മുംബൈ, ചിരിക്കുന്ന കൊലയാളിയാണ് പടികടന്നത്, ആ കൊടുങ്കാറ്റില്‍ എത്ര വന്‍മരങ്ങളാണ് കടപുഴകിയത്

ലസിത് മലിംഗ പടിയിറങ്ങുകയാണ്. താനത്രമേല്‍ അധീശത്വം പുലര്‍ത്തിയ ഒരു ടൂര്‍ണമെന്റില്‍, തനിക്കത്രയേറെ പ്രിയപ്പെട്ട ജേഴ്‌സിയില്‍ താനെറിഞ്ഞ അവസാന പന്തില്‍ വിക്കറ്റെടുത്ത് മത്സരവും കപ്പും തന്റെ ടീമിനയാള്‍ നേടിക്കൊടുത്തിട്ടുണ്ട്. അതും, തന്റെ കാലം കഴിഞ്ഞെന്ന് സകലരും വിധിയെഴുതിയ ഒരു സീസണില്‍.

ആരായിരുന്നു ലസിത് മലിംഗയെനിക്കെന്നു ചോദിച്ചാല്‍ കൃത്യമായൊരുത്തരമില്ല. ഐ.പി.എല്ലിലെ എക്കാലത്തെയും ഏറ്റവും മികച്ച ബൗളിംഗ് സൈനിംഗെന്ന വിശേഷണം പോലും സത്യത്തില്‍ മലിംഗ ആ ടൂര്‍ണമെന്റില്‍ ചെലുത്തിയിട്ടുള്ള സ്വാധീനത്തിന്റെ അളവുകോലാകുന്നില്ല എന്നതാണ് വസ്തുത. ബാറ്റിംഗ് ഹെവി വെയ്റ്റുകളാല്‍ നിറഞ്ഞ മുംബൈ ഇന്ത്യന്‍സ് ഹാള്‍ ഓഫ് ഫെയിമിലെ ഏറ്റവും മൂല്യമേറിയ രജതനക്ഷത്രമായിരുന്നു ഈ ശ്രീലങ്കക്കാരന്‍.

ഒരു ബൗളിംഗ് മെഷീനെപ്പോലും അമ്പരപ്പിക്കുമാറ് കൃത്യതയില്‍ ബാറ്റ്‌സ്മാന്റെ കാല്‍പ്പാദത്തിനു തൊട്ടു മുന്നില്‍ പതിച്ച് ടിമ്പറിന്റെ അടിവേരിളക്കുന്ന യോര്‍ക്കറുകള്‍ അയാളേക്കാള്‍ മനോഹരമായി മറ്റൊരു ബൗളറും വൈറ്റ് ബോള്‍ ക്രിക്കറ്റിലെറിഞ്ഞിട്ടില്ല.ബ്രെറ്റ് ലീയുടെ ബൗളിംഗ് ആക്ഷന്‍ ഇരതേടിയിറങ്ങുന്ന ഒരു ചീറ്റപ്പുലിയെ അനുസ്മരിപ്പിച്ചിരുന്നെങ്കില്‍ മലിംഗയുടേത് പിഞ്ഞാണക്കടയില്‍ കയറുന്ന ഒരു കാളക്കൂറ്റനെയാണ് ഓര്‍മ്മിപ്പിക്കാറ്. ആഞ്ഞു വീശുന്ന ആ കൊടുങ്കാറ്റില്‍ കടപുഴകി വീണിരുന്നത് എത്രയെത്ര പ്രതിരോധങ്ങളായിരുന്നു!. മലിംഗയുടെ റണ്ണപ്പ് അവസാനിച്ച് ബോള്‍ റിലീസിംഗ് പൊസിഷനിലെത്തുമ്പോഴാണ് അതേറ്റവും അനന്യമായി മാറുന്നത്. അവസാനത്തെ ലീപ്പിനു പകരം കൈ ഒരിത്തിരി പുറകിലേക്കു പിടിച്ച് ഒരു വയലന്റ് പഞ്ചിന്റെ രൂപത്തിലാണ് അയാള്‍ പന്തു റിലീസ് ചെയ്യുന്നത്. അയാളിലെ പേസ് ഉല്‍പ്പാദിപ്പിക്കപെടുന്നത് മറ്റു പല ഫാസ്റ്റ് ബൗളര്‍മാരെയും പോലെ മുതുകിനാലോ, ചുമലിനാലോ അല്ല. മറിച്ച് ചുമലിന് ഏതാണ്ട് സമാന്തരമായവസാനിക്കുന്ന സ്ലിംഗ് ഷോട്ടിനാലാണ്. ലസിത് മലിംഗ,സ്ലിംഗര്‍ മലിംഗയാകുന്നതും അവിടെയാണ്..

ഓര്‍മ്മകള്‍ കൂടു തുറന്നു വിട്ട പക്ഷിയെപോലെ അലയുകയാണ്. ആ ആകാശത്തൊരു കൊള്ളിയാനെപ്പോലെ അയാളെ കാണാം. 2011ലെ ഐ.പി.എല്ലാണ്. മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ നേരിടുന്നു. സെവാഗും,വ ാര്‍ണറും ഓപ്പണ്‍ ചെയ്യുന്ന ഡല്‍ഹി ഇന്നിംഗ്‌സിനെ കുറിച്ചൊന്നോര്‍ത്തു നോക്കൂ. ആ സ്വപ്നത്തിന് പക്ഷേ മലിംഗയുടെ റണ്ണപ്പിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. വാര്‍ണറുടെ കാലുകള്‍ക്കിടയില്‍ പതിച്ച പന്ത് അയാളുടെ സ്റ്റമ്പിന്റെ അടിവേരറുത്താണ് പോയത്. രണ്ടു പന്തുകള്‍ക്കു ശേഷം വീണ്ടും പീച്ച് ഓഫെ യോര്‍ക്കര്‍. സാങ്കേതികത്തികവിന്റെ പുതുനിരയിലെ പര്യായം എന്ന് വിളിപ്പേരുണ്ടായിരുന്ന ഉന്മുക്ത് ചന്ദിന് എന്താണ് സംഭവിക്കുന്നതെന്ന് ഒരു രൂപവുമുണ്ടായിരുന്നില്ല. അന്ന് മലിംഗ ബൗളിംഗ് അവസാനിപ്പിച്ചപ്പോള്‍ അയാളുടെ പേരിന്നു നേരെ സ്‌കോര്‍ ബോര്‍ഡ് ഇങ്ങനെ രേഖപ്പെടുത്തപ്പെട്ടു.3.4 -1-13-5. അതെ!എറിഞ്ഞ 22 പന്തില്‍ നിന്നും 5 വിക്കറ്റ്. അതില്‍ നാലും ക്ലീന്‍ ബൗള്‍ഡ്. അയാള്‍ അണ്‍സ്റ്റോപ്പബിള്‍ മാത്രമായിരുന്നില്ല;അപ്രതിരോധ്യനും കൂടിയായിരുന്നു.

കേവലം സ്റ്റാറ്റിസ്റ്റിക്‌സിനാല്‍ മാത്രം അളക്കപ്പെടാനാവുന്ന ഒന്നല്ല മലിംഗയുടെ മുംബൈ ഇന്ത്യന്‍സ് വിജയങ്ങളിലെ ഇംപാക്ട്. ഏതൊരു നിര്‍ണ്ണായകസമയത്തും, തന്റെ ക്യാപ്റ്റന്റെ പ്രതീക്ഷകള്‍ക്കൊത്ത് ഒരു വിക്കറ്റോ, അല്ലെങ്കിലൊരു പിടി മൈസര്‍ലി ഓവറുകളോ എറിയാന്‍ അയാള്‍ക്കൊരു പ്രത്യേകകഴിവുണ്ടായിരുന്നില്ല. ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിക്കറ്റ് ടേക്കര്‍ എന്നതിനൊപ്പം ഒരു ബിഗ് മാച്ച് പ്ലെയര്‍ എന്ന നിലയില്‍ കൂടി വിലയിരുത്തുമ്പോഴേ അത് ലസിത് മലിംഗ എന്ന ബൗളറുടെ അളവറ്റ പ്രതിഭയോട് നീതി പുലര്‍ത്തൂ.

പുതിയ പന്തിലും,മിഡില്‍ ഓവറുകളിലും,ഡെത്ത് ഓവറുകളിലും അയാളൊരുപോലെ എതിര്‍നിരയില്‍ ഭീതിയുടെ വിത്തെറിഞ്ഞു. അയാളുഴുതുമറിച്ച നിലങ്ങളിലായിരുന്നു ഇന്ത്യന്‍സ് തങ്ങളുടെ പ്രശസ്തങ്ങളായ പല വിജയക്കൊടികളും നാട്ടിയിരുന്നത്. ബാക്കി 16 ഓവറുകളില്‍ നിന്ന് എത്ര റണ്‍സ് പരമാവധി സ്‌കോര്‍ ചെയ്യാമെന്ന് എതിര്‍ടീമുകളുടെ തിങ്ക് ടാങ്കുകള്‍ പ്ലാന്‍ ചെയ്തിരുന്ന പത്തോളം സീസണുകളാണ് കഴിഞ്ഞു പോയത്. മലിംഗ ഒരു എനിഗ്മയായിരുന്നു. റീഡ് ചെയ്തുകഴിഞ്ഞു എന്ന് വിചാരിക്കുന്ന നിമിഷം ബാറ്റ്‌സ്മാന്റെ കാല്‍പ്പാദം തിരഞ്ഞുവരുന്ന ഒരു ബ്രഹ്മാസ്ത്രമുണ്ടായിരുന്നു എല്ലായ്‌പ്പോഴും അയാളുടെ ആവനാഴിയില്‍. പറന്നു പൊങ്ങുന്ന പൊടിയടങ്ങുമ്പോള്‍ ഡിസ്ലോജ്ഡ് ആകുന്ന സ്റ്റമ്പ്‌സ് പുറകില്‍ കാണാം. മുന്നില്‍ നിറചിരിയോടെ ഒരു സ്വര്‍ണ്ണത്തലമുടിക്കാരനും.നഷ്ടപ്പെടാന്‍ പോകുന്നത് സിക്‌സറിലും,വിക്കറ്റിലും,ഡ്രോപ്ഡ് ക്യാച്ചിലും, ഫ്രീ ഹിറ്റ് നോഷനിലും ഒരേ പോലെ വിടര്‍ന്നു പ്രകാശിക്കുന്ന ആ ചിരിയാണെന്നാലോചിക്കുമ്പോള്‍ തൊണ്ടയിലെന്തോ കുരുങ്ങുന്നതുപോലെ. ഐ.പി.എല്ലിന്റെ സുവര്‍ണതലമുറയിലെ മറ്റൊരേടു കൂടി മറിയുകയാണ്.ഓര്‍മ്മകള്‍ കൂടുതല്‍ സമ്പന്നമാകുകയും, ജീവിതം കൂടുതല്‍ ദരിദ്രമാവുകയും ചെയ്യുകയാണ്. മലിംഗ,യൂ ആര്‍ എ ചാമ്പ്യന്‍..ദില്‍ സേ

ഓര്‍മ്മകള്‍ രണ്ടു വര്‍ഷം പുറകിലേക്ക്. മറ്റൊരു ഐ.പി.എല്‍ ഫൈനലിലേക്ക്. 239 പന്തുകളും എറിഞ്ഞു കഴിഞ്ഞിരിക്കുന്നു. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലെ കാണികള്‍ മുഴുവന്‍ വിധി നിര്‍ണായകമായ ആ അവസാന പന്തിനായി കാത്തിരിക്കുകയാണ്. 6 പന്തില്‍ നിന്നും നേടാനുള്ള 9 റണ്‍സില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തടയാനുള്ള ഉത്തരവാദിത്തവും പേറി അവസാന ഓവര്‍ എറിയാനിറങ്ങിയ ലസിത് മലിംഗയെന്ന ശ്രീലങ്കന്‍ പേസ് ബൗളര്‍ പ്രായം ക്ഷതമേല്‍പ്പിച്ച തന്റെ ആവനാഴിയിലെ അവസാന ശരവും പ്രയോഗിച്ച് ആ ഓവറിലെ ആദ്യ 5 പന്തുമെറിഞ്ഞു കഴിഞ്ഞിരിക്കുന്നു.

ഷെയ്ന്‍ വാട്‌സണെന്ന ബിഗ് മാച്ച് പ്ലെയര്‍ ഉണ്ടായിരുന്നിട്ടു കൂടി കളി അവസാന പന്തിലേക്ക് നീങ്ങിയിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മലിംഗയുടെ തോളില്‍ കൈവെച്ച് ഫീല്‍ഡ് അവസാനമായൊരിക്കല്‍ കൂടി സെറ്റ് ചെയ്യുകയാണ്. തൊട്ടു മുന്‍പത്തെ ഓവറിലെ അവസാന പന്തില്‍ സ്വന്തം അശ്രദ്ധ കാരണം നഷ്ടമായ നാല് ബൈ ആലോചിച്ച് ക്വിന്റണ്‍ ഡികോക്ക് അപ്പോഴും വിഷണ്ണനായി നില്‍പ്പുണ്ട്. ഒന്നര മാസത്തിലേറെ നീണ്ട ഐ.പി.എല്‍ ഒടുവിലതിന്റെ അനിവാര്യമായ അന്ത്യത്തിലേക്കടുക്കുകയാണ്. തൊട്ടു മുന്‍പത്തെ പന്തില്‍ ഓടിയെടുത്ത ഇരട്ടറണ്ണിനു ശേഷം കിതച്ചു കൊണ്ടു നില്‍ക്കുന്ന ശര്‍ദ്ദൂല്‍ താക്കൂര്‍ എന്ന ബാറ്റ്‌സ്മാന്‍ തനിക്കു നേരെ ചുഴറ്റപ്പെടാന്‍ പോകുന്ന അവസാന ആയുധം ഏതാണെന്ന അങ്കലാപ്പില്‍ ഫീല്‍ഡിനു നേരെ നോക്കുന്നുണ്ട്. 22 വാരകള്‍ക്കപ്പുറം രവീന്ദ്ര ജഡേജയുണ്ട്. കുറച്ചപ്പുറത്ത് ഡഗ് ഔട്ടില്‍ സ്വന്തം ടീം മുഴുവനുമുണ്ട്. പക്ഷേ ഈ നിമിഷം അയാള്‍ തനിച്ചാണ്.

രോഹിത്- ലസിത് സംഭാഷണം അവസാനിച്ചിരിക്കുന്നു. ക്യാപ്റ്റന്‍ തന്റെ ഫീല്‍ഡിംഗ് പൊസിഷനിലേക്കും, ബൗളര്‍ റണ്ണപ്പിലേക്കും നീങ്ങുന്നു. എന്തായിരിക്കാം രോഹിത് മലിംഗയോട് പറഞ്ഞതെന്ന് നമുക്കറിയില്ല. പക്ഷേ ആദ്യ അഞ്ചു പന്തുകളും 140 kmph വേഗതയില്‍ എറിയപ്പെട്ട ആ ഓവറിലെ അവസാന പന്ത് 112 kmph വേഗതയില്‍ വന്ന ഒരു ഇന്‍ സ്വിംഗിംഗ് യോര്‍ക്കറായിരുന്നു; ഒരു ടിപ്പിക്കല്‍ വിന്റേജ് മലിംഗ സ്‌പെഷ്യല്‍. തന്റെ പ്രതാപകാലത്ത് ഏത് ബാറ്റ്‌സ്മാന്റെയും പ്രതിരോധം തകര്‍ത്തിരുന്ന ആ ഡിപ്-ഇന്‍ ഡെലിവറി അതിന്റെ സമസ്ത സൗന്ദര്യത്തോടെയും, വന്യതയോടെയും ഒരിക്കല്‍ കൂടി പുനരവതരിക്കുകയായിരുന്നു. ഒരു ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാനു പോലും ദുഷ്‌കരമായ ആ പന്തിനു മുന്നില്‍ താക്കൂറെന്ന ലോവര്‍ ഓര്‍ഡര്‍ ബാറ്റ്‌സ്മാന്റെ ക്രോസ് ബാറ്റ്‌ഷോട്ടിന് മറുപടിയുണ്ടായിരുന്നില്ല. പ്ലംബ് എല്‍ ബി ഡബ്‌ള്യു. മലിംഗ ഹാസ് റെഡീംഡ് ഹിംസെല്‍ഫ് സോ ആസ് മുംബൈ ഇന്ത്യന്‍സ്.
ലസിത് മലിംഗ,ദി വണ്‍ ഫ്രാഞ്ചൈസി പ്ലെയര്‍ @ MI

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like