സഞ്ജുവിനും രാജസ്ഥാനും തിരിച്ചടികളുടെ ദിനം, വമ്പന്‍ വീഴ്ച്ച

Image 3
CricketCricket News

ഐപിഎല്ലില്‍ സൂപ്പര്‍ സണ്ടേയില്‍ രാജസ്ഥാന്‍ റോയല്‍സിനും ക്യാപ്റ്റന്‍ സഞ്ജു സാംസണിനും വിശ്രമം ആയിരുന്നെങ്കിലും അവരെ സംബന്ധിച്ച് തിരിച്ചടികളുടെ ദിനമാണ് കടന്ന് പോയത്. ലഖ്‌നൗവിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത കൂറ്റന്‍ ജയം നേടിയതോടെ പോയന്റ് പട്ടികയില്‍ രാജസ്ഥാന്‍ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

11 മത്സരങ്ങളില്‍ നിന്ന് എട്ട് ജയവും മൂന്ന് തോല്‍വിയുമായി 16 പോയന്റുമായാണ് കൊല്‍ക്കത്ത ഒന്നാം സ്ഥാനത്തെത്തിയത്. രാജസ്ഥാന് 10 മത്സരങ്ങളില്‍ നിന്ന് എട്ട് ജയവുമായി 16 പോയന്റോടെ രാജസ്ഥാന്‍ രണ്ടാം സ്ഥാനത്ത് ഉണ്ടെങ്കിലും നെറ്റ് റണ്‍റേറ്റില്‍ കൊല്‍ക്കത്തയോട് ബഹുദൂരം പിന്നിലായതാണ് സഞ്ജുപ്പടയ്ക്ക് തിരിച്ചടിയായത്.

അതെസമയം പഞ്ചാബിനെതിരെ മത്സരം ജയിക്കാനായതോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പോയന്റ് പട്ടികയില്‍ മൂന്നാമതായി. 11 മത്സരങ്ങളില്‍ നിന്ന് ആറ് ജയം സഹിതം 12 പോയന്റാണ് ചെന്നൈയ്ക്കുളളത്.

ഐപിഎല്‍ ഓറഞ്ച് ക്യാപ്പ് പോരാട്ടത്തില്‍ സഞ്ജു സാംസണ്‍ ആദ്യ 10ലേത്ത് പിന്തള്ളപ്പെടുന്നതിനും ഞായറാഴ്ച്ച സാക്ഷ്യം വഹിച്ചു. 10 മത്സരങ്ങളില്‍ നിന്ന് 385 റണ്‍സാണ് സഞ്ജു നേടിയിട്ടുളളത്.

11 മത്സരങ്ങളില്‍ 542 റണ്‍സുമായാണ് വിരാട് കോഹ്ലി ഒന്നാം സ്ഥാനത്തേയ്ക്ക് തിരിച്ചെത്തി. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിന് ഇറങ്ങിയപ്പോള്‍ ഓറഞ്ച് ക്യാപ് തിരിച്ചു പിടിക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ റുതുരാജ് ഗെയ്ക്വാദിന് അവസരം ഉണ്ടായിരുന്നെങ്കിലും 21 പന്തില്‍ 32 റണ്‍സെടുത്ത് പുറത്തായതോടെ അവസരം നഷ്ടമായി. 541 റണ്‍സുമായി വിരാട് കോലിക്ക് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്താണ് റുതുരാജ് ഇപ്പോള്‍.

കൊല്‍ക്കത്ത താരം സുനില്‍ നരെയ്ന്‍ റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തെത്തിയതാണ് മറ്റൊരു പ്രധാന മാറ്റം. ഇന്നലെ ലഖ്‌നൗവിനെതിരെ 39 പന്തില്‍ 81 റണ്‍സടിച്ച നരെയ്ന്‍ 11 മത്സരങ്ങളില്‍ 461 റണ്‍സുമായാണ് മൂന്നാം സ്ഥാനത്തെത്തിയത്. ഐപിഎല്‍ കരിയറിലാദ്യമായാണ് നരെയ്ന്‍ ഒരു സീസണില്‍ 400 റണ്‍സടിക്കുന്നത്. കൊല്‍ക്കത്തക്കെതിരെ 21 പന്തില്‍ 25 റണ്‍സെടുത്ത ലഖ്‌നൗ നായകന്‍ കെ എല്‍ രാഹുല്‍ 431 റണ്‍സുമായി നാലാം സ്ഥാനത്തുണ്ടെങ്കിലും 429 റണ്‍സുമായി കൊല്‍ക്കത്ത ഓപ്പണര്‍ ഫില്‍ സാള്‍ട്ട് രാഹുലിന് തൊട്ടു പിന്നില്‍ അഞ്ചാം സ്ഥാനത്തുണ്ട്.

സായ് സുദര്‍ശന്‍(424), റിയാന്‍ പരാഗ്(409), റിഷഭ് പന്ത്(398), ട്രാവിസ് ഹെഡ്(396) എന്നിവരാണ് ആറ് മുതല്‍ ഒമ്പത് വരെയുള്ള സ്ഥാനങ്ങളില്‍.