ദുബൈയെ നടുക്കി കൂറ്റന്‍ സെഞ്ച്വറിയുമായി രാഹുല്‍, സിക്‌സും ഫോറും ചറപറ

Image 3
CricketIPL

കെഎല്‍ രാഹുലെന്ന ഇന്ത്യന്‍ താരത്തിന്റെ പ്രതിഭയില്‍ സംശയമുളളവര്‍ ഐപിഎല്ലില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനായി നായകന്‍ കൂടിയായ അദ്ദേഹം ബാറ്റ് ചെയ്ത രീതി കാണണം. തെന്നലായി തുടങ്ങി കൊടുങ്കാറ്റായി പരിണമിച്ച ക്ലാസിക്ക് സെഞ്ച്വറിയായിരുന്നു ദുബൈയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാഹുല്‍ പുറത്തെടുത്തത്.

കേവലം 69 പന്തില്‍ 14 ഫോറും ഏഴ് സിക്‌സും സഹിതമായിരുന്നു രാഹുല്‍ പുറത്താകാതെ 132 റണ്‍സ് അടിച്ചെടുത്തത്. ഐപിഎല്ലില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറായി ഇത് മാറി.

വ്യക്തിഗത സ്‌കോര്‍ 84ലും 90ലും നില്‍ക്കെ ബംഗളൂരു നായകന്‍ കൂടിയായ കോഹ്ലി രണ്ട് തവണ രാഹുലിന്റെ ക്യച്ച് നിലത്തിട്ടതാണ് ഈ ഇന്നിംഗ്‌സിന്റെ നിറംകെടുത്തുന്ന രണ്ട് നിമിഷങ്ങള്‍. ഇതോടെ ഭാഗ്യത്തെ കൂടി കൂടി ചേര്‍ത്തായിരുന്നു രാഹുലിന്റെ റണ്‍വേട്ട.

19ാം ഓവറില്‍ സ്‌റ്റെയിനെ എടുത്ത് പെരുമാറിയ രാഹുല്‍ 26 റണ്‍സാണ് അടിച്ച് കൂട്ടിയത്. 20ാം ഓവറില്‍ അതുവരെ നന്നായി എറിഞ്ഞ ദുബെയ്‌ക്കെതിരെ കരുണ്‍ നായരുടെ ഏഴ് റണ്‍സ് സംഭാവന കൂടി ചേര്‍ത്ത് 23 റണ്‍സും രാഹുലും കൂട്ടരും അടിച്ചെടുത്തു.

മത്സരത്തില്‍ ടോസ് നഷ്ടമായി ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് സ്വന്തമാക്കിയത്. മായങ്ക് അഗര്‍വാള്‍ 28ഉം പൂറാന്‍ 17ഉം മാക്‌സ് വെല്‍ അഞ്ചും റണ്‍സെടുത്ത് പുറത്തായി. കരുണ്‍ നായര്‍ 15 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.