മോഹന്‍ലാലിന്റെ ഐപിഎല്‍ ടീം വരുമോ? നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്

ഐപിഎല്‍ പുതിയ സീസണില്‍ രണ്ട് ടീമുകള്‍ കൂടിയുണ്ടാകുമെന്ന് ഉറപ്പായി. ഐപിഎലില്‍ വരാനിരിക്കുന്ന രണ്ട് പുതിയ ടീമുകള്‍ക്കുള്ള ലേലം അടുത്ത മാസത്തോടെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ ടീമുകള്‍ ഉടന്‍ വരില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിനെ തള്ളിക്കൊണ്ടാണ് പുതിയ റിപ്പോര്‍ട്ട്.
പ്രമുഖ കായിക മാധ്യമമായ ക്രിക്ക്ബസ് ആണ് ജൂലൈ മാസത്തോടെ പുതിയ ഫ്രാഞ്ചൈസികള്‍ക്കായുള്ള ലേലം നടത്തുമെന്ന് റിപ്പോര്‍ട്ട് ചെയ്തത്. അടുത്ത മാസത്തോടെ ടെന്‍ഡര്‍ വിളിക്കുമെന്നാണ് തങ്ങള്‍ വിചാരിക്കുന്നതെന്ന് ഒരു ടീം വാങ്ങാന്‍ ഉദ്ദേശിക്കുന്ന കമ്പനിയുടെ സിഇഓ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ഇതോടെ കേരളത്തില്‍ നിന്ന് പുതിയൊരു ഐപിഎല്‍ ടീം ഉണഅടാകുമോയെന്ന ആകാംക്ഷയിലാണ് മലയാളി ക്രിക്കറ്റ് ലോകം. നേരത്തെ നടന്‍ മോഹന്‍ ലാലിന് കീഴില്‍ ഐപിഎല്‍ ടീമിനായി ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം, ഈ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നടക്കും. സെപ്തംബര്‍ 18 മുതല്‍ ഒക്ടോബര്‍ 10 വരെയാവും മത്സരങ്ങളെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ 9നോ 10നോ ഫൈനല്‍ നടന്നേക്കും. 10 ഡബിള്‍ ഹെഡറുകളാണ് ഉണ്ടാവുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.
യുഎഇയില്‍ നടക്കുന്ന ഐപിഎല്‍ മത്സരങ്ങളില്‍ കാണികളെ അനുവദിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാവും സ്റ്റേഡിയത്തിലേക്ക് പ്രവേശനം ഉണ്ടാവുക. കായിക മത്സരങ്ങളില്‍ വാക്‌സിന്‍ സ്വീകരിച്ച ആളുകളെ അനുവദിക്കാം എന്നതാണ് യുഎഇയിലെ നയം. അതുകൊണ്ട് തന്നെ 50 ശതമാനം കാണികളെ അനുവദിച്ചേക്കുമെന്നാണ് സൂചന.