വാര്‍ണര്‍ക്കായി വലയെറിഞ്ഞ് രാജസ്ഥാന്‍ ഉള്‍പ്പെടെ മൂന്ന് ടീമുകള്‍

Image 3
CricketIPL

ഐപിഎല്ലില്‍ സണ്‍റൈസസ് ഹൈദരാബാദിന്റെ നായക സ്ഥാനത്ത് നിന്നും പിന്നാലെ ടീമിലും സ്ഥാനം നഷ്ടമായ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണരെ സ്വന്തമാക്കാനുളള നീക്കവുമായി മൂന്ന് ഐപിഎല്‍ ഫ്രാഞ്ചസികള്‍. 2022ല്‍ മെഗാ താരലേലം നടക്കാനിരിക്കെയാണ് ഡേവിഡ് വാര്‍ണറെ ടീമിലെത്തിക്കാന്‍ ടീമുകള്‍ ചരടുവലി നടത്തുന്നത്.

ഐപിഎല്ലിലെ ഈ സീസണില്‍ ഏറ്റവും നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെച്ച ടീമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്. കളിച്ച ഏഴ് മത്സരത്തില്‍ ആറിലും തോറ്റ ഹൈദരാബാദിന് ഒരു മത്സരം മാത്രമാണ് ജയിക്കാനായത്. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ് ഹൈദരാബാദ്. പാതി വഴിയില്‍ ഡേവിഡ് വാര്‍ണറെ നായകസ്ഥാനത്ത് നിന്ന് ഒഴിവാക്കിയ ഹൈദരാബാദ് പകരം കെയ്ന്‍ വില്യംസണെ നായകസ്ഥാനത്ത് എത്തിച്ചിരുന്നു. ഇതോടെ വരുന്ന സീസണില്‍ വാര്‍ണര്‍ ഹൈദരാബാദ് വിടുമെന്നുറപ്പാണ്.

വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവാണ് വാര്‍ണര്‍ക്കായി ചരട് വലി നടത്തുന്ന ഏറ്റവും പ്രധാന ടീം. വിരാട് കോലി,മുഹമ്മദ് സിറാദ്,എബി ഡിവില്ലിയേഴ്സ്,ദേവ്ദത്ത് പടിക്കല്‍ എന്നിവരെ അടുത്ത സീസണില്‍ നിലനിര്‍ത്തി ബാക്കിയുള്ള ടീമില്‍ അഴിച്ച് പണി നടത്താനുറച്ചാവും ആര്‍സിബി ഇറങ്ങുക. അതിനാല്‍ത്തന്നെ ഡേവിഡ് വാര്‍ണറെ ഓപ്പണറായി ടീമിലേക്കെത്തിക്കാന്‍ ആര്‍സിബി ആഗ്രഹിക്കുന്നു.

സഞ്ജു സാംസണ്‍ ഈ വര്‍ഷം നയിച്ച രാജസ്ഥാന്‍ റോയല്‍സും വാര്‍ണര്‍ക്കായി ശ്രമം നടത്തുന്നുണ്ട്. ജോസ് ബട്ലര്‍, ബെന്‍ സ്റ്റോക്സ്, സഞ്ജു സാംസണ്‍ എന്നിവരെ രാജസ്ഥാന്‍ നിലനിര്‍ത്താനാണ് സാധ്യത. ഓപ്പണിങ്ങിലേക്ക് മികച്ചൊരു താരത്തെ രാജസ്ഥാന് ആവിശ്യമാണ്. കൂടാതെ പരിചയസമ്പന്നനായ ഒരു നായകന്റെ സേവനവും ടീമിന് അത്യാവശ്യമാണ്. അതിനാല്‍ത്തന്നെ ഡേവിഡ് വാര്‍ണറിനായി കോടികള്‍ മുടക്കാന്‍ രാജസ്ഥാന്‍ തയ്യാറായേക്കും.

ഈ സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ ടീമുകളിലൊന്നാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ആന്‍ഡ്രേ റസല്‍ ഒഴികെ മറ്റെല്ലാവരും നിരാശപ്പെടുത്തിയ സാഹചര്യത്തില്‍ അടിമുടി മാറ്റം അടുത്ത സീസണില്‍ കെകെആറിലുണ്ടാവും. നായകന്‍ ഓയിന്‍ മോര്‍ഗനെ ടീം ഒഴിവാക്കുമെന്ന് ഉറപ്പായതിനാല്‍ പകരം ക്യാപ്റ്റനായി ഡേവിഡ് വാര്‍ണറെ എത്തിക്കാന്‍ സാധ്യത കൂടുതലാണ്. 2016ല്‍ ഹൈദരാബാദിനെ ചാമ്പ്യനാക്കിയ വാര്‍ണര്‍ കെകെആറിലെത്താനുള്ള സാധ്യത കൂടുതലാണ്.

മികച്ച ടി20 റെക്കോഡുള്ള വാര്‍ണര്‍ക്ക് ഈ സീസണില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചിട്ടില്ല. എങ്കിലും ടൂര്‍ണമെന്റില്‍ 5000ന് മുകളില്‍ റണ്‍സുള്ള,കൂടുതല്‍ അര്‍ധ സെഞ്ച്വറിയുള്ള വാര്‍ണറെ സ്വന്തമാക്കാന്‍ ശക്തമായ പോരാട്ടം തന്നെ നടന്നേക്കും.