ഐപിഎല്‍ താരലേലം ഇങ്ങനെ നടത്തണോ, അവര്‍ ഇങ്ങനെ അവഗണിക്കപ്പെടേണ്ടവരാണോ?

Image 3
CricketIPL

കെ നന്ദകുമാര്‍പിള്ള

(തികച്ചും വ്യക്തിപരമായ ഒരു നിരീക്ഷണമാണ്. എന്റെ മാത്രം അഭിപ്രായം. ദയവായി ആ രീതിയില്‍ കാണുക, കമന്റുകള്‍ ഇടുക).

നിരാകരിക്കപ്പെടുന്നവന്റെ വേദന, അത് അനുഭവിക്കുന്നവര്‍ക്കേ മനസിലാകൂ. നിരാകരണം രഹസ്യമായോ പരസ്യമായോ ആകാം. കുടുംബം, സുഹൃത്തുക്കള്‍ തുടങ്ങിയവരില്‍ നിന്നുള്ള അവഗണന എന്നത് രഹസ്യമാണ്. അത് ദുഃഖകരമാണെങ്കിലും നമ്മള്‍ പറഞ്ഞാല്‍ അല്ലാതെ മറ്റുള്ളവര്‍ അറിയാന്‍ പോകുന്നില്ല. എന്നാല്‍ അതുപോലെയുള്ള നമ്മള്‍ പരസ്യമായി, സമൂഹത്തിനു മുന്നില്‍ വെച്ച് അവഗണിക്കപ്പെടുന്നത്.

പറഞ്ഞു വരുന്നത് ഐപില്‍ കളിക്കാര്‍ക്ക് വേണ്ടിയുള്ള പരസ്യമായ ലേലം വിളിയെക്കുറിച്ചാണ്. ഒരു കൂട്ടം കളിക്കാര്‍ക്ക് സന്തോഷിക്കാനും ആഘോഷിക്കാനും ഉള്ള അവസരം ലഭിക്കുമ്പോള്‍ മറ്റൊരു ചെറിയ കൂട്ടം (പത്ത് ശതമാനത്തോളം) കളിക്കാരെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിടാനും ഈ പരിപാടി ഇടയാക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്. പരസ്യമായി ലക്ഷക്കണക്കിന് ജനങ്ങളുടെ മുന്നില്‍ വെച്ച് ഒരു കളിക്കാരന്‍ എല്ലാ ടീമുകളാലും നിരാകരിക്കപ്പെടുമ്പോള്‍ ആ കളിക്കാരന്റെ മാനസികാവസ്ഥ എന്തായിരിക്കും, ഒന്നാലോചിച്ചു നോക്കു.

സ്റ്റീവ് സ്മിത്ത് തുടങ്ങിയ കളിക്കാരെ സംബന്ധിച്ച് അവര്‍ക്കിനി ഒന്നും ആരോടും തെളിയിക്കാനില്ല. എന്നാല്‍ അതുപോലെയാണോ എല്ലാവരുടെയും കാര്യം ??.

സുരേഷ് റെയ്ന ഒരിക്കലും ഈ രീതിയില്‍ തഴയപ്പെടേണ്ടവന്‍ അല്ല. ചെന്നൈ സൂപ്പര്‍ കിങ്സ് എന്ന ടീമിന് അവിശ്വസനീയമായ ഒരുപാട് ജയങ്ങള്‍ നേടിക്കൊടുത്ത ഒരു കളിക്കാരനോട് ഒരിക്കലും ആ ടീം ഇങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു എന്ന് നമുക്ക് കുറ്റപ്പെടുത്താം. പക്ഷെ ഇവിടെ വികാരത്തെക്കാള്‍ പ്രൊഫെഷണലിസത്തിനാണ് മുന്‍തൂക്കം. ഇപ്പോള്‍ റെയ്ന ടീമിന് ആവശ്യമുണ്ടോ എന്ന് മാത്രമേ ചെന്നൈക്ക് നോക്കേണ്ട കാര്യമുള്ളൂ എന്ന് അവര്‍ വാദിച്ചാല്‍ ആര്‍ക്കു കുറ്റം പറയാനാകും.

അത് പോലെ തന്നെ ശ്രീശാന്ത്..ഈ പ്രായത്തിലും ലേലത്തില്‍ പേര് കൊടുക്കാനുള്ള അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെ തീര്‍ച്ചയായും അഭിനന്ദിക്കുന്നു. പക്ഷെ പ്രാക്ടിക്കല്‍ ആയി ചിന്തിച്ചാല്‍, 39 വയസുള്ള, അഞ്ചു വര്‍ഷത്തിലേറെയായി മുഖ്യധാരാ ക്രിക്കറ്റില്‍ ഇല്ലാതിരുന്ന ഒരു ഫാസ്റ്റ് ബൗളറെ ഏതെങ്കിലും ടീം സ്വന്തമാക്കും എന്ന് നമുക്ക് ചിന്തിക്കാന്‍ ആകുക ശ്രീശാന്തിനോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ്. ശ്രീയെ ടീമില്‍ എടുക്കാത്തതിന്റെ പേരില്‍ ഒരുപാട് കുറ്റപ്പെടുത്തലുകള്‍ സഞ്ജുവിന് കേള്‍ക്കേണ്ടി വരുന്നുണ്ട്. അതില്‍ എന്ത് അര്‍ത്ഥമാണുള്ളത്. ഒരു ടീമിന്റെ ക്യാപ്റ്റന്‍ ആയി എന്ന് കരുതി, ടീം മാനേജ്‌മെന്റിന് മേല്‍ അത്രമാത്രം സ്വാധീനം സഞ്ജുവിന് ഉണ്ടാകണം എന്നുണ്ടോ.

എനിക്ക് ഏറ്റവും വിഷമം തോന്നിയത് വിഷ്ണു വിനോദിന്റെ കാര്യത്തിലാണ്. ഇക്കഴിഞ്ഞ സയ്ദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍, കുറഞ്ഞത് 75 പന്തെങ്കിലും ഫേസ് ചെയ്ത കളിക്കാരില്‍, ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റ് ഉള്ള നാലാമത്തെ കളിക്കാരനാണ് വിഷ്ണു. ആദ്യ ദിവസം വിഷ്ണുവിനെ ഏറ്റെടുക്കാന്‍ ഒരു ടീമും ഉണ്ടായില്ല. പിറ്റേ ദിവസം അദ്ദേഹത്തെ സണ്‍റൈസേഴ്സ് എടുത്തെങ്കിലും വിഷ്ണു അര്‍ഹിച്ചതിലും എത്രയോ കുറഞ്ഞ തുകയാണ് അയാള്‍ക്ക് ലഭിച്ചത്. അതുപോലെ സച്ചിന്‍ ബേബി.

ഇവരെല്ലാം ഇതിനേക്കാള്‍ മികച്ച പരിഗണന അര്‍ഹിക്കുന്ന കളിക്കാരാണ്. എന്നാല്‍ എന്തുകൊണ്ടോ ആ പരിഗണന അവര്‍ക്ക് ലഭിക്കുന്നില്ല. പക്ഷെ, ഇതിങ്ങനെ പരസ്യമായി എല്ലാവരുടെയും മുന്നില്‍ വെച്ചാകുമ്പോള്‍ ഇവരെക്കുറിച്ച് അറിയാത്തവര്‍ എന്തായിരിക്കും കരുതുക.. അവര്‍ മോശം കളിക്കാര്‍ ആയതുകൊണ്ടാണെന്നേ അവര്‍ ചിന്തിക്കു.

ഇതെല്ലം സംഭവിക്കുന്നതും ചര്‍ച്ച ആകുന്നതും ലേലം ലൈവ് ടെലികാസ്റ്റ് ചെയുന്നത് കൊണ്ടാണ്. അതുകൊണ്ട് തന്നെ എനിക്കതിനോട് എനിക്ക് യോജിക്കാനും ആകുന്നില്ല.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍