ദുരന്തമായി കമ്മിന്‍സന്‍, 15.5 കോടി മുടക്കി ടീമിലെടുത്ത താരം കൊല്‍ക്കത്തയോട് ചെയ്തത്

കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സിനായി ടീമുകള്‍ നടത്തിയത്. ഒടുവില്‍ 15.5 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആണ് കമ്മിന്‍സനെ ടീമിലെത്തിച്ചത്.

എന്നാല്‍ ഐപിഎല്‍ 13ാം സീസണില്‍ കൊല്‍ക്കത്തയ്ക്കായി പന്തെറിയാനെത്തിയ ‘ദശലക്ഷ പ്രഭുവിനെ’ രോഹിത്തും കൂട്ടരും നിഷ്‌ക്കരുണം തല്ലിചതയ്ക്കുകയായിരുന്നു. മത്സരത്തില്‍ മൂന്നോവര്‍ മാത്രമേ കമ്മിന്‍സിനെക്കൊണ്ടു കൊല്‍ക്കത്തന്‍ ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് ബൗള്‍ ചെയ്യിപ്പിച്ചുള്ളൂ. ഇവയില്‍ നിന്നു തന്നെ താരത്തിന് വയറ് നിറച്ചു കിട്ടുകയും ചെയ്തു. 49 റണ്‍സാണ് 18 പന്തില്‍ കമ്മിന്‍സ് വഴങ്ങിയത്. ഇക്കോണമി റേറ്റാവട്ടെ 16.30 ആയിരുന്നു.

കളിയില്‍ കമ്മിന്‍സിന്റെ ആദ്യ ഓവറില്‍ തന്നെ രണ്ടു സിക്സറടക്കം രോഹിത് 15 റണ്‍സ് അടിച്ചെടുത്തിരുന്നു. തൊട്ടടുത്ത ഓവറിലും പേസര്‍ 15 റണ്‍സ് വിട്ടുകൊടുത്തു. മൂന്നാമത്തെ ഓവറില്‍ 19 റണ്‍സായിരുന്നു കമ്മിന്‍സിന്റെ ഓവറില്‍ മുംബൈ വാരിക്കൂട്ടിയത്. ഇതോടെ ശേഷിച്ച ഒരോവര്‍ അദ്ദേഹത്തെക്കൊണ്ട് കാര്‍ത്തിക് ബൗള്‍ ചെയ്യിച്ചതുമില്ല.

ഇതോടെ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പരിഹാസമാണ്് കമ്മിന്‍സന്‍ നേരിടുന്നത്. ഒരു യോര്‍ക്കര്‍ പോലുമില്ല, പ്രത്യേകിച്ച് എടുത്തു പറയാനും ഒന്നുമില്ല, ഒരേ തരത്തിലുള്ള ഷോര്‍ട്ട് പന്തുകള്‍ തന്നെ വീണ്ടും വീണ്ടുമെറിയുന്നു. പാറ്റ് കമ്മിന്‍സ് നിരാശപ്പെടുത്തിയെന്ന് ഒരാള്‍ കുറിച്ചു.

ഇതോടെ മത്സരത്തില്‍ വന്‍ തോല്‍വിയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഏറ്റുവാങ്ങിയത്. ടി20യെ സംബന്ധിച്ച് 49 റണ്‍സിന്റെ തോല്‍വി എന്നത് ഒരു ടീമിനെ സംബന്ധിച്ച് ആത്മഹത്യാപരമാണ്. മുംബൈ ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ കേവലം 145 റണ്‍സിനാണ് കൊല്‍ക്കത്ത കീഴടങ്ങിയത്.

You Might Also Like