വിഷ്ണുവിനെ സ്വന്തമാക്കി ഡല്‍ഹി, സച്ചിന്, അസറുദ്ദീന്‍ കോഹ്ലിയ്‌ക്കൊപ്പം

Image 3
CricketIPL

ഐപിഎല്‍ താരലേലത്തില്‍ മലയാളി താരങ്ങള്‍ക്ക് നേട്ടം. സച്ചിന്‍ ബേബി, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരെ അടിസ്ഥാന വിലയായ 20 ലക്ഷത്തിന് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും വിഷ്ണു വിനോദിനെ ഇതേ തുകയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സും സ്വന്തമാക്കി. അതേസമയം, എസ്. മിഥുനെ ലേലത്തില്‍ വാങ്ങാന്‍ ആരുമുണ്ടായില്ല.

9.25 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയ കൃഷ്ണപ്പ ഗൗതമാണ് ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമന്‍. ദേശീയ ജഴ്‌സിയണിയാത്ത താരങ്ങളില്‍ ഉയര്‍ന്ന വില ലഭിച്ചതും ഗൗതത്തിനു തന്നെ. 20 ലക്ഷം രൂപ അടിസ്ഥാന വിലയുമായെത്തി എട്ടു കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സിലെത്തിയ ഓസ്‌ട്രേലിയന്‍ താരം റിലീ മെറിഡിത്തും താരലേലത്തിലെ ആവേശസാന്നിധ്യമായി.

മോയിന്‍ അലിയെ ഏഴു കോടി രൂപയ്ക്ക് ചെന്നൈയും നഥാന്‍ കൂള്‍ട്ടര്‍നീലിനെ 5 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സും ടീമിലെത്തിച്ചു. 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന തമിഴ്‌നാട്ടില്‍നിന്നുള്ള യുവതാരം ഷാരൂഖ് ഖാന്‍ 5.25 കോടി രൂപ നേടി പഞ്ചാബ് കിങ്‌സിലെത്തി. ശിവം ദുബെയെ 4.4 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സും സ്വന്തമാക്കി.

164 ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടെ 292 പേരാണു മിനി ലേലത്തില്‍ പങ്കെടുക്കുന്നത്. 8 ടീമുകളിലായി പരമാവധി 61 താരങ്ങള്‍ക്ക് അവസരമൊരുങ്ങും. വിദേശതാരങ്ങളില്‍നിന്ന് 22 പേര്‍ക്കാണു ടീമുകളുടെ വിളിയെത്തുക. താരലേലത്തിനു മുന്നോടിയായി എട്ടു ടീമുകളും ചേര്‍ന്ന് 139 താരങ്ങളെയാണ് നിലനിര്‍ത്തിയത്. 57 താരങ്ങളെ റിലീസ് ചെയ്തു.

ചെന്നൈയില്‍ പുരോഗമിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ താരലേലത്തില്‍ പഞ്ചാബ് കിങ്‌സാണ് ശ്രദ്ധാകേന്ദ്രം. ടീമുകള്‍ക്ക് അനുവദിച്ച ആകെ ലേലത്തുകയുടെ (85 കോടി) 75 ശതമാനവും ചെലവിടണമെന്ന ബിസിസിഐ നിര്‍ദേശമാണു കിങ്‌സിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. ലേലത്തില്‍ 53. 2 കോടി രൂപയുടെ വമ്പന്‍ ബജറ്റുമായെത്തുന്ന കിങ്‌സിനു 9 താരങ്ങള്‍ക്കായി 31.7 കോടി നിര്‍ബന്ധമായും ചെലവിടേണ്ടിവരും.