ഐപിഎല്‍ രണ്ടാം ഘട്ടം ആ രാജ്യത്ത് തന്നെ, സമയ ക്രമം ഇങ്ങനെ

Image 3
CricketIPL

കോവിഡ് മഹാമാരി മൂലം പാതി വഴിയില്‍ നിര്‍ത്തിവെച്ച ഐപിഎല്‍ 14ാം സീസണിന്റെ രണ്ടാം ഘട്ട മല്‍സരങ്ങള്‍ യുഎഇയില്‍ തന്നെ നടക്കുമെന്ന് ഉറപ്പായി. ബിസിസിഐയുടെ മുതിര്‍ന്ന ഒഫീഷ്യലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രമുഖ വാര്‍ത്ത ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

സെപ്തംബര്‍ 18 അല്ലെങ്കില്‍ 19നായിരിക്കും രണ്ടാം ഘട്ട മല്‍സരങ്ങള്‍ ആരംഭിക്കുക. 10 ഡബിള്‍ ഹെഡ്ഡറുകളുണ്ടാവും. മൂന്നാഴ്ച കൊണ്ടു തന്നെ സീസണ്‍ അവസാനിപ്പിക്കാനാണ് ബിസിസിഐയുടെ നീക്കം.

ഒക്ടോബര്‍ 9 അല്ലെങ്കില്‍ 10നായിരിക്കും ഐപിഎല്‍ ഫൈനല്‍. 29 മല്‍സരങ്ങളാണ് ഈ സീസണില്‍ പൂര്‍ത്തിയായിട്ടുള്ളത്. 31 മല്‍സരങ്ങള്‍ ഇനിയും ബാക്കിയുണ്ട്. ഇവ കൂടുതല്‍ ഡബിള്‍ ഹെഡ്ഡറുകള്‍ ഉള്‍പ്പെടുത്തിയാല്‍ മൂന്നാഴ്ച കൊണ്ട് തീര്‍ക്കാന്‍ കഴിയും.

ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മല്‍സരം സപ്തംബര്‍ 14ന് മാഞ്ചസ്റ്ററിലാണ്. തൊട്ടടുത്ത ദിവസം ഹനുമാ വിഹാരി, അഭിമന്യു ഈശ്വരന്‍ എന്നിവരൊഴികെയുള്ള ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്ലിനായി യുഎഇയിലേക്കു തിരിക്കും. ഇംഗ്ലണ്ടിലെ ബയോ ബബ്ള്‍ നിലനിര്‍ത്തിയാവും ഇന്ത്യ യുഎഇയിലേക്കു പറക്കുന്നത്. മാഞ്ചസ്റ്ററില്‍ നിന്നും ദുബായിലേക്കു ഒരേ ചാര്‍ട്ടേഡ് വിമാനത്തില്‍ തന്നെയാവും ഐപിഎല്ലില്‍ ഉള്‍പ്പെട്ടിരിക്കുന്ന താരങ്ങള്‍ യാത്ര തിരിക്കുക. കരീബിയന്‍ പ്രീമിയര്‍ ലീഗിനു ശേഷം വിന്‍ഡീസ് താരങ്ങള്‍ ദുബായിലെത്തും.

ചില ഫ്രാഞ്ചൈസികളിലെ താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു മേയ് നാലിനായിരുന്നു ഐപിഎല്‍ നിര്‍ത്തിവയ്ക്കുന്നതായി ബിസിസിഐ പ്രഖ്യാപിച്ചത്. ഇന്ത്യയിലെ സാഹചര്യം കൂടുതല്‍ മോശമായതിനാല്‍ ബാക്കിയുള്ള മല്‍സരങ്ങള്‍ ഇവിടെ നടത്താന്‍ കഴിയില്ലെന്നു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.

ഇംഗ്ലണ്ട്, യുഎഇ എന്നിവയായിരുന്നു വേദികളിലായി പരിഗണിക്കപ്പെട്ടിരുന്നത്. ഒടുവില്‍ യുഎഇയില്‍ തന്നെ രണ്ടാംഘട്ട മല്‍സരങ്ങള്‍ സംഘടിപ്പിക്കാന്‍ ബിസിസിഐ ഇപ്പോള്‍ ഏറെക്കുറെ തീരുമാനിച്ചിരിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം ഈയാഴ്ചയുണ്ടായേക്കും.