മുംബൈ ഫാന്‍സായ ഞാന്‍ ഇത്തവണ ബംഗളൂരുവിനൊപ്പമാണ്, കാരണമിതാണ്

പ്രണം കൃഷ്ണ

വീണ്ടുമൊരു ഐപിഎല്‍ സീസണ്‍ വന്നെത്തി! കഴിഞ്ഞ സീസണുകളെയ അപേക്ഷിച്ച് ഈ സീസണില്‍ പേര്‍സനലി എന്നെ സംബന്ധിച്ചുള്ള പ്രത്യേകത ഈവട്ടം എന്റെ ഫേവറിറ്റ് ടീം ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ആണ് എന്നതാണ്.

ഐപിഎല്‍ ഒന്നാം പതിപ്പ് മുതല്‍ ഈ കഴിഞ്ഞ പതിമൂന്നാം പതിപ്പ് വരെയും എന്റെ ഫേവറിറ്റ് ടീം മുംബൈ ഇന്ത്യന്‍സ് ആയിരുന്നു. ഏതാണ്ട് എല്ലാവരെയും പോലെ സച്ചിന്‍ എന്ന ഒരൊറ്റ ഫാക്ടര്‍ ആയിരിന്നു അന്നെന്നെ മുംബൈയിലേക്ക് അടുപ്പിച്ചത്, ഇപ്പൊ ബാംഗ്ലൂരിലേക്ക് അടുപ്പിക്കുന്നത് വിരാട് എന്ന ഫാക്ടറും.

സച്ചിന്‍ ഫാക്ടര്‍ കാരണം തന്നെ അന്നും ഏറ്റവുമധികം ഫാന്‍ ഫോള്ളവര്‍സ് ഉള്ള ഫ്രാഞ്ചൈസികളില്‍ ഒന്നായിരുന്നു മുംബൈ. സച്ചിന് പുറമെ ജയസൂര്യയേയും, പൊള്ളോക്കിനെയും, ഹര്‍ഭജനെയും, മലിംഗയേയും പോലുള്ള പ്രഗല്‍ഭരായ കളിക്കാര്‍ വേറെയുമുണ്ടായിരിന്നു ആ ടീമില്‍. ഇവരൊക്കെയും അണിനിരന്നിട്ടും ആദ്യ രണ്ട് സീസണുകളിലെയും ടീമിന്റെ പ്രകടനം ഞാന്‍ ഉള്‍പ്പെടുന്ന ഫാന്‍സിനെ ഒരുവിധത്തിലും തൃപ്തിപ്പെടുത്തുന്നതായിരുന്നില്ല. കൂടാതെ ആദ്യ സീസണിലെ ചില മത്സരങ്ങള്‍ പരിക്ക് കാരണം സച്ചിന് കളിക്കാന്‍ പറ്റാതിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ടീം കൂറ് വരെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യവും ഉണ്ടായിരുന്നു. അതുപോലെ തൊണ്ണൂറുകളിലെ ഇന്ത്യന്‍ ടീമിനെ അനുസ്മരിപ്പിക്കും വിധം ജയിക്കുമെന്ന് ഉറപ്പിച്ച ശേഷം മത്സരം കൊണ്ടുപോയി കളയുന്ന പല അവസരങ്ങളും ഈ സീസണുകളില്‍ ഉണ്ടായിരിന്നു. അതില്‍ തന്നെ പല കളികളും അവസാനം വരെ എത്തിപ്പിച്ചത് ജീന്‍ പോള് ഡുമിനി എന്ന ടി20യില്‍ ശരാശരി മാത്രമായിരുന്ന ഒരു കളിക്കാരന്‍ ആയിരിന്നു എന്ന് കൂടി ഓര്‍ക്കണം.

എന്നാല് മൂന്നാം സീസണില്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു ടീമിനെ ആയിരിന്നു കളിക്കളത്തില്‍ കണ്ടത്. സച്ചിന്‍ മുന്നില്‍ നിന്ന് നയിച്ച സീസണില്‍ ഹര്‍ഭജനും, സഹീറും, മലിംഗയും ഉള്‍പ്പെട്ട എക്‌സ്പീരിയന്‍സ്ഡ് ആയിട്ടുള്ള ബോളിങ് നിരയും, സൗരഭ് തിവാരിയും അമ്പാടി റായുഡുവും പോലുള്ള യുവ താരങ്ങളും, പൊള്ളാര്‍ഡ് എന്ന ഐപിഎല്ലിലെ ആ സീസണിലെ ഏറ്റവും വലിയ സൈനിങും അവരവരുടെ റോളുകള്‍ വൃത്തിയായി ചെയ്തതോടെ ഗ്രൂപ്പ് സ്റ്റേജില്‍ ടേബിള്‍ ടോപ്പേഴ്‌സായി സെമിയിലേക്ക് യോഗ്യത നേടി. സെമിയില്‍ ബാംഗ്ലൂരിനെ തോല്‍പ്പിച്ച് ഫൈനലിലേക്കും. അന്ന് സെമിയില്‍ കൈവിരലിന് പരിക്കേറ്റത് കാരണം സച്ചിന്‍ ഫൈനലില്‍ കളിക്കുമോ എന്നതൊക്കെ രണ്ട് ദിവസത്തോളം പത്രങ്ങളില്‍ ഫസ്റ്റ് പേജ് വാര്‍ത്തയും, ചാനലുകളിലെ പ്രധാന ചര്‍ച്ചാ വിഷയവും ആയിരിന്നു. ഐപിഎല്‍ ചരിത്രത്തില്‍ അതിന് മുന്‍പോ പിന്‍പോ ഒരു കളിക്കാരന്റെ പരിക്കിനെ പറ്റി ഇത്രത്തോളം ചര്‍ച്ചാ ഉണ്ടായതായി എന്റെ ഓര്‍മ്മയില്‍ ഇല്ല.

ആ സീസണില്‍ അത്രത്തോളം ഡോമിനന്‍സോടെ കളിച്ചതിനാല്‍ തന്നെ മുംബൈ ചെന്നൈ ഫൈനലില്‍ മിക്കവരുടെയും ബെറ്റ് മുംബൈ തന്നെയായിരുന്നു. പക്ഷേ തോറ്റ് പോയി. ആ ഫൈനല്‍ തോള്‍വിയോളം നിരാശ സമ്മാനിച്ച വേറൊരു ഫൈനല്‍ തോല്‍വി 2003 ലോകകപ്പ് ഫൈനലിലേത് മാത്രമേയുള്ളൂ. ആ ഫൈനലിന് ശേഷം അതുപോലെ തടിക്ക് കൊടുത്ത് കണ്ട വേറൊരു ഫൈനല്‍ 2011 ലോകകപ്പ് ഫൈനലും മാത്രമായിരിക്കും.

ആ സീസണിലുടനീളം മിന്നുന്ന ഫോമില്‍ കളിച്ച ടെണ്ടുല്‍ക്കര്‍ ഫുള്‍ ഫിറ്റോടെ ആയിരിന്നു ഫൈനല്‍ കളിച്ചിരുന്നതെങ്ങില്‍? ചെന്നൈക്ക് മാന്യമായൊരു ടോട്ടല്‍ സമ്മാനിച്ച റൈനയെ രണ്ട് വട്ടം ഡ്രോപ്പ് ചേയ്തില്ലായിരിന്നുവെങ്കില്‍? പൊള്ളാര്‍ഡിനെ കുറച്ച് കൂടെ നേരത്തെ ഇറക്കിയിരുന്നുവെങ്കില്‍? ഇങ്ങനെയുള്ള കുറേ ചോദ്യങ്ങള്‍ ആ ഫൈനലിന് പറ്റി ആലോചിക്കുമ്പോള്‍ എപ്പോഴും മനസ്സില്‍ കയറിവരും. 2003 ലോകകപ്പ് ഫൈനലില്‍ ടോസ് ലഭിച്ചിട്ട് ഗാംഗുലി ബാറ്റിംഗ് തിരഞ്ഞെടുത്തിരുന്നുവെങ്കിലോ? എന്നത് പോലെ

അതിന് ശേഷം സച്ചിന് പകരം ഹര്‍ഭജനും, പൊണ്ടിംഗും, രോഹിതും ഒക്കെ ക്യാപ്റ്റന്‍മാരയി വന്നു. ടീം അഞ്ച് വട്ടം ഐപിഎല്ലും, ഒരുവട്ടം ചാംപ്യന്‍സ് ലീഗും നേടി ഐപിഎല്‍ ഇന്നോളം കണ്ടതില്‍ ഏറ്റവും സക്‌സസ്ഫുള്‍ ആയ ഫ്രാഞ്ചൈസിയുമായി മാറി. ഇതില്‍ തന്നെ 2013 സീസണില്‍ ടൈറ്റില്‍ വിന്‍ ചെയ്ത് സച്ചിന് ഫെയര്‍വല്‍ നല്‍കാനും ടീമിനും സാധിച്ചു.
എന്നിരുന്നാലും അന്തിമ ഫലം നിരാശയാണ് സമ്മാനിച്ചതെങ്കിലും 2010ലെ ആ സീസനോട് തോന്നിയ ഒരു അറ്റാച്ച്‌മെന്റ് പിന്നീട് കപ്പുയര്‍ത്തിയ അഞ്ച് സീസണുള്‍പ്പെടെ ഒരു സീസണോടും എനിക്ക് തോന്നിയിട്ടില്ല.

സച്ചിന്‍ എന്ന കളിക്കാരനോടുള്ള വൈകാരികമായ ബോണ്ടിങ് അത്രയും ദൃഢം ആയതിനാലാനാവണം ആയൊരു അടുപ്പം ഇന്നും ഐപിഎല്‍ മൂന്നാം പതിപ്പിനോടുള്ളത്. ഐപിഎല്‍ ആറാം പതിപ്പോടെ സച്ചിന്‍ വിരമിച്ചെങ്കിലും മുംബൈയെ അങ്ങനെയങ്ങ് വിട്ട് കളയാന്‍ തോന്നിയിരുന്നില്ല. എന്തോ ഒന്ന് അവിടെ തന്നെ പിടിച്ച് നിര്‍ത്തിയിരിന്നു.

ഇപ്പൊ ടീം മാറാന്‍ പ്രചോദിപ്പിക്കുന്ന ഘടകം എന്നത് കോഹ്ലിയാണ്. അന്ന് സച്ചിനോട് ഉണ്ടായിരുന്ന അത്രയോ, അതിലധികമോ താല്‍പര്യം കഴിഞ്ഞ കുറച്ച് കാലമായി കോഹ്ലിയുടെ അടുത്തുണ്ട്. ഒരു കാലത്ത് സച്ചിന്റെ റെക്കോര്‍ഡുകള്‍ ഒക്കെയും ക്രിക്കറ്റ് ഉള്ള കാലത്തോളം അതുപോലെ തന്നെ നിലനില്‍ക്കണം എന്ന സ്വാര്‍ഥതയുള്ള ഒരു ഹാര്‍ഡ്‌കോര്‍ സച്ചിന്‍ ഫാന്‍ ആയിരിന്നു ഞാന്‍. പക്ഷേ ഇപ്പോ എന്റെ ആഗ്രഹം സച്ചിന്റെ ആ റെക്കോഡുകള്‍ ഒക്കെയും എത്രയും പെട്ടെന്ന് കോഹ്ലി മറികടക്കണം എന്നാണ്.

ഐപിഎല്ലിലെ ഏറ്റവും സക്‌സസ്ഫുള്‍ ഫ്രാഞ്ചൈസി ആയ മുംബൈയില്‍ നിന്ന് ബാംഗ്ലൂര്‍ പോലെ തീരെ മോശം സ്റ്റാറ്റസ് ഉള്ളൊരു ടീമിലേക്ക് ഫേവറേറ്റിസം സ്വിച്ച് ചെയ്യാന്‍ വട്ടാണോ എന്നാലോചിക്കുന്നവര്‍ ഉണ്ടാകും. ആദ്യമേ പറഞ്ഞത് പോലെ ഇത് വിരാടിനോടുള്ള ഫ്രേന്‍സിയാണ്. സച്ചിന്‍ മുംബൈയ്ക്ക് വേണ്ടി ആയിരുന്നില്ല കളിച്ചിരുന്നെന്തെങ്കില്‍ ഞാന്‍ അന്ന് മുംബൈ ഫാനും ആകത്തില്ലായിരിന്നു. നാളെ വിരാടിന്റെ കാലശേഷം സച്ചിനോളവും, വിരാടിനോളവും തലപ്പൊക്കമുള്ള വേറൊരു താരം വന്നാല്‍ ആ താരത്തെ ആശ്രയിച്ചായിരിക്കും എന്റെ താല്‍പര്യങ്ങള്‍. കാരണം ഞാന്‍ ഇഷ്ടപ്പെടുന്നത് താരങ്ങളെ ആണ്, ടീമുകളെ അല്ല. ഇത് എല്ലാവര്‍ക്കും ദഹിക്കുന്ന ഒരു വാദമല്ലെന്നും എനിക്കറിയാം.

മുംബൈ ഇന്ത്യന്‍സ് ഇന്നോളം സമ്മാനിച്ച എല്ലാ നല്ല കളികള്‍ക്കും, നല്ല ഓര്‍മ്മകള്‍ക്കും എന്നും ആ ടീമിനോട് കടപ്പാട് ഉണ്ടാവും. ബാംഗ്ലൂരിനൊപ്പമുള്ള യാത്രയും അതുപോലെ മധുരമുള്ളതായിരിക്കും എന്ന പ്രതീക്ഷയോടെ നിര്‍ത്തുന്നു.

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

 

You Might Also Like