ആ രാജസ്ഥാന്‍ താരത്തിന് സര്‍പ്രൈസ് സമ്മാനം, നാട്ടിലേക്ക് മടങ്ങും മുമ്പ് ബട്ട്‌ലര്‍ ചെയ്തത്

Image 3
CricketIPL

ഐപിഎല്ലിന്റെ 14ാം സീസണ്‍ പാതിവഴിയില്‍ നിര്‍ത്തിവെച്ചതോടെ ക്രിക്കറ്റ് ലോകം നിരാശയിലാണ്. ലീഗ് ആവേശക്കൊടുമുടി കേറുന്നതിനിടേയായിരുന്നു അപ്രതീക്ഷിതമായി ഐപിഎല്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. ഇതോടെ വിദേശ താരങ്ങളെല്ലാം നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.

ഇപ്പോഴിതാ നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സിലെ തന്റെ സഹ ഓപ്പണറായ യുവതാരം യശ്വസി ജയ്സ്വാളിന് സര്‍പ്രൈസ് സമ്മാനം നല്‍കിയിരിക്കുകയാണ് ജോസ് ബട്ലര്‍. ജയ്സ്വാളിന് എല്ലാവിധ ആശംസകളും നേര്‍ന്ന് തന്റെ ബാറ്റാണ് ബട്ലര്‍ ജയ്സ്വാളിന് നല്‍കിയത്. ഇതില്‍ നിന്റെ പ്രതിഭ ആസ്വദിക്കൂവെന്നും ബട്ലര്‍ കുറച്ചിരുന്നു.

ഇരുവരുടെയും ചിത്രം രാജസ്ഥാന്‍ തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ചിട്ടുണ്ട്. ഇത്തവണ ഓപ്പണര്‍ മനാന്‍ വോറ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെയാണ് രാജസ്ഥാന്‍ ബട്ലറുടെ പങ്കാളിയായി ജയ്സ്വാളിനെ നിയോഗിച്ചത്. അണ്ടര്‍ 19 ലോകകപ്പ് ഹീറോയായിരുന്ന ജയ്സ്വാള്‍ അവസാന സീസണോടെയാണ് ഐപിഎല്ലിലെത്തിയത്.

എന്നാല്‍ ഈ സീസണില്‍ ജയ്സ്വാള്‍ ഭേദപ്പെട്ട പ്രകടനമാണ് ഓപ്പണിങ്ങില്‍ നടത്തിയത്. അടുത്ത വര്‍ഷം മെഗാ താരലേലം നടന്നാലും രാജസ്ഥാന്‍ കൈവിടാന്‍ സാധ്യതയില്ലാത്ത താരങ്ങളിലൊരാളാണ് യശ്വസി ജയ്സ്വാള്‍.

ഇത്തവണ സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലിറങ്ങിയ രാജസ്ഥാന്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. ടൂര്‍ണമെന്റ് റദ്ദാക്കുമ്പോള്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് രാജസ്ഥാനുണ്ട്. കളിച്ച് ഏഴ് മത്സരത്തില്‍ മൂന്ന് ജയവും നാല് തോല്‍വിയുമാണ് രാജസ്ഥാന്‍ വഴങ്ങിയത്.

സണ്‍റൈസേഴ്സിനെതിരായ അവസാന മത്സരത്തില്‍ ഗംഭീര പ്രകടനമാണ് രാജസ്ഥാന്‍ കാഴ്ചവെച്ചത്. ജോസ് ബട്ലര്‍ തന്റെ കന്നി ഐപിഎല്‍ സെഞ്ച്വറിയും മത്സരത്തില്‍ നേടിയിരുന്നു. 64 പന്തില്‍ 124 റണ്‍സാണ് ബട്ലര്‍ നേടിയത്. ഇതില്‍ 11 ഫോറും എട്ട് സിക്സും ഉള്‍പ്പെടും. നായകനെന്ന നിലയില്‍ സഞ്ജു സാംസണും തിളങ്ങിയിരുന്നു. നായകനായുള്ള അരങ്ങേറ്റ ഇന്നിങ്സില്‍ത്തന്നെ സെഞ്ച്വറി നേടിയ സഞ്ജു ഏഴ് മത്സരത്തില്‍ നിന്ന് 277 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്തുണ്ടായിരുന്നു.