ഇക്കാര്യമില്ലെങ്കില്‍ ഇനി ടീമുകള്‍ക്ക് ജയിക്കാന്‍ എളുപ്പമല്ല, പുതിയ സീസണ്‍ വിളിച്ച് പറയുന്ന സത്യങ്ങള്‍

Image 3
CricketIPL

ധനേഷ് ദാമോദരന്‍

സിറാജിന്റെ മെയ്ഡന്‍ ഓവര്‍ ഒരു പ്രതീക്ഷ നല്‍കിയെങ്കിലും 2 ഓവറില്‍ 12 റണ്‍സില്‍ നിന്നും 6 ഓവറില്‍ 50 ലെത്തിയപ്പോഴേക്കും സണ്‍റൈസസ് ഹൈദരാബാദും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും യും തമ്മിലുള്ള ടോപ്പ് ഓര്‍ഡറിലെ വ്യത്യാസം വെളിപ്പെട്ടു കഴിഞ്ഞിരുന്നു .

ഏത് സമയത്തും ഫോമിലെത്തി തുടര്‍ച്ചയായി ബൗണ്ടറികള്‍ പായിക്കുന്ന വാര്‍ണര്‍ ഫോമിലെത്തുകയും ജാമിസണ്‍ നിറം മങ്ങുകയും ചെയ്തതോടെ സീസണിലെ ആറാം മത്സരത്തിന്റെ വിധി നേരത്തെ തീരുമാനിക്കപ്പെട്ടതു പോലെ തോന്നി .

ജോണി ബെയര്‍ സ്റ്റോ ഉണ്ടായിട്ടും സാഹയെ ഫ്രീ വിക്കറ്റ് ആയി ഉപയോഗിക്കുന്ന രീതി സാഹക്കും ടീമിനും ഗുണം ചെയ്യില്ലെന്ന് ഏതാണ്ട് ഉറപ്പിച്ച രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നു. മിഡില്‍ ഓര്‍ഡര്‍ ദുര്‍ബലമായ ടീമിന്റെ തുടക്കവും ദുര്‍ബലമാകാനേ അത് സഹായിക്കുന്നുള്ളു .

അന്താരാഷ്ട്ര പരിചയവും കഠിനാധ്വാനവും ഒരാളെ എത്ര മികച്ചവനാക്കുമെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണം സിറാജ് തന്നെ. തന്നില്‍ നിന്നു പ്രതീക്ഷിക്കുന്നതിന്റെ ഇരട്ടിയാണ് സിറാജ് ഇന്നും ടീമിന് നല്‍കിയത്. ഓപ്ഷനുകള്‍ നിരവധി ഉണ്ടായിട്ടും ചഹലിന്റെ നാല് ഓവറുകള്‍ പൂര്‍ത്തീകരിക്കുന്നതില്‍ മാത്രം ശ്രദ്ധ ചെലുത്തുന്നതിലും സുന്ദറിനെ കാര്യമായി ഉപയോഗിക്കാന്‍ മടിക്കുന്ന കോഹ്ലിയെ ഇന്നും കണ്ടു .

150 റണ്‍സ് പിന്തുടരുമ്പോള്‍ 10 ഓവറില്‍ 80 എന്നത് വളരെ സുരക്ഷിതമാണ് .കൂടാതെ നഷ്ടമായത് ഒരു വിക്കറ്റ് മാത്രവും. 60 പന്തില്‍ 9 വിക്കറ്റ് ശേഷിക്കെ വേണ്ടത് 70 റണ്‍ മാത്രം. തോല്‍ക്കാന്‍ കഴിഞ്ഞ രാത്രി കൊല്‍ക്കത്തയ്ക്ക് സംഭവിച്ചതിനേക്കാള്‍ ദുരന്തം വേണ്ടി വരും എന്നുറപ്.

14ാം ഓവറില്‍ വാര്‍ണര്‍ പുറത്തായത് ചെറിയ ഒരു സൂചന മാത്രമായിരുന്നു. സ്റ്റന്‍ഡ് കിട്ടിയിട്ടും ആക്രമിക്കാന്‍ പാണ്ഡെ മടിച്ചപ്പോള്‍ റണ്‍സുകളും വറ്റാന്‍ തുടങ്ങി. 15 ഓവറില്‍ 2 ന് 108 വരെ കാര്യങ്ങള്‍ സുരക്ഷിതം.

കോഹ്ലിക്ക് വേണ്ടിയിരുന്നത് ഒരു അത്ഭുതമായിരുന്നു. അടുത്ത മാച്ചില്‍ ബലിയാട് ആയി ടീമിന് പുറത്ത് പോകാന്‍ തയ്യാറാക്കി വെച്ച ഷാബാസ് അഹമ്മദ് ഒരു വെളിപാട് പോലെ ഏഴാം ബൗളറായി എറിഞ്ഞ 15 ആം ഓവര്‍ ഒരു ചൂണ്ടുപലകയായിരുന്നു. പിറന്നത് 6 റണ്‍ മാത്രം .

ഷാബാസിന്റെ അടുത്ത ഓവറില്‍ അനിവാര്യമായത് സംഭവിച്ചു. ബെയര്‍ സ്റ്റോ , പാണ്ഡെ , അബ്ദുള്‍ സമദ് .വന്‍ തോക്കുകള്‍ ഒരു പോലെ നിശ്ശബ്ദം .തലേ ദിവസത്തെ കെകെആര്‍ ഭൂതം ഹൈദരാബാദിനെ നിശ്ശബ്ദമായി പിടികൂടുകയായിരുന്നു .

ഒടുവില്‍ 2 ഓവറില്‍ 27 റണ്‍സ്. റാഷിദ് ഖാന്‍ സിറാജിന്റെ ആദ്യ പന്ത് സിക്‌സര്‍ പറത്തുമ്പോള്‍ പഴയ സിറാജ് ബംഗളൂരുവിനെ ചതിക്കുമെന്ന് കരുതി .പക്ഷെ ഹോള്‍ഡറെ പുറത്താക്കി സിറാജിന്റെ തിരിച്ചു വരവ് .

15 പന്തുകള്‍ക്കിടെ വീണത് അവിശ്വസനീയമായ തരത്തില്‍ 5 വിക്കറ്റുകള്‍ . അവസാന ഓവറില്‍ ഒരു കാമിയോ വഴി റാഷിദ് താരമാകുമെന്ന് തോന്നിച്ച അതേ നിമിഷം കഴിഞ്ഞ കളിയിലെ ഹീറോ ഹര്‍ഷല്‍ പട്ടേലിന് വീണ്ടും ഹീറോ ആകാനായിരുന്നു വിധി .

അന്തിമ വിശകലനത്തില്‍ 4 ഓവറില്‍ 25 വീതം റണ്‍ വഴങ്ങി 2 വിക്കറ്റുകള്‍ വീതം വീഴ്ത്തിയ സിറാജും ഹര്‍ഷല്‍ പട്ടേലും നിര്‍ണായകമായി എന്ന് പറയാം. ഒപ്പം ഷാബാസിന്റെ മാന്ത്രിക ഓവറും .

13 ആം ഓവറില്‍ 91 ന് 2 എന്ന നിലയില്‍ നിന്നും 143 ന് 9 ലേക്ക് തകര്‍ന്ന് ബംഗളൂരുവിന് രണ്ട് പോയിന്റ് സമ്മാനിച്ചതില്‍ അവര്‍ക്ക് സ്വയം പഴിക്കാം . IPL 14ാം സീസണ്‍ ഒരു കാര്യം വിളിച്ചു പറയുന്നു. നല്ല ഒരു മിഡില്‍ ഓര്‍ഡര്‍ ബാറ്റിങ്ങ് നിര ഇല്ലെങ്കില്‍ മുന്നോട്ട് പോകുക എളുപ്പമല്ല .

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍