ഐപിഎല്ലില്‍ നിന്ന് ഇംഗ്ലീഷ് താരങ്ങള്‍ പിന്മാറും, വെളിപ്പെടുത്തലുമായി ഇംഗ്ലീഷ് താരം
ഐ.പി.എല്‍ 14ാം സീസണ്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചില മുന്നറിയിപ്പുകളുമായി ഇംഗ്ലണ്ട് മുന്‍ താരം മൈക്കല്‍ വോണ്‍. ഇംഗ്ലണ്ടിന്റെ ചില കളിക്കാര്‍ ഐ.പി.എല്ലില്‍ നിന്നും പിന്മാറുമെന്നാണ് വോണ്‍ പറഞ്ഞിരിക്കുന്നത്.
ബയോ ബബ്‌ളില്‍ നിന്നും മറ്റൊരു ബബ്‌ളിലേക്കു മാറുന്നത് താരങ്ങള്‍ക്ക് മാനസികമായി ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതാണെനന്നും ഇതാണ് താരങ്ങള്‍ കടുത്ത തീരുമാനത്തിനൊരുങ്ങുന്നതെന്നുമാണ് വോണ്‍ പറയുന്നത്.
‘ഇംഗ്ലണ്ടിന്റെ ചില കളിക്കാര്‍ ഐ.പി.എല്ലില്‍ നിന്നും പിന്മാറുകയാണെങ്കില്‍ അതു എന്നെ ആശ്ചര്യപ്പെടുത്തില്ല. ടൂര്‍ണമെന്റില്‍ നിന്നും മുഴുവനായി പിന്മാറുമെന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ പകുതിയില്‍ വെച്ച് ചിലര്‍ നാട്ടിലേക്കു മടങ്ങുമെന്നാണ് കരുതുന്നത്. ഐ.പി.എല്‍ വിദേശതാരങ്ങളെ സംബന്ധിച്ച് ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റാണ്. ഈ ബയോ ബബ്‌ളില്‍ ഞങ്ങള്‍ ഒരുപാട് കഴിഞ്ഞു. ഇനിയും ഇതു താങ്ങാന്‍ കഴിയില്ലെന്നു അറിയിച്ചാവും ഇവരുടെ പിന്മാറ്റം.’ വോണ്‍ പറയുന്നു.
‘ജോഫ്ര ആര്‍ച്ചറിനെ നോക്കൂ. കൈമുട്ടിലെ പരിക്കു കാരണം അദ്ദേഹം ഐ.പി.എല്ലിന്റെ തുടക്കത്തിലെ കുറച്ചു മല്‍സരങ്ങളില്‍ കളിക്കുന്നില്ല. ആര്‍ച്ചര്‍ക്കു വിശ്രമം ആവശ്യമാണ്. അത് എത്ര ദിവസങ്ങള്‍ വേണ്ടി വരുമെന്ന് പറയാന്‍ കഴിയില്ല. ഐ.പി.എല്ലില്‍ നിന്നും ആര്‍ച്ചര്‍ വിട്ടു നില്‍ക്കുകയാണെങ്കില്‍ അതും എന്നെ അദ്ഭുതപ്പെടുത്തില്ല. നമുക്ക് കാത്തിരുന്നു കാണാം’ വോണ്‍ പറഞ്ഞു.
ഏപ്രില്‍ 9 നാണ് ഐ.പി.എല്‍ 14ാം സീസണ്‍ ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. ചെന്നൈയാണ് ഉദ്ഘാടന മത്സരത്തിന് വേദിയാകുന്നത്. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ ആറു വേദികളിലായാണ് ടൂര്‍ണമെന്റ് നടക്കുക. മേയ് 30നാണ് ഫൈനല്‍.