ഗെയിലിനെ ആദ്യം കളിപ്പിക്കാന്‍ തീരുമാനിച്ചു, പിന്നീട് നാടകീയമായി ഒഴിവാക്കി, കാരണമിതാണ്

ഐപിഎല്ലില്‍ ക്രിസ് ഗെയില്‍ കളിക്കുന്നത് കാണാന്‍ കാത്തിരുന്ന ആരാധകരെ നിരാശരാക്കിയായിരുന്നു സണ്‍റൈസസ് ഹൈദരാബാദിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഇറങ്ങിയത്. അഞ്ച് കളികളില്‍ നാലു തോല്‍വി വഴങ്ങി കിംഗ്‌സ് ഇലവന്‍ പഞ്ചാബ് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് നില്‍ക്കുമ്പോഴും ഗെയിലിനെ ഇറക്കാത്തതില്‍ ആരാധകര്‍ അസ്വസ്ഥരായിരുന്നു.

അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിലെങ്കിലും ഗെയലാട്ടം കാണാനാകുമെന്ന പ്രതീക്ഷയിലായിരുന്നു പഞ്ചാബ് അരാധകര്‍.

ടോസിനുശേഷം ടീമില്‍ മൂന്ന് മാറ്റങ്ങളുണ്ടെന്ന് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ പറഞ്ഞപ്പോഴം ആരാധകര്‍ ഏറെ പ്രതീക്ഷിച്ചു. എന്നാല്‍ മാറ്റങ്ങളിലൊന്നും ഗെയ്ലിന്റെ പേര് കാണാതിരുന്നതോടെ അവര്‍ വീണ്ടും നിരാശരായി. മത്സത്തിനിടക്ക് പഞ്ചാബ് പരിശീലകനായ അനില്‍ കുംബ്ലെയാണ് ഗെയ്ല്‍ ഇന്നും ഇറങ്ങാത്തതിനുള്ള കാരണം വ്യക്തമാക്കിയത്.

ഗെയ്ലിന് പനിയുള്ളതിനാലാണ് അദ്ദേഹത്തെ കളിപ്പിക്കാതിരുന്നതെന്ന് കുംബ്ലെ പറഞ്ഞു. ഗെയ്ലിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാനായിരുന്നു ഇന്ന് തീരുമാനം. പക്ഷെ അദ്ദേഹത്തിന് പനിയാണ്. മാത്രമല്ല, കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധയേറ്റതിന്റെ അസ്വസ്ഥതകളുമുണ്ട്-കുംബ്ലെ പറഞ്ഞു.

എന്നാല്‍ ഗെയ്ല്‍ ഇനി എന്ന് കളിക്കാനിറങ്ങുമെന്ന കാര്യത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഇതുവരെ നല്‍കിയിട്ടില്ല.

കഴിഞ്ഞ മത്സരങ്ങളിലെല്ലാം പഞ്ചാബിനായി കെ എല്‍ രാഹലും മായങ്ക് അഗര്‍വാളും മികച്ച തുടക്കം നല്‍കിയതിനാല്‍ ഗെയ്ലിന് ഓപ്പണിംഗില്‍ അവസരം ലഭിച്ചിരുന്നില്ല.

You Might Also Like