നിഗൂഢ സ്പിന്നര്‍മാരുടെ പറുതീസയാണത്, ഐപിഎല്ലിനെ ഈ ലീഗ് വെല്ലുമെന്ന് സൂപ്പര്‍ താരം
നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ടി20 ലീഗ് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗാണെന്ന് മുന്‍ പാക് സൂപ്പര്‍ താരം മുഷ്താഖ് അഹമ്മദ്. പാക് സൂപ്പര്‍ ലീഗിന്റെ ഭാഗമായവരും അല്ലാത്തവരുമായ നിരവധി താരങ്ങളുമായി താന്‍ സംസാരിച്ചിട്ടുണ്ടെന്നും അതില്‍ നിന്നാണ് ഇത്തരമൊരു നിഗമനത്തിലെത്തിയതെന്നുമാണ് പാക് താരം പറയുന്നത്.
ക്രിക്കറ്റ് പാകിസ്ഥാനോട് സംസാരിക്കവെയാണ് പാക് താരത്തിന്റെ വിചിത്ര അവകാശവാദം. പാക് സൂപ്പര്‍ ലീഗിലുളള ബൗളിംഗ് നിലവാരം ഐപിഎല്‍ ഉള്‍പ്പെടെ മറ്റൊരു ഫ്രാഞ്ചസി ടി20 ലീഗിനും ഇല്ലെന്നും അദ്ദേഹം തുറന്നടിയ്ക്കുന്നു.
‘ലോകത്തെ ഏറ്റവും മികച്ച ലീഗാണ് പാക് സൂപ്പര്‍ ലീഗ്. ഞാന്‍ നിരവധി വിദേശ കളികാരുമായി സംസാരിച്ചു. ഇത്ര കടുപ്പമേറിയ ബോളിംഗ് മറ്റെവിടെയും നേരിട്ടിട്ടില്ലെന്ന് അവര്‍ എന്നോട് പറഞ്ഞു. ഐപിഎല്ലോ, ബിഗ് ബാഷോ, ഇംഗ്ലണ്ടിലെ ടി20 ബ്ലാസ്റ്റോ എടുത്തു നോക്കൂ, പി എസ് എല്ലിലുള്ളത്രയും മികച്ച ബോളര്‍മാര്‍ മറ്റെവിടെയുമില്ല. എല്ലാ പി എസ് എല്‍ ഫ്രാഞ്ചൈസിയിലും, 135 കിമി/മണിക്കൂറിന് മുകളില്‍ പന്തെറിയാന്‍ കഴിയുന്ന 2,3 കളികാരുണ്ട്. ധാരാളം നിഗൂഢ സ്പിന്നര്‍മാരും ഇവിടെയുണ്ട്.’ മുഷ്താഖ് പറയുന്നു.
നിലവില്‍ പിഎസ്എല്‍ ടീമായ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിന്റെ ബോളിംഗ് പരിശീലകന്‍ ആണ് മുഷ്താഖ് അഹമ്മദ്. കഴിഞ്ഞ പിഎസ്എല്ലില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് ആണ് കിരീടം സ്വന്തമാക്കിയത്.