ശ്രേയസിന്റെ പുറത്താകല്‍, ഡല്‍ഹിയെ നയിക്കുന്നത് മറ്റൊരു ഇന്ത്യന്‍ താരം

ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിന മത്സരത്തിനിടെ പരിക്കേറ്റ ശ്രേയസ് കുമാറിന് പകരം ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് പുതിയ നായകനെ തേടുന്നു. സൂപ്പര്‍താരം റിഷഭ് പന്തിനെ നായകനാക്കാനാണ് ഡല്‍ഹി മാനേജുമെന്റ് ആലോചിക്കുന്നത്.

മുതിര്‍ന്ന ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍, ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്ത് എന്നിവരെ തഴഞ്ഞാണ് ഉപനായകന്‍ കൂടിയായ പന്തിനെ നായകനായി പരീക്ഷിക്കാന്‍ ഡല്‍ഹി ഒരുങ്ങുന്നത്. കഴിഞ്ഞ സീസണില്‍ പന്ത് കളിക്കാതിരുന്ന മത്സരങ്ങളില്‍ അയ്യര്‍ പുറത്തിരുന്നപ്പോഴെല്ലാം ധവാനാണ് ടീമിനെ നയിച്ചിരുന്നത്.

ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ഏകദിനത്തിനിടെ ഇരു ടീമുകളിലെയും നാലു താരങ്ങള്‍ക്ക് പരുക്കേറ്റിരുന്നു. ഇന്ത്യന്‍ താരങ്ങളായ ശ്രേയസ് അയ്യര്‍, രോഹിത് ശര്‍മ, ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍, സാം ബില്ലിങ്‌സ് എന്നിവര്‍ക്കാണ് ഒന്നാം ഏകദിനത്തിനിടെ പരുക്കേറ്റത്. ഇതില്‍ അയ്യരുടെ പരുക്ക് അല്‍പം ഗുരുതരമാണ്. താരത്തിന് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളും ഐപിഎലിന്റെ ആദ്യപകുതിയും നഷ്ടമാകും. ഏപ്രില്‍ ഒന്‍പത് മുതലാണ് ഐപിഎല്‍ 14ാം സീസണ്‍ ആരംഭിക്കുന്നത്.

ഷാര്‍ദുല്‍ താക്കൂര്‍ എറിഞ്ഞ എട്ടാം ഓവറില്‍ ജോണി ബെയര്‍‌സ്റ്റോയുടെ ബൗണ്ടറിക്കുള്ള ശ്രമം തടയുന്നതിനിടെ ശ്രേയസ് തോള്‍കുത്തി ഗ്രൗണ്ടില്‍ വീഴുകയായിരുന്നു. ഉടന്‍ വൈദ്യ സഹായമെത്തിച്ചെങ്കിലും വേദനയ്ക്ക് ശമനമുണ്ടാകാത്തതിനാല്‍ താരം ഗ്രൗണ്ട് വിട്ടു. ശ്രേയസ്സിന് പകരം ശുഭ്മന്‍ ഗില്ലാണ് പിന്നീട് ഫീല്‍ഡ് ചെയ്തത്. അയ്യര്‍ സുഖം പ്രാപിക്കാന്‍ 23 ആഴ്ചകളെടുക്കും. അതേസമയം, ശസ്ത്രക്രിയ ആവശ്യമായി വന്നാല്‍ ഏതാണ്ട് രണ്ട് മാസം വരെ താരം പുറത്തിരിക്കേണ്ടി വരുമെന്നും സൂചനയുണ്ട്.

ശ്രേയസ് അയ്യര്‍ പരുക്കേറ്റ് പുറത്തായതോടെ സൂര്യകുമാര്‍ യാദവിന്റെ ഏകദിന അരങ്ങേറ്റത്തിനും വഴിയൊരുങ്ങി. ആദ്യ ഏകദിനത്തില്‍ പകരക്കാരനായി ഇറങ്ങിയ സൂര്യകുമാറാകും പുണെയിലെ അടുത്ത രണ്ടു മത്സരങ്ങളില്‍ അയ്യരുടെ പകരക്കാരന്‍. ബാറ്റു ചെയ്യുന്നതിനിടെ പരുക്കേറ്റ രോഹിത് ശര്‍മയ്ക്ക് അടുത്ത മത്സരത്തില്‍ കളിക്കാനാകുമോയെന്ന് വ്യക്തമല്ല.

You Might Also Like