മെഗാ ലേലം രണ്ടാം ദിനവും സർപ്രൈസ്; വിദേശ താരത്തിന് കണ്ണഞ്ചിക്കുന്ന വില

Image 3
CricketIPL

ഐപിഎല്‍ മെഗാ താരലേലത്തിന്റെ രണ്ടാം ദിവസം ലേല നടപടികള്‍ ആരംഭിച്ചു. 503 താരങ്ങൾക്കായാണ് ഇന്ന് ലേലംനടക്കുക. ലേലത്തിൽ 98 മുതൽ 161 വരെയുള്ള കളിക്കാരെ ലേലത്തിൽ അവതരിപ്പിക്കും.ശേഷമുള്ള 439 കളിക്കാരില്‍ ഫ്രാഞ്ചൈസികള്‍ ആവശ്യപ്പെടുന്ന താരങ്ങൾക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കാനാവൂ. എല്ലാ ഫ്രാഞ്ചൈസികളോടും 20 വീതം കളിക്കാരുടെ പേര് എഴുതിനൽകാന്‍ ഫ്രാഞ്ചൈസികളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

 രണ്ടാമത്തെ ദിവസത്തിന്റെ തുടക്കത്തിൽ തന്നെ അജിന്‍ക്യ രഹാനെയെ ഒരു കോടി രൂപയ്‌ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയതാണ് നല്ല വാർത്ത. ദക്ഷിണാഫ്രിക്കൻ താരം ഏയ്ഡന്‍ മാര്‍ക്രത്തെ 2.60 കോടിരൂപ മുടക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്‌ ടീമിലെത്തിച്ചു.

11.50 കോടിക്ക് സ്വന്തമാക്കി പഞ്ചാബ് കിങ്‌സ് ടീമിലെത്തിച്ച ലിയാം ലിവിങ്സ്റ്റനാണ് രണ്ടാമത്തെ ദിവസം ആദ്യ മണിക്കൂറുകളിലെ താരം. ഇന്ത്യൻ താരം ജയന്ത് യാദവ് 1.70 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സിലുമെത്തി. വിജയ് ശങ്കർ 1.40 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സിലും, ഒഡീന്‍ സ്മിത്ത് 6 കോടിക്ക് പഞ്ചാബ് കിങ്‌സിലും എത്തി.

ശിവം ദുബെ 4 കോടിക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സിലും, കൃഷ്ണപ്പ ഗൗതം 90 ലക്ഷം രൂപക്ക് ലക്‌നൗ സൂപ്പർ ജയിന്റ്സിലും എത്തി. ഇന്ത്യൻ യുവ പേസർ ഖലീല്‍ അഹമ്മദിനെ 5.25 കോടിക്ക് ഡല്‍ഹി ക്യാപ്പിറ്റല്‍സ് സ്വന്തമാക്കി. ചേതൻ സക്കറിയ 4.2കോടിക്ക് ഡൽഹി ക്യാപിറ്റൽസിൽ, സന്ദീപ് ശർമ 50 ലക്ഷം രൂപക്ക് പഞ്ചാബ് കിങ്‌സിൽ, നവദീപ് സൈനി 2.60 കോടിക്ക് രാജസ്ഥാൻ റോയൽസിൽ എന്നിങ്ങനെ മറ്റു യുവ പേസർമാർക്കും ഭേദപ്പെട്ട തുക ലേലത്തിൽ ലഭിച്ചു.

അതെ സമയം, ജെയിംസ് നീഷം, ഡേവിഡ് മാലന്‍, ഓയിന്‍ മോര്‍ഗന്‍, മാര്‍നസ് ലബുഷെയ്‌ന്‍, ആരോണ്‍ ഫിഞ്ച്, സൗരഭ് തിവാരി, ചേതേശ്വര്‍ പുജാര, ഇഷാന്ത് ശർമ, ലുങ്കി എന്‍ഗിഡി എന്നീ വമ്പൻ താരങ്ങളെ ആദ്യ ഘട്ടത്തിൽ ആരും വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ചില്ല.