ഐപിഎല്‍ കിരീടം നേടാന്‍ ഡല്‍ഹി റാഞ്ചുന്ന അഞ്ച് രഹസ്യായുധങ്ങള്‍
ഐപിഎല്‍ 13ാം സീസണില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ ക്രിക്കറ്റ് ആരാധകരുടെയെല്ലാം ചങ്കില്‍ സ്ഥാനം പിടിച്ച ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍. ഐപിഎല്ലിലെ ഏറ്റവും സംതുലിതമായ ടീം. മികച്ച താരനിരയുമായെത്തി ആദ്യ മത്സരങ്ങളിലെല്ലാം തന്നെ തങ്ങളുടെ കരുത്ത് തെളിയിച്ച ഡല്‍ഹിക്ക് രണ്ടാം ഘട്ടത്തിലേക്കെത്തിയപ്പോഴേക്കും കാലിടറിയെങ്കിലും തകര്‍പ്പന്‍ പ്രകടനത്തോടെ ഫൈനലില്‍ ഇടം പിടിച്ചു.
എന്നാല്‍ കലാശപ്പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടു. മികച്ച ടീമുണ്ടെങ്കിലും ചെറിയ ചില പിഴവുകളാണ് ടീമിന്റെ കന്നിക്കിരീടം നഷ്ടപ്പെടുത്തിയത്. വരുന്ന സീസണില്‍ ഡല്‍ഹി ടീമില്‍ അഴിച്ചുപണി നടത്തിയേക്കും. അടുത്ത സീസണില്‍ കിരീടമാണ് ഡല്‍ഹിയുടെ ലക്ഷ്യമെന്ന് കോച്ച് റിക്കി പോണ്ടിംഗ് ഇതിനോടകം തന്നെ വ്യക്തമാക്കി കഴിഞ്ഞു.
ഡല്‍ഹി അടുത്ത വര്‍ഷം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന അഞ്ച് താരങ്ങളെ പരിചയപ്പെടുത്തുകയാണിവിടെ
ഗ്ലെന്‍ ഫിലിപ്സ്
ഡല്‍ഹി ക്യാപിറ്റല്‍സില്‍ റിഷഭ് പന്തിന്റെ അഭാവത്തില്‍ മികച്ചൊരു വിക്കറ്റ് കീപ്പറില്ല. നിലവില്‍ അലക്സ് ക്യാരിയാണ് ഡല്‍ഹി ടീമിലുള്ളത്. എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ അത്ര സൂപ്പര്‍ താരമല്ല അലക്സ്. അതിനാല്‍ത്തന്നെ അലക്സിനെ ഒഴിവാക്കി പകരം ന്യൂസീലന്‍ഡിന്റെ വിക്കറ്റ് കീപ്പര്‍ ഗ്ലെന്‍ ഫിലിപ്പ്സിനെ ടീമിലെത്തിക്കാന്‍ ഡല്‍ഹി ശ്രമിച്ചേക്കും. 23കാരനായ ഫിലിപ്സ് വിവിധ ടി20 ലീഗുകളില്‍ കളിച്ച് പരിചയസമ്പന്നനാണ്.
ലുക്മാന്‍ മെറിവാല
മികച്ച ഇന്ത്യന്‍ പേസര്‍മാരുടെ അഭാവം ഇത്തവണ ഡല്‍ഹിയിലുണ്ടായിരുന്നു. അതിനാല്‍ത്തന്നെ 28കാരനായ ബറോഡ പേസര്‍ ലുക്മാന്‍ മെറിവാലയെ വരുന്ന സീസണിലേക്ക് ഡല്‍ഹി പരിഗണിച്ചേക്കും. അവസാന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ വിക്കറ്റ് വേട്ടക്കാരിലെ നാലാം സ്ഥാനക്കാരനാണ് ലുക്മാന്‍. 36 ടി20യില്‍ നിന്നായി 57 വിക്കറ്റാണ് ലുക്മാന്‍ വീഴ്ത്തിയത്.
ദ്രുവ് ഷോറെ
ഡല്‍ഹിയുടെ രഞ്ജി ട്രോഫി നായകനായ ദ്രുവ് ഷോറെയെ വരുന്ന സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യത കൂടുതലാണ്. ടി20 ഫോര്‍മാറ്റില്‍ 27.85 ശരാശരിയും 118.8 സ്ട്രൈക്കറേറ്റുമാണ് ഷോറെയ്ക്കുള്ളത്. സ്പിന്‍ ബൗളര്‍ കൂടിയായ ഷോറെ നിലവില്‍ സിഎസ്‌കെയുടെ ഭാഗമാണ്. എന്നാല്‍ വരുന്ന സീസണില്‍ സിഎസ്‌കെ താരത്തെ കൈവിട്ടേക്കും. അങ്ങനെ വന്നാല്‍ ഡല്‍ഹി 28കാരനായ താരത്തെ സ്വന്തമാക്കിയേക്കും.
കോളിന്‍ ഡി ഗ്രാന്റ്ഹോം
ന്യൂസീലന്‍ഡ് ഓള്‍റൗണ്ടര്‍ കോളിന്‍ ഡി ഗ്രാന്റ്ഹോം ടി20 ഫോര്‍മാറ്റില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്,ആര്‍സിബി ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുള്ള ഗ്രാന്റ്ഹോം പന്തുകൊണ്ടും ബാറ്റുകൊണ്ടും ടീമിന് ഉപകാരിയാണ്. ഈ സീസണില്‍ പങ്കെടുക്കാതിരുന്ന ഗ്രാന്റ്ഹോം വരുന്ന സീസണില്‍ ഡല്‍ഹിയിലെത്തിയേക്കും. മീഡിയം പേസറായതിനാല്‍ത്തന്നെ മാര്‍ക്കസ് സ്റ്റോയിനിസിനൊപ്പം ഡല്‍ഹി നിരയില്‍ ഗ്രാന്റ്ഹോം കൂടിയെത്തിയാല്‍ ടീമിന്റെ കരുത്ത് ഇരട്ടിക്കും.
സാം ബില്ലിങ്സ്
ഇംഗ്ലണ്ട് താരം സാം ബില്ലിങ്സിനെയും ഡല്‍ഹി നോട്ടമിടുന്നുണ്ടെന്നാണ് വിവരം. ഫിനിഷറെന്ന നിലയില്‍ മികവ് കാട്ടാന്‍ സാധിക്കുന്ന ബില്ലിങ്സിനെ സ്വന്തമാക്കിയാല്‍ ഡല്‍ഹിക്കത് ഗുണം ചെയ്യും. ഹെറ്റ്മെയര്‍ ഇത്തവണ പ്രതീക്ഷിച്ചപോലെ തിളങ്ങാത്തതിനാല്‍ വരുന്ന സീസണില്‍ ഹെറ്റ്മെയറെ പുറത്താക്കി ബില്ലിങ്സിനെ എത്തിക്കാന്‍ സാധ്യത കൂടുതലാണ്. സിഎസ്‌കെയ്ക്കൊപ്പം തിളങ്ങിയിട്ടുള്ള താരമാണ് ബില്ലിങ്സ്.