ടുള്ള ടീമാണ് പഞ്ചാബ് കിംഗ്സ്.

ടീമിന് ആശംസകള്‍ നേരുന്നതിനൊപ്പമായിരുന്നു ശ്രീ സ്വന്തം പേരും എഴുതിയത്. സംഭവം സോഷ്യല്‍ മീഡിയയില്‍ ട്രോളിനും വഴിയൊരുക്കിയിട്ടുണ്ട്. ‘സാരമില്ല നമുക്ക് അടുത്ത തവണ നോക്കാമെന്ന് ചിലര്‍ ശ്രീശാന്തിന് ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്.’

മുക്കാല്‍ കോടി രൂപയ്ക്കാണ് ഏറെ നാളുകള്‍ക്ക് ശേഷം ക്രിക്കറ്റിലേക്ക് തിരികെയെത്തിയ ശ്രീശാന്ത് ഐപിഎല്ലില്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ആദ്യഘട്ടത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത താരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ പോലും ശ്രീശാന്തിന് കഴിഞ്ഞില്ല. സയിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് വേണ്ടി ശ്രീ കളിച്ചിരുന്നെങ്കിലും വലിയ മികവ് പുലര്‍ത്താന്‍ കഴിഞ്ഞില്ല. പിന്നാലെയാണ് ഐപിഎല്‍ താരലേലം നടക്കുന്നത്.

ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടില്ലെങ്കിലും അവസാന നിമിഷം തിരികെയെത്താനുള്ള സാധ്യതകള്‍ അവസാനിച്ചിട്ടില്ലെന്നും താരം പ്രതികരിച്ചിരുന്നു. അഞ്ച് മലയാളി താരങ്ങള്‍ക്കാണ് ഇത്തവണ അവസരം ലഭിച്ചത്. ആദ്യമായിട്ടാണ് അഞ്ച് കേരളാ താരങ്ങളെ മുന്‍നിര ടീമുകള്‍ സ്വന്തമാക്കുന്നത്.

You Might Also Like