പ്രവചനം അസാധ്യമാക്കിയ രണ്ട് പേര്‍, ഐപിഎല്‍ ചരിത്രത്തില്‍ ഇതാദ്യം

Image 3
CricketIPL

കെ നന്ദകുമാര്‍ പിള്ള

ഐപില്‍ ചരിത്രത്തില്‍ ആദ്യമായി, ഐസിസി ലോകകപ്പ് ഉയര്‍ത്തിയ ക്യാപ്റ്റന്മാര്‍ നായകരായ ടീമുകള്‍ ഫൈനലില്‍ മത്സരിക്കുമ്പോള്‍ ജയം ആരുടെ കൂടെയായിരിക്കും… ഫിംഗേഴ്സ് ക്രോസ്സ്ഡ്…

ആര് ജയിച്ചാലും സന്തോഷം. കഴിഞ്ഞ വര്‍ഷത്തെ ഫൈനല്‍ പോലെ ഏകപക്ഷീയമാവില്ല എന്ന് പ്രതീക്ഷിക്കുന്നു(കഴിഞ്ഞ വര്ഷം ഫൈനലില്‍ ഡല്‍ഹി നല്ലൊരു പോരാട്ടം കാഴ്ചവെക്കും എന്ന് കരുതി. പക്ഷെ അങ്ങനെ ഉണ്ടായില്ല. മുംബൈ 18.4 ഓവറില്‍ ജയിച്ചത് കൊണ്ടാണ് ഞാന്‍ ഏകപക്ഷീയവും എന്നെഴുതിയത്). രണ്ടു ടീമിലുമായി ഇഷ്ടപ്പെട്ട കുറെ കളിക്കാരുണ്ട്… അവരുടെ മികച്ച പ്രകടനത്തിനായി കാത്തിരിക്കുന്നു… മത്സരഫലം പ്രവചനാതീതമാണ്.. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫിനിഷേര്‍സ് ഉള്ള ടീമാണ് ചെന്നൈ. ധോണി, ജഡേജ, താക്കൂര്‍ ഇവരെല്ലാം ഒരൊറ്റ ഓവറില്‍ കളി വരുതിയിലാക്കാന്‍ കഴിവുള്ളവരാണ്. അതെ സമയം, ഗില്‍ – അയ്യര്‍ കോംബോ നല്‍കുന്ന തുടക്കമാണ് കൊല്‍ക്കത്തയുടെ വിജയത്തിന്റ അടിത്തറ.

ആദ്യ പാദത്തില്‍ നടന്ന 7 മത്സരങ്ങളില്‍ കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ ആയത് 2 മത്സരങ്ങള്‍ മാത്രം. ആ ടീമാണ് സെപ്റ്റംബറില്‍ തുടങ്ങിയ രണ്ടാം പാദത്തില്‍ ഇതുവരെ കളിച്ച 9 കളികളില്‍ നിന്ന് 7 വിജയങ്ങളുമായി ഫൈനലില്‍ എത്തിയത്. തീര്‍ച്ചയായും വെങ്കടേഷ് അയ്യര്‍ എന്ന കളിക്കാരന്റെ വരവ് കൊല്‍ക്കത്തയുടെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. ബൗളറുടെ മെറിറ്റ് നോക്കാതെ നിര്ഭയനായി നേരിടുന്ന അയ്യര്‍ ഇടക്ക് സമയത്ത് വിക്കറ്റ് എടുക്കുന്നതിലും മിടുക്കു കാണിക്കുന്നു. ബാംഗ്ലൂരിനെതിരായ എലിമിനേറ്ററില്‍ നരെയ്ന്റെ ഒറ്റയാള്‍ പ്രകടനമാണ് കൊല്‍ക്കത്തയെ വിജയത്തിലെത്തിച്ചത്. ബാറ്റു കൊണ്ടും ബോള് കൊണ്ടും നരെയ്ന്‍ നടത്തിയ ആക്രമണമാണ് ബാംഗ്ലൂരിന്റെ കഥ കഴിച്ചത്. ഗില്ലും ത്രിപാതിയും തങ്ങളുടെ ഫോം കണ്ടെത്തിയാല്‍ കൊല്‍ക്കത്തയെ പിടിച്ചു കെട്ടാന്‍ ചെന്നൈ ബുദ്ധിമുട്ടും. ഒപ്പം വരുണ്‍ ചക്രവര്‍ത്തി എന്ന മിസ്റ്ററി സ്പിന്നറുടെ സാന്നിധ്യവും.. 16 മത്സരങ്ങളില്‍ നിന്നായി 18 വിക്കറ്റുകളുമായി ഹൈയെസ്റ്റ് വിക്കറ്റ് ടേക്കര്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുണ്ട് വരുണ്‍.

ഋതുരാജ് ഗെയ്ക്വാദ്. എന്തൊരു മനോഹാരിതയാണ് അയാളുടെ ഷോട്ടുകള്‍ക്ക്. ഒരു നര്‍ത്തകന്റേതുപോലെ ആത്മവിശ്വാസത്തോടെയുള്ള ചുവടുവയ്പുകള്‍. ചെന്നൈ സൂപ്പര്‍ കിങ്സ് എന്ന ടീമിനപ്പുറം ഒരുപാട് ആരാധകരെ നേടാന്‍ ഈ യുവ കളിക്കാരന് സാധിച്ചിട്ടുണ്ട്. കൃത്യ സമയത്ത് തന്നെ ഉത്തപ്പയും ഫോമില്‍ എത്തിയിട്ടുണ്ട്. ഡുപ്‌ളെസിയും റായുഡുവും ഏതു നിമിഷവും ഫോമിലേക്ക് തിരിച്ചെത്താം. ദീപക് ചഹാറും താക്കൂറും ബാറ്റ് കൊണ്ടും ബോള് കൊണ്ടും കളി തിരിക്കാന്‍ കഴിവുള്ളവരാണ്.

ഒരുപാട് റണ്‍സ് നേടിയിട്ടില്ലെങ്കിലും നായകര്‍ എന്ന നിലയില്‍ ധോണിയുടെയും മോര്‍ഗന്റെയും സാമീപ്യം രണ്ടു ടീമുകളുടെയും മുന്നേറ്റത്തെ സ്വാധീനിച്ചിട്ടുണ്ട്. നിര്‍ണായക സമയത്ത് വഴിത്തിരിവുണ്ടാക്കുന്ന തീരുമാനങ്ങള്‍ എടുക്കാന്‍, കൂള്‍ ആയി ടീമിനെ നയിക്കാന്‍ അങ്ങേയറ്റം പ്രാപ്തരാണ് രണ്ടു പേരും.

ഈ രണ്ടു പേര്‍ നയിക്കുന്ന ടീമുകള്‍ പരസ്പരം മാറ്റുരയ്ക്കുമ്പോള്‍, കാത്തിരിക്കാം ഒരു ആവേശപ്പോരാട്ടത്തിനായി…

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍