ജാദവിനെ ഭാഗ്യം തുണച്ചു, രണ്ടാം റൗണ്ടില്‍ ആ ടീം സ്വന്തമാക്കി

ഐപിഎല്‍ 14ാം സീസണില്‍ കേദര്‍ ജാദവിനെ സ്വന്തമാക്കി സണ്‍റൈസസ് ഹൈദരാബാദ്. അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്കാണ് സണ്‍റൈസസ് ഹൈദരാബാദ് കേദര്‍ ജാദവിനെ സ്വന്തമാക്കിയത്. ആദ്യ റൗണ്ടില്‍ ആരും വാങ്ങാതിരുന്ന കേദാറിനെ രണ്ടാം റൗണ്ടില്‍ ഹൈദരാബാദ് സ്വന്തമാക്കുകയായിരുന്നു.

ഇത്തവണ അണ്‍സോള്‍ഡ് ആകുമെന്ന് കരുതിയിടത്തുനിന്നാണ് രണ്ട് കോടി രൂപയ്ക്ക് കേദാര്‍ ഹൈദരാബാദിലെത്തിയത്. നേരത്തെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ജാദവിനെ ഒഴിവാക്കിയിരുന്നു.

മധ്യനിരയില്‍ സീനിയര്‍ ബാറ്റ്സ്മാന്റെ അഭാവം ഹൈദരാബാദിനുണ്ട്. ഈ പൊസിഷനിലേക്കാവും കേദാറിനെ പരിഗണിക്കുക. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ കേദാറിന് സാധിച്ചിരുന്നു. എന്നാല്‍ ഏറെ നാളായി ഇന്ത്യന്‍ ടീമിന് പുറത്തുള്ള കേദാറിന് ഇത്തവണ ഫോം കണ്ടെത്താന്‍ സാധിക്കുമോയെന്ന് കണ്ടറിയാം.

പരിക്കിന്റെയും ലോക്ഡൗണിന്റെയും നീണ്ട ഇടവേളയ്ക്ക് ശേഷം കളിക്കാനെത്തിയ കേദാറിന് അവസാന സീസണില്‍ തിളങ്ങാനായില്ല. 8 മത്സരത്തില്‍ നിന്ന് നേടിയത് വെറും 62 റണ്‍സ്. സ്ട്രൈക്കറേറ്റ് 93.03 മാത്രം. വലിയ വിമര്‍ശനവും താരം നേരിട്ടതോടെ സിഎസ്‌കെ താരത്തെ ഒഴിവാക്കി. 2018ല്‍ 7.8 കോടിക്കാണ് കേദാര്‍ ജാദവിനെ സ്വന്തമാക്കിയത്.

You Might Also Like