ഏറ്റവും വിശ്വസ്ഥന്‍! മുംബൈ മധ്യനിരയില്‍ അയാള്‍ വലിച്ചിട്ട കസേരയ്ക്ക് തരിമ്പു പോലും ഇളക്കം തട്ടില്ല

Image 3
CricketIPL

വിഷ്ണു വിജയന്‍ ടി

ലൂക്കാ ബ്രാസ്സി..!

മാരിയോ പുസ്സോ യുടെ വിഖ്യാതമായ ഗോഡ്-ഫാതര്‍ നോവലിലെ ഡോണ്‍ കോര്‍ലിയോണിന്റെ ഏറ്റവും വിശ്വസ്ഥന്‍. കൂടെ നിന്ന് ജീവന്‍ കൊടുത്തും സംരക്ഷിക്കുമെന്ന് വാക്ക് കൊടുത്ത, എന്നിരുന്നാലും സാക്ഷാല്‍ ഡോണ്‍ തന്നെ രഹസ്യമായി ഭയക്കുന്ന ഒരേ ഒരാള്‍. വന്യമായ കരുത്തും മെയ് വഴക്കവും ആവേശിച്ച ഭീമാകാരനായ മനുഷ്യന്‍. ലൂക്കാ ബ്രാസ്സി!

തെരുവില്‍ അപ്രതീക്ഷിതമായ ആക്രമണത്തില്‍ ഡോണ്‍ വെടിയേറ്റു വീണതിനു ശേഷം മക്കളും മറ്റു പിന്തുടര്‍ച്ചക്കാരും ആദ്യം അന്വേഷിക്കുന്നത് ലൂക്കാ ബ്രാസിയെ ആണ്. കാരണം ആ വാര്‍ത്ത അറിഞ്ഞ് കടിഞ്ഞാണ്‍ ഇല്ലാതെ എതിര്‍ പാളയത്തിലേക്ക് അയാള്‍ നടന്നു കയറിയാല്‍ ഉണ്ടാകുന്ന നാശ നഷ്ടങ്ങള്‍ തലമുറകളുടെ രക്തച്ചൊരിച്ചിലിലേക്ക് വഴി തെളിയിച്ചേക്കാം. അയാളെ തടയുക അസാധ്യം.

എത്ര വിക്കറ്റുകള്‍ പോയാലും, റണ്‍ റേറ്റ് കുത്തനെ ഉയര്‍ന്നാലും, മുംബൈ ഡഗ് ഔട്ടില്‍ ശാന്തനായി തന്റെ ഊഴം കാത്തിരിക്കുന്ന ആറടി അഞ്ചിഞ്ചുകാരനെ കാണുമ്പോള്‍ അറിയാതെ ലൂക്കാ ബ്രാസിയെ ഓര്‍മ്മ വരും. തന്റെ ശരീരത്തെ തുലനം ചെയ്തു നോക്കുമ്പോള്‍ തീരെ ചെറുതെന്ന് തോന്നിക്കുന്ന ബാറ്റുമായി അയാള്‍ ഓരോ തവണയും നടന്നു കയറിയത് എത്ര പിന്നിലെങ്കിലും ജയിച്ച് കേറാം എന്ന വിശ്വാസം എന്നെപ്പോലുള്ള എത്രയോ ഡൈ-ഹാര്‍ഡ് മുംബൈ ഇന്ത്യന്‍സ് ന്റെയും ആരാധകര്‍ക്ക് നല്‍കിക്കൊണ്ടാണ്.

ഏറ്റവും വിശ്വസ്ഥന്‍!
എത്ര തവണ കണ്ടിരിക്കുന്നു! അയാളുടെ ബാറ്റില്‍ നിന്ന് നിരധാക്ഷീണ്യം പ്രഹരിക്കപ്പെട്ട് ശരവേഗത്തില്‍ പുറപ്പെടുന്ന പന്തുകള്‍, അടുത്ത ക്യാമറ ആംഗിളിലേക്ക് കട്ട് ചെയ്യും മുന്‍പേ, അതിര്‍ത്തി വരയ്ക്കടുത്ത് കാവലായി നില്‍ക്കുന്ന ഒരാളുടെയും കയ്യിലൊതുങ്ങാതെ ഗ്യാലറിയില്‍, അതല്ലെങ്കില്‍ മേല്‍ക്കൂരകളില്‍ വിശ്രമിക്കുമെന്ന് ഉറപ്പുണ്ട്.

അത്രയും വന്യമായ പ്രഹര ശേഷി റസ്സലിനെയും ഗെയിലിനെയും പോലുള്ള പല കളിക്കാരിലും കണ്ടിട്ടുണ്ടെങ്കിലും, സാഹചര്യത്തിന് അനുസരിച്ച് പലപ്പോഴും സ്ഥാനക്കയറ്റം നല്‍കിയും, വിക്കറ്റുകള്‍ നഷ്ട്ടപ്പെടുമ്പോള്‍ ആങ്കര്‍ ചെയ്തും, അവസാനങ്ങളില്‍ കത്തിക്കയറിയും, ഇന്നത്തെ പോലെ പന്ത് കൊണ്ടും, ചിലപ്പോഴൊക്കെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തും, ചോരാത്ത കൈകള്‍ കൊണ്ടും, ബുള്ളറ്റ് വേഗത്തില്‍ തിരിച്ചെത്തുന്ന ത്രോകള്‍ കൊണ്ടും, നിറഞ്ഞാടുന്ന കീറന്‍ പൊള്ളാര്‍ഡിന് തുലനം ചെയ്യാന്‍ മറ്റൊരു കളിക്കാരനെ കണ്ടെത്തുക അസാധ്യം.

എത്ര വിമര്‍ശിക്കപ്പെട്ടാലും, സ്ഥിരത നഷ്ട്ടപ്പെട്ടാലും, ‘എരുമ മാടെന്നൊക്കെ’ വിളിച്ച് അപഹസിച്ചാലും, മുംബൈ മധ്യനിരയില്‍ അയാള്‍ വലിച്ചിട്ട കസേരയ്ക്ക് തരിമ്പു പോലും ഇളക്കം തട്ടില്ല. അപകടം മണക്കുമ്പോള്‍, എതിര്‍ നിരയില്‍ ആഹ്ലാദത്തിന്റെ ചിരികള്‍ ഉയരുമ്പോള്‍, നിശബ്ദനായി ‘ആയുധമെടുത്ത്’ അയാള്‍ വീണ്ടും വരും.

KIERON POLLARD!
The Guardian Angel of Mumbai Indians
TAKE A BOW CHAMPION!

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍