ഐപിഎല്‍ മത്സരക്രമം പുറത്ത് വിടാന്‍ മടിച്ച് ബിസിസിഐ, കാരണമിതാണ്

Image 3
CricketIPL

ഐപിഎല്‍ തുടങ്ങാന്‍ ആഴ്ച്ചകള്‍ മാത്രം അവശേഷിച്ചിരിക്കെ ക്രിക്കറ്റ് ലോകം ആവേശകൊടുമുടിയിലാണ്. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടെ ഇന്ത്യയില്‍ ക്രിക്കറ്റ് തിരികെ എത്തുന്ന ആദ്യ ടൂര്‍ണമെന്റാണ് ഇത് എന്നതാണ് കാരണം. ഐപിഎല്ലില്‍ പങ്കെടുക്കുന്നതിനായി എട്ട് ടീമുകളും ഇതിനോടകം യുഎഇയില്‍ എത്തിയും കഴിഞ്ഞു.

എന്നാല്‍ ആരധകരെ ആശങ്കപ്പെടുത്തുന്ന ഒരു കാര്യമുണ്ട്. ബിസിസിഐ ഇതുവരെ ഐപിഎല്‍ മത്സരക്രമം പുറത്ത് വിട്ടിട്ടില്ല എന്നതാണ് അത്. സാധാരണ മാസങ്ങള്‍ക്ക് മുമ്പേ ഐപിഎല്‍ ഷെഡ്യൂളുകള്‍ ബിസിസിഐ പുറത്ത് വിടും എന്നിരിക്കയൊണ് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ബിസിസിഐ ഷെഡ്യൂളുകള്‍ പുറത്ത് വിടാത്തത്.

എന്നാല്‍ ഇക്കാര്യത്തിന് പിന്നില്‍ ആരാധകര്‍ ആശങ്കപ്പെടേണ്ട ഒരു കാര്യവുമില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കോവിഡ് തന്നെയാണ് ബിസിസിഐയെ ഷെഡ്യൂള്‍ പുറത്ത് വിടുന്നതില്‍ നിന്ന് തടയുന്നത്. ടീമിലെ ഏതെങ്കിലും ഒരു താരത്തിന് കോവിഡ് ബാധ സ്ഥിരീകരിച്ചാല്‍ മത്സരം ചിലപ്പോള്‍ നീട്ടിവെക്കേണ്ട അവസ്ഥയുണ്ടായേക്കും. നേരത്തെ ഷെഡ്യൂള്‍ പുറത്തുവിട്ടാല്‍ ആശയക്കുഴപ്പം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതാണ് ബിസിസിഐ ഇപ്രകാരമൊരു നീക്കം നടത്തുന്നത്.

കൂടാതെ ഐപിഎല്ലിന് മുമ്പായി ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മില്‍ പരിമിത ഓവര്‍ പരമ്പര ഇംഗ്ലണ്ടില്‍ കളിക്കുന്നുണ്ട്. മൂന്ന് വീതം ഏകദിനവും ടി20യും അടങ്ങുന്ന പരമ്പരയ്ക്ക് ശേഷം സെപ്റ്റംബര്‍ 17, 18 തീയ്യതികളിലായി മാത്രമെ ഇംഗ്ലണ്ട്, ഓസ്ട്രേലിയ താരങ്ങള്‍ ഐപിഎല്ലിനായി എത്തുകയുള്ളൂവെന്നാണ് വിവരം. നിലവിലെ കോവിഡിന്റെ പശ്ചാത്തലത്തില്‍ ചുരുങ്ങിയത് നാല് ദിവസത്തെ വിശ്രമം എങ്കിലും ഇവര്‍ക്ക് കൊടുക്കേണ്ടി വരും. അതിനാല്‍ത്തന്നെ ഓസീസ്,ഇംഗ്ലണ്ട് താരങ്ങള്‍ കുറവുള്ള ടീമുകളുടെ മത്സരം ആദ്യം നടത്താനാണ് ബിസിസിഐ ആലോചിക്കുന്നതെന്നാണ് വിവരം.

കൂടാതെ ആരാധകരുടെ താല്‍പര്യവും പരിഗണിക്കണം. അതിനാല്‍ വിദേശ താരങ്ങളുടെ പങ്കാളിത്തത്തിന്റെ സമയം ഉറപ്പാക്കിയ ശേഷം മത്സരത്തിന്റെ ക്രമം പ്രഖ്യാപിക്കാമെന്ന നിലപാടിലാണ് ബിസിസിഐ. ഈ ആഴ്ച മത്സരക്രമം പുറത്തുവിട്ടേക്കുമെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്.

സെപ്റ്റംബര്‍ 19 മുതലാണ് ഐപിഎല്‍ ആരംഭിക്കുന്നത്. കോവിഡ് കാരണം യുഎഇയിലാണ് ഇപ്രാവശ്യത്തെ ടൂര്‍ണമെന്റ് നടക്കുക.