സൂപ്പര്‍ താരം ഐപിഎല്ലില്‍ നിന്നും പിന്മാറി, മുംബൈയ്ക്ക് കനത്ത തിരിച്ചടി

ഐ.പി.എല്‍ 13ാം സീസണ്‍ സെപ്റ്റംബര്‍ 19-ന് യു.എ.ഇയില്‍ ആരംഭിക്കാനിരിക്കെ മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി. മുംബൈയുടെ ശ്രീലങ്കന്‍ സൂപ്പര്‍ പേസര്‍ ലസിത് മലിംഗ ഇത്തണത്തെ ഐ.പി.എല്ലില്‍ പങ്കെടുക്കില്ല. പിതാവിന്റെ രോഗത്തെ തുടര്‍ന്നാണ് മലിംഗ ടൂര്‍ണമെന്റില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്.

മുംബൈ ടീമിനൊപ്പം യു.എ.ഇയിലേക്ക് മലിംഗ എത്തിയിരുന്നില്ല. പിതാവിന്റെ അസുഖവുമായി ബന്ധപ്പെട്ട് നിലവില്‍ നാട്ടിലാണ് മലിംഗയുള്ളത്. താരത്തിന് പകരക്കാരനായി ഓസ്ട്രേലിയന്‍ പേസര്‍ ജെയിംസ് പാറ്റിന്‍സണെ മുംബൈ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇപ്പോള്‍ മുംബൈ ടീമിനൊപ്പം യുഎഇയിലേക്ക് പോയി മത്സരത്തില്‍ പങ്കെടുത്താല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ തിരിച്ചുവരവ് എളുപ്പമാവില്ല. കൂടാതെ വിദേശ രാജ്യത്ത് നിന്ന് ശ്രീലങ്കയിലെത്തുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈനും ശ്രീലങ്കന്‍ ആരോഗ്യ വിഭാഗം നിര്‍ദേശിക്കുന്നുണ്ട്. അതിനാല്‍ യുഎഇയില്‍ പോയിട്ട് തിരിച്ചുവന്ന് അച്ഛന്റെ ചികിത്സ നടത്തുക എളുപ്പമാകില്ല.

ഇതാണ് മലിംഗ ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണം. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് കൊറോണയുടെ ഇടവേളയ്ക്ക് ശേഷം നടത്തിയ ക്യാംപിലും മലിംഗ പങ്കെടുത്തിരുന്നില്ല.

അവസാന സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അവസാന ഓവറില്‍ എട്ട് റണ്‍സ് നേടാന്‍ അനുവദിക്കാതെ തടുത്തു നിര്‍ത്തി മുംബൈക്ക് കിരീടം നേടിക്കൊടുത്തത് മലിംഗയുടെ മികവായിരുന്നു. മലിംഗയുടെ അഭാവത്തില്‍ ജസ്പ്രീത് ബൂംറയ്ക്കും ട്രന്റ് ബോള്‍ട്ടിനുമൊപ്പം നഥാന്‍ കോള്‍ട്ടര്‍ നൈലോ,മിച്ചല്‍ മക്ലെങ്ങനോ മുംബൈ പേസ് നിരയില്‍ ഇടം പിടിച്ചേക്കും.

കഴിഞ്ഞ സീസണില്‍ ഫൈനലില്‍ ചെന്നൈയെ പിടിച്ചു കെട്ടിയ മലിംഗയുടെ ബോളിംഗ് മികവ് ടീമിന് തുടക്കത്തിലെ കിട്ടില്ല എന്നുള്ളത് ടീമിന് തിരിച്ചടിയാണ്. ഐ.പി.എല്ലില്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമന്‍ 36- കാരനായ മലിംഗയാണ്. 122 മത്സരത്തില്‍ നിന്ന് 170 വിക്കറ്റാണ് ഐ.പി.എല്ലില്‍ മലിംഗ വീഴ്ത്തിയിട്ടുള്ളത്.

മലിംഗയുടെ അഭാവത്തില്‍ ജസ്പ്രീത് ബൂംറ, ട്രന്റ് ബോള്‍ട്ട്, നഥാന്‍ കോള്‍ട്ടര്‍ നെയ്ല്‍, മിച്ചല്‍ മഗ്ലെങ്ങന്‍ തുടങ്ങിയ മികച്ച പേസ് നിരയാകും മുംബൈക്ക് കരുത്താവുക. സെപ്റ്റംബര്‍ 19ന് ചെന്നൈക്കെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം.

You Might Also Like