ഐപിഎൽ മെഗാലേലത്തിന് ആവേശത്തുടക്കം; റെക്കോർഡ് തുകയുമായി അയ്യരും ധവാനും.

Image 3
CricketIPL

ഐപിഎൽ താരലേലത്തിന് ബംഗളൂരുവിൽ തുടക്കമായപ്പോൾ ആദ്യ താരമായി ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ. ലേലത്തിൽ 2 കോടി രൂപ അടിസ്ഥാന വില നിശ്ചയിക്കപ്പെട്ട ധവാനെ 8.25 കോടി രൂപക്കാണ് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ 5.2 കോടി രൂപയ്ക്ക് ഡല്‍ഹി കാപ്പിറ്റല്‍സിലായിരുന്നു ധവാൻ പാഡണിഞ്ഞിരുന്നത്.

നാലോളം ടീമുകള്‍ വാശിയോടെ ലേലം വിളിച്ചെങ്കിലും അവസാന ഘട്ടത്തിൽ മാത്രം ലേലം വിളിയിൽ പങ്കാളികളായ പഞ്ചാബ് ധവാനെ സ്വന്തമാക്കുകയായിരുന്നു.  ഇതോടെ വരുന്ന സീസണിൽ മായങ്ക് അഗര്‍വാൾ – ധവാൻ സഖ്യമായിരിക്കും പഞ്ചാബിനായി ഓപ്പണിങ് ഇറങ്ങുക എന്ന് ഏറെക്കുറെ ഉറപ്പായി.

രണ്ടാമതായി ലേലത്തിനെത്തിയ ഇന്ത്യൻ സ്പിന്നർ ആര്‍ അശ്വിനെ 5 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ 7.60 കോടി രൂപയ്ക്ക് ഡല്‍ഹിയിൽ കളിച്ചിരുന്ന അശ്വിന് ഇത്തവണ പ്രതീക്ഷിച്ച പ്രതീക്ഷിച്ച മുന്നേറ്റം ലേലത്തിൽ നടത്താനായില്ല.

മൂന്നാമതായി ലേലത്തിനെത്തിയ ഓസ്‌ട്രേലിയൻ പേസർ പാറ്റ് കമ്മിന്‍സിനും ഇത്തവണ ലേലം നഷ്ടക്കച്ചവടമായി. കഴിഞ്ഞ സീസണിൽ റെക്കോർഡ് തുകയായ 15.50 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ കളിച്ചിരുന്ന താരമാണ് കമ്മിൻസ്. എന്നാൽ ഇത്തവണ പാതി തുകക്കാണ് (7.25 കോടി) കൊൽക്കത്ത കമ്മിൻസിനെ വിളിച്ചെടുത്തത്. തുടർന്ന് നടന്ന ലേലത്തിൽ ദക്ഷിണാഫ്രിക്കൻ താരം കാഗിസോ റബാഡ 9.25 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സിലെത്തി.

മാർക്വീ താരങ്ങളിൽ ആദ്യത്തെ സൂപ്പർ താരം ഇന്ത്യൻ ബാറ്സ്മാന് ശ്രേയസ് അയ്യരായി മാറി. 12.25 കോടിയുമായി ശ്രേയസ് അയ്യര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെത്തി. 2 കോടി രൂപ അടിസ്ഥാന വിലയിട്ട ശ്രേയസ്സിനായി വമ്പൻ സ്രാവുകൾ രംഗത്തുണ്ടെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. താരത്തിനായി ആര്‍സിബി 20 കോടി രൂപ വരെ മുടക്കുമെന്ന് നേരെത്തെ വാർത്തകളുണ്ടായിരുന്നു.