ഐപിഎല്ലിനിടെ ചാരപ്രവര്‍ത്തനത്തിന് കോഹ്ലി, കൈയ്യോടെ പിടിച്ച് കിവീസ് താരം

Image 3
CricketIPL

ഐപിഎല്‍ നടക്കുമ്പോള്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന ആശങ്കകളില്‍ ഒന്നാണ് രഹസ്യങ്ങള്‍ ചോരുമോ എന്ന ഭയം. വിവിധ രാജ്യങ്ങളിലെ പ്രധാന താരങ്ങള്‍ ചേരുമ്പോള്‍ അത് ഒരു രാജ്യന്തര ടീമുകളുടേയും രഹസ്യങ്ങള്‍ ചോരാനുളള സാധ്യത കൂടുതലാണ്.

വിവരങ്ങള്‍ ചോരാതിരിക്കാന്‍ ഒരോ രാജ്യന്തര ടീമും തങ്ങളുടെ കളിക്കാര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കിയ ശേഷമാണ് ടി20 ക്രിക്കറ്റ് ലീഗുകളിലേക്ക് പറഞ്ഞയക്കാറ്.

എന്നാല്‍ ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മുന്നില്‍ കണ്ട് ന്യൂസിലന്‍ഡ് പേസര്‍ കൈല്‍ ജാമിസന്റെ പന്തുകളെ പഠിക്കാന്‍ കോഹ്ലി നടത്തിയ നീക്കം പൊളിഞ്ഞതിന്റെ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് ഇരുവരുടെയും സഹതാരമായ ഡാന്‍ ക്രിസ്റ്റ്യന്‍. ബംഗളൂരു റോയല്‍ ചാലഞ്ചേഴ്സിന്റെ പരിശീലന വേളയിലാണ് സംഭവം.

‘ഞങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റിനെക്കുറിച്ചു സംസാരിക്കുകയായിരുന്നു. ടെസ്റ്റിന് ഉപയോഗിക്കുന്ന ഡ്യൂക്ക് പന്തുകള്‍ തന്റെ കയ്യിലുണ്ടെന്നു ജാമി വെളിപ്പെടുത്തി. നെറ്റ്സില്‍ ആ പന്തുകള്‍ ഉപയോഗിച്ച് എറിഞ്ഞാല്‍ സന്തോഷമാകുമെന്ന് ഉടന്‍ കോഹ്ലി പറഞ്ഞു. ക്ഷമിക്കണം, പറ്റില്ലെന്നായിരുന്നു ജയ്മിയുടെ മറുപടി’ ഡാന്‍ ക്രിസ്റ്റ്യന്‍ പറഞ്ഞു. ജാമിയുടെ ബോളിംഗ് ശൈലിയുടെ രഹസ്യങ്ങള്‍ പിടിച്ചെടുക്കാനുള്ള കോഹ്ലിയുടെ ശ്രമമാണ് ഇതോടെ വിഫലമായത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായി വില്ല്യംസണിന്റെ നേതൃത്വത്തിലുള്ള 20 അംഗ ടീമിനെ ഇതിനോടകം ന്യൂസിലന്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വര്‍ഷം ജൂണ്‍ 18 മുതല്‍ 22 വരെയാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. ഇംഗ്ലണ്ടാണ് ഫൈനല്‍ മത്സരത്തിന്റെ വേദി.